
പാകിസ്ഥാന്‍റെ ദേശീയ വിമാനക്കമ്പനിയായ പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസിൽ (PIA) ഒരു ബ്രിട്ടീഷ് പൗരൻ നടത്തിയ യാത്രയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇത് പിഐഎക്ക് "ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനക്കമ്പനി" എന്ന പേരാണ് ഈ യാത്രക്കാരന്‍ പിഐഎയ്ക്ക് നല്‍കിയത്. വിമാനത്തിന്‍റെ മോശം അവസ്ഥ ചൂണ്ടിക്കാട്ടിയാണ് യാത്രക്കാരന്‍ പിഐഎയ്ക്ക് ഈ പദവി നല്‍കിയിരിക്കുന്നതെന്നും വീഡിയോയില്‍ വിശദീകരിക്കുന്നു.
യാത്രക്കാരൻ വിമാനത്തിൽ കയറുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ആദ്യമേ തന്നെ പിഐഎയെ കുറിച്ച് പുറത്ത് വന്ന ചില വാര്‍ത്തകളുടെ തലക്കെട്ടുകളുടെ സ്ക്രീന്‍ ഷോട്ടുകൾ സീൻ ഹാമണ്ട് വീഡിയോയില്‍ കാണിക്കുന്നു. അതില്‍ ലൈസന്‍സില്ലാതെ വിമാനം പറത്തിയ പൈലറ്റിനെ കുറിച്ചും മൂന്നിലൊരു പൈലറ്റുമാരും വ്യാജ ലൈസന്‍സ് ഉള്ളവരാണെന്ന വ്യോമയാന മന്ത്രിയുടെ വാക്കുകളും കാണാം. പിഐഎയുടെ പികെ 452 -ലാണ് സീന്‍ ഹാമണ്ടിന്‍റെ യാത്ര.
മോശം അവസ്ഥയിലുള്ള വിമാനത്തിന്‍റെ ഉൾവശമാണ് അദ്ദേഹം ആദ്യം പകർത്തിയത്. ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് വെച്ചിരിക്കുന്ന ഓവർഹെഡ് ബിന്നുകൾ. സീറ്റ് ഹാൻഡിലുകൾ പൊട്ടിയതും ജീർണ്ണിച്ച അവസ്ഥയിൽ ഉള്ളതുമാണ്. ഇതിന് പുറമേ കാബിനിലെ വിടവുകളിൽ പൊടി അടിഞ്ഞ് കൂടിയിരിക്കുന്നു. റെക്കോർഡിംഗ് അനുവദനീയമല്ലെന്ന് കാബിൻ ക്രൂ പറഞ്ഞെങ്കിലും, ഇയാൾ സീറ്റിലിരുന്ന ശേഷം വീണ്ടും ചിത്രീകരണം തുടർന്നതും വീഡിയോയില്‍ കാണാം. വിമാനത്തിന്‍റെ 'ദുരവസ്ഥയും' ചുറ്റുപാടും സീൻ ഹാമണ്ട് തന്‍റെ മൊബൈലില്‍ ചിത്രീകരിച്ചു.
വടക്കൻ പാകിസ്ഥാനിലെ സ്കർദു പർവത മേഖലയെക്കുറിച്ചും വിമാനം പറക്കുന്ന റൂട്ടിനെക്കുറിച്ചുമുള്ള വിവരങ്ങളും സീൻ ഹാമണ്ട് തന്‍റെ വീഡിയോയില്‍ നല്‍കുന്നു. എന്നിരുന്നാലും, പഴക്കം, തേയ്മാനം, അശ്രദ്ധ എന്നിവയുടെ ദൃശ്യങ്ങളാണ് പ്രധാനമായും ഈ വീഡിയോയിൽ വ്യക്തമാകുന്നത്. പഴകി ജീർണ്ണിച്ച നിലയിലുള്ള സീറ്റുകൾ, ട്രേ ടേബിളുകളിൽ കാര്യമായ കേടുപാടുകൾ കാണാം. കൂടാതെ ക്യാബിനിലെ പ്രതലങ്ങളിൽ അറ്റകുറ്റപ്പണികളുടെ കുറവും പ്രകടമായിരുന്നു.
അപകടകരമായ പർവ്വതങ്ങൾ പിന്നിട്ട് വിമാനം സുരക്ഷിതമായി ലാന്‍റെ ചെയ്തെന്നും വ്യാജ ലൈസന്‍സ് ആണെങ്കിലും പൈലറ്റുമാർ അവരുടെ ജോലി കൃത്യമായി ചെയ്തെന്നും സീന്‍ അവകാശപ്പെട്ടു. സീന്‍ ഹാമണ്ടിന്‍റെ ഇൻസ്റ്റാഗ്രാം വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ ഏഴ് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ആകർഷിച്ചത്. സ്വാഭാവികമായും കമന്‍റുകളില്‍ വിമർശനങ്ങളായിരുന്നു കൂടുതലും. ഒരു ഉപയോക്താവ് എഴുതിയത്, "പാകിസ്ഥാൻ എയർലൈൻസോ? അവരുടെ വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിനെക്കുറിച്ച് ഞാൻ ഒരിക്കലും ആലോചിക്കുക പോലുമില്ല." എന്നായിരുന്നു.
സുരക്ഷാ പ്രശ്നങ്ങളും നിയന്ത്രണങ്ങളിലെ പാളിച്ചകളും കാരണം യൂറോപ്യൻ യൂണിയൻ 2024 ല്‍ പിഐഎയെ വിലക്കിയതിന് പിന്നാലെയാണ് ഈ പുതിയ സംഭവം. പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസിന്‍റെ പ്രവർത്തനത്തിന് മറ്റൊരു തിരിച്ചടിയാണ് ഈ വീഡിയോ. സ്കർദു പോലുള്ള പർവത പ്രദേശങ്ങളിലൂടെയുള്ള യാത്രകൾ സ്വാഭാവികമായും ഉയർന്ന അപകട സാധ്യതയുള്ളതാണെങ്കിലും, വിമാനത്തിന്‍റെ ഉൾഭാഗത്തെ അവസ്ഥയും പ്രകടമായ അറ്റകുറ്റപ്പണിയിലെ പ്രശ്നങ്ങളും ഏറെ അപകടകരമാണെന്ന് കാഴ്ചക്കാർ പറയുന്നു. 2020 ല്‍ കറാച്ചിയിലുണ്ടായ വിമാനാപകത്തില്‍ 97 പേരാണ് മരിച്ചത്. പിഐഎയിലെ 30 ശതമാനം പൈലറ്റുമാര്‍ക്കും വ്യാജ ലൈസന്‍സാണെന്ന് റിപ്പോര്‍ട്ടുകളും പറയുന്നു. 1995 -ൽ പിഎകെയുടെ മറ്റൊരു വിമാനം തകർന്ന് 155 പേരും കൊല്ലപ്പെട്ടിരുന്നു.