
പ്രകൃതിയെ കീഴ്പ്പെടുത്തിയാണ് മനുഷ്യൻ അതിന് മുകളിൽ ഈക്കണ്ടതെല്ലാം പണിതിരിക്കുന്നത്. ഒരിക്കൽ അത് ഉപേക്ഷിക്കപ്പെട്ടാൽ അവിടെ വീണ്ടും പ്രകൃതി കീഴടക്കും. അത്തരം കാര്യങ്ങൾക്ക് നിരവധി ഉദാഹരണങ്ങൾ നമ്മുക്ക് മുന്നിലുണ്ട്. അക്കൂട്ടത്തിലേക്ക് റഷ്യയിൽ നിന്നുള്ള ഒരു വീഡിയോ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. ജോലി ആവശ്യത്തിനായി മൂന്ന് വർഷത്തേക്ക് തന്‍റെ അപ്പാർട്ട്മെന്‍റിൽ നിന്നും മാറി നിന്ന ഒരു റഷ്യക്കാരനാണ് ഈയൊരു അനുഭവം. അദ്ദേഹം പങ്കുവച്ച വീഡിയോ റഷ്യൻ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
മൂന്ന് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം അപ്പാർട്ട്മെന്‍റിൽ നിന്നും പോകുമ്പോൾ ഒരു ജനൽപ്പാളി അടയ്ക്കാൻ മറന്നു പോയിരുന്നു. ജോലി ആവശ്യം കഴിഞ്ഞ്, മൂന്ന് വർഷങ്ങൾക്ക് ശേഷം വീട് തുറന്ന് നോക്കിയപ്പോൾ അകത്ത് പാറിപ്പറക്കുന്ന നിരവധി പ്രാവുകൾ. ഒരൊറ്റ മുറിപോലും പഴയത് പോലെയില്ല. എല്ലാ മുറിയിലും പ്രാവുകൾ. ഫർണിച്ചറുകളുടെ മുകളിൽ നിരവധി കൂടുകൾ. ചില കൂടുകളിൽ മുട്ടകളുമുണ്ട്. അകം മുഴുവനും പ്രാവുകൾ കാഷ്ഠിച്ച് വച്ചിരിക്കുന്നു. തൂവലുകൾ മുറികളിൽ നിറഞ്ഞു കിടന്നു, ഒന്ന് ചവിട്ടാൻ പോലും മടിക്കുന്ന വിധത്തിലാണ് മുറികളിൽ പ്രാവിന്‍ കാഷ്ഠം നിറഞ്ഞിരിക്കുന്നത്. ഒടുവിൽ പ്രാവുകളെയെല്ലാം ഓടിച്ച് മുറി പഴയത് പോലെയാക്കാൻ അദ്ദേഹത്തിന് ചെലവായത് 2 മില്യൺ റൂബിൾ (ഏകദേശം 23 ലക്ഷം രൂപ).
ആ പ്രാവിന്‍ വീടിന്‍റെ വീഡിയോ റഷ്യൻ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുറിപ്പുമായെത്തിയത്. പ്രാവുകൾക്ക് വേണ്ടി നിങ്ങൾ നല്ലൊരു കാര്യം ചെയ്തെന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്. നിങ്ങൾക്ക് പക്ഷികളെ പേടിയില്ലെങ്കിലും ഇതൊരു മോശം പേടിസ്വപ്നമാണെന്നായിരുന്നു മറ്റൊരു കുറിപ്പ്. വീടിന്‍റെ വാതിലും ജനലും കൃത്യമായി അടച്ചോയെന്ന് നോക്കാതെയാണോ വീട് വിട്ട് പോയതെന്ന് ഒരു കാഴ്ചക്കാരൻ ഗുണദോഷിച്ചു. പ്രകൃതി തിരിച്ച് പിടിച്ച ഇടാമാണെന്നും മനുഷ്യനില്ലാതായാൽ പ്രകൃതി അവിടെ സ്വന്തമാക്കുമെന്നും മറ്റൊരു കാഴ്ചക്കാരൻ എഴുതി. ആ വീട് പ്രാവുകൾക്ക് കൊടുത്തിട്ട് നിങ്ങൾക്ക് മറ്റൊരു വീട് വാങ്ങാമായിരുന്നില്ലേയെന്നായിരുന്നു മറ്റൊരാൾ ചോദിച്ചത്. മൂന്ന് വർഷത്തിനിടെ ആരോടെങ്കിലും അവിടെയൊന്ന് കയറി നോക്കാൻ പറയാമായിരുന്നില്ലേ എന്നമുള്ള ഉപദേശവുമുണ്ടായിരുന്നു.