
റോഡിലേക്ക് പേപ്പർ കഷണങ്ങൾ വലിച്ചെറിഞ്ഞ സ്കൂൾ വിദ്യാർത്ഥികളെ ബൈക്ക് യാത്രികൻ ചോദ്യം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. 'ഘർ കെ കലേഷ്' എന്ന എക്സ് ഹാന്‍റിലിലൂടെ പുറത്തുവന്ന വീഡിയോ ഇതിനകം 87,000-ത്തിലധികം ആളുകളാണ് കണ്ടത്.
സ്കൂൾ ബസിൽ നിന്ന് റോഡിലേക്ക് പേപ്പർ കഷണങ്ങൾ വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ട ബൈക്ക് യാത്രികൻ, ബസിനെ പിന്തുടർന്ന് നിർത്തിക്കുകയും തുടർന്ന് ബസിനുള്ളിൽ കയറി വിദ്യാർത്ഥികളെ ചോദ്യം ചെയ്യുകയുമായിരുന്നു. "ഇതൊരു തമാശയാണെന്ന് കരുതുന്നുണ്ടോ?" എന്ന് അദ്ദേഹം വിദ്യാർത്ഥികളോട് ചോദിക്കുന്നുണ്ട്. സുരക്ഷാ മുൻകരുതലെന്ന നിലയിൽ വീഡിയോയിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മുഖം മറച്ചിട്ടുണ്ട്. മാർച്ച് 14-നാണ് വീഡിയോ പ്രചരിച്ചു തുടങ്ങിയത്, എന്നാൽ, ഈ സംഭവം നടന്ന കൃത്യമായ സ്ഥലമോ തീയതിയോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഈ വീഡിയോ വലിയൊരു സംവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ആളുകൾ രണ്ടു തട്ടിലാണ് അഭിപ്രായങ്ങൾ പങ്കുവെക്കുന്നത്. ബൈക്ക് യാത്രക്കാരന്‍റെ നടപടിയെ പിന്തുണയ്ക്കുന്നവർ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. പൗരബോധം വളർത്താൻ ഇത്തരം ഇടപെടലുകൾ അനിവാര്യമാണെന്ന് ഇവർ വാദിക്കുന്നു. "എഞ്ചിനീയറിംഗ്, നീറ്റ്, ഐ.ഐ.ടി സ്വപ്നങ്ങൾ കണ്ടതുകൊണ്ട് കാര്യമില്ല, റോഡിനെ ചവറ്റുകുട്ടയാക്കരുത് എന്ന് പോലും പഠിക്കാത്തവർക്ക്, ബൈക്കിലെ ആ വ്യക്തി നൽകിയ പാഠം വലിയൊരു വിദ്യാഭ്യാസമാണ്," എന്ന് ഒരു ഉപയോക്താവ് കമന്‍റ് ചെയ്തു. തെറ്റ് ചെയ്യുമ്പോൾ അത് ചോദ്യം ചെയ്യപ്പെടണമെന്നതാണ് യഥാർത്ഥ പാഠമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
മറുഭാഗത്ത്, ബൈക്ക് യാത്രികന്‍റെ രീതിയെ പലരും ചോദ്യം ചെയ്യുന്നു. വിദ്യാർത്ഥികളെ പരസ്യമായി നാണംകെടുത്തുന്നതിന് പകരം സ്കൂൾ അധികൃതർക്ക് പരാതി നൽകുകയായിരുന്നു വേണ്ടതെന്ന് ഇവർ അഭിപ്രായപ്പെടുന്നു. "അദ്ദേഹം അവരെ പാഠം പഠിപ്പിച്ചത് ശരിയായിരിക്കാം, പക്ഷേ കുട്ടികളല്ലേ, അവരെ ഇത്രത്തോളം ശകാരിക്കേണ്ടിയിരുന്നില്ല," എന്ന് മറ്റൊരാൾ പ്രതികരിച്ചു.