
മൃഗങ്ങളും പക്ഷികളും അടക്കം വിവിധ ജീവികളെ കുറിച്ച് അറിയാൻ മിക്കവർക്കും കൗതുകം കാണും. സോഷ്യൽ മീഡിയ സജീവമായതോടെ ഇങ്ങനെയുള്ള അനേകം വീഡിയോകൾ വൈറലായി മാറാറുമുണ്ട്. അതുവരെ പരിചയമില്ലാത്ത പല ജീവികളുടെയും പെരുമാറ്റവും ജീവിതരീതിയും എന്നുവേണ്ട സകലതും മനസിലാക്കാനാവുന്ന തരത്തിലുള്ള എത്രയെത്ര വീഡിയോകളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് അല്ലേ? അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.
ആമ സസ്യാഹാരിയാണോ, മാംസം കഴിക്കുമോ? അതും രണ്ടും ചേർന്നതാണോ? എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആമകളിൽ എല്ലാതരവും ഉണ്ട്. അത് അവയുടെ ഇനമൊക്കെ വച്ചായിരിക്കും. എന്നാൽ, ഏതെങ്കിലും ആമ പാമ്പിനെ തിന്നുന്ന രംഗം നിങ്ങൾ കണ്ടിട്ടുണ്ടോ? അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
സാധാരണയായി, മൃഗങ്ങളുടെയും പക്ഷികളുടെയും, മറ്റ് ജീവികളുടെയും, പ്രകൃതിയുടെയും ഒക്കെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്ന അമേസിങ് നേച്ചർ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോയും ഷെയർ ചെയ്തിരിക്കുന്നത്. 'ഒരു ആമ പാമ്പിനെ തിന്നുമെന്ന് തനിക്ക് അറിയില്ലായിരുന്നു' എന്ന കാപ്ഷനോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
12 മില്ല്യണിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോയിൽ ഒരു ആമ പതിയെ കല്ലുകൾക്കിടയിൽ നിന്നും പുറത്തേക്ക് വരുന്നത് കാണാം. വെള്ളത്തിൽ ഒരു പാമ്പുണ്ട്. പെട്ടെന്ന് ആമ പുറത്തേക്ക് വരുന്നതും പാമ്പിനെ അകത്താക്കുന്നതും കാണാം.
വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്. പലരിലും ഇത് കുറച്ച് അത്ഭുതമുണ്ടാക്കി. എന്നാൽ, മറ്റ് ചിലരൊക്കെ സാധാരണയായി ആമകൾ എന്തൊക്കെ കഴിക്കും, മറ്റ് ജീവികൾ എന്തൊക്കെ കഴിക്കും തുടങ്ങിയ കാര്യങ്ങളാണ് കമന്റുകളിൽ ചർച്ച ചെയ്തത്.