
മാര്‍ക്കറ്റിന്‍റെ ഇഷ്ടാനിഷ്ടങ്ങളെ തീരുമാനിക്കുന്നതില്‍ സമൂഹ മാധ്യമങ്ങൾക്കും ഇന്ന് വലിയ പങ്കുണ്ട്. ഇത്തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ തങ്ങളുടെ കോസ്മെറ്റിക് സര്‍ജറി ക്ലിനിക്കിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനുള്ള ഒരു കോസ്മെറ്റിക് ക്ലിനിക്കിന്‍റെ തന്ത്രം പക്ഷേ, പാളി. ചൈനയിലെ ഷാങ്ഹായി പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കിന്‍റെ തന്ത്രമാണ് എട്ട് നിലയില്‍ പൊട്ടിയത്. ഡോ.ഷെയാണ് ക്ലിനിക്കിലെ പ്രധാന ഡോക്ടര്‍. അദ്ദേഹം തന്‍റെ ക്ലിനിക്കില്‍ പ്ലാസ്റ്റിക് സര്‍ജറി കഴിഞ്ഞ് വിശ്രമിക്കുന്ന സ്ത്രീകളുടെ വീഡിയോയാണ് ചൈനീസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് വലിയ വിമശനം നേരിട്ടത്. വിവാദമായ വീഡിയോ പിന്നീട് മറ്റ് സമൂഹ മാധ്യമങ്ങളിലും പങ്കുവയ്ക്കപ്പെട്ടു.
'സ്ത്രീകൾക്ക് വേണ്ടി', എന്ന കുറിപ്പോടെയാണ് ഡോ. ഷെ, തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ചത്. വീഡിയോയില്‍ അദ്ദേഹത്തിന്‍റെ ക്ലിനിക്കില്‍ ആദ്യ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന നിരവധി സ്ത്രീകളെ കാണാം. എല്ലാവരുടെയും മുഖത്ത് പല വിധത്തില്‍ വെള്ള തുണി കെട്ടിയിരിക്കുന്നതും കാണാം. ചിലരുടെ മൂക്കിന് താഴെ മുതല്‍ താടി വരെയും മറ്റ് ചിലരുടെ കവിളുകളും താടിയെല്ലുകളും ഇത്തരത്തില്‍ വെള്ളത്തുണി കൊണ്ട് കെട്ടിവച്ചിട്ടുണ്ട്. ഇവര്‍ക്കിടെയില്‍ ഒരു പുരുഷനെയും കാണാം. അദ്ദേഹവും സമാന ശസ്ത്രക്രിയയ്ക്കായി എത്തിയതാണ്. വീഡിയോ വളരെ വേഗം വൈറലായി. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്തെങ്കിലും ഏറെ പേര്‍ വീഡിയോയ്ക്കെതിരെ വിമര്‍ശനവുമായെത്തി.
പ്രചോദിപ്പിക്കുന്നതിന് പകരം വീഡിയോ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്ന് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുറിച്ചത്. അതേസമയം ഏതാണ്ട് മുപ്പത് ലക്ഷത്തിലേറെ പേർ ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞു. അതേസമയം സൗന്ദര്യത്തിനായി ചിലവഴിക്കുന്ന പണത്തെ കുറിച്ചും നിരവധി പേര്‍ കുറിപ്പെഴുതി. ഇതാണോ സൗന്ദര്യം എന്നായിരുന്നു ചിലരുടെ ചോദ്യം. ഒരു ഹൊറര്‍ മൂവിയില്‍ നിന്നുള്ള ദൃശ്യം പോലെയെന്നായിരുന്നു ഒരു കുറിപ്പ്. സമൂഹത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി സ്വന്തം ശരീരം നശിപ്പിക്കരുതെന്നായിരുന്നു മറ്റ് ചിലരുടെ ഉപദേശം. കിഴക്കന്‍ ഏഷ്യയില്‍ പ്രസിദ്ധമായ 'ബേബി ഫേയി'നുള്ള ശസ്ത്രക്രികൾക്കാണ് ഡേ.ഷെയുടെ ഷാങ്ഹായി പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്ക് പ്രശസ്തി. അദ്ദേഹത്തിന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ അത്തരം മുഖങ്ങളോട് കൂടിയ നിരവധി പേരുടെ വീഡിയകൾ നേരത്തെയും പങ്കുവച്ചിരുന്നു.