
യാത്രയ്ക്കിടെ, പ്രത്യേകിച്ചും തികച്ചും അപരിചിതമായ ഒരു സ്ഥലത്ത് വച്ച് അപ്രതീക്ഷിതമായി ഭയപ്പെടുത്തുന്ന എന്തെങ്കിലും കണ്ടാൽ അസ്വസ്ഥരാവാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ, തങ്ങൾക്കുണ്ടായ അനുഭവം മറ്റൊരാൾക്കും ഉണ്ടാകാതിരിക്കട്ടെയെന്ന പ്രാർത്ഥനയിലാണ് ദമ്പതികൾ. ഇവർ തായ്‍ലൻഡ് യാത്രയ്ക്കായി എത്തിയതായിരുന്നു. തായ്‍ലൻഡിലെ പ്രശസ്തമായ ക്രാബിയിലെ ഒരു ഹോട്ടലിലായിരുന്നു ദമ്പതികൾ മുറിയെടുത്തത്. പുലർച്ചെ കണ്ണ് തുറന്ന് നോക്കിയപ്പോൾ തലയ്ക്ക് മീതെ പത്തിവിടർത്തിയ അസലൊരു മൂർഖൻ. പിന്നെ മുറിവിട്ട് ഒരോട്ടമായിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം, പുലർച്ചെ 5 മണിയോടെയാണ് സംഭവം നടന്നത്. മുറിയെടുത്ത പങ്കാളികളിൽ ഒരാൾ പുലർച്ചെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് തന്‍റെ തലയ്ക്ക് മുകളിൽ ഒരു മൂർഖൻ പത്തി വിടർത്തി നിൽക്കുന്നത് കണ്ടത്. പിന്നാലെ പാമ്പ് പാമ്പെന്ന് പറഞ്ഞ് ഇയാൾ മുറിവിട്ട് ഓടി. ഈ സമയം ഇയാളെ പങ്കാളി അതൊരു പേടി സ്വപ്നമാണെന്ന് പറഞ്ഞ് സമാധാനിപ്പിക്കാൻ നോക്കിയെങ്കിലു നടന്നില്ല. "എന്‍റെ കഴുത്തിലൂടെ ഒരു പാമ്പ് ഇഴഞ്ഞു കയറുന്നു, ഒരു കറുത്ത മൂർഖൻ!" അയാൾ നിലവിളിച്ച് കൊണ്ടിരുന്നു. പിന്നാലെ ഹോട്ടൽ ജോലിക്കാരെത്തി മുറി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ അവർ കിടക്ക മാറ്റിനോക്കിയപ്പോൾ അതിനിടെയിൽ അസലൊരു മൂർഖൻ ! പിന്നാലെ പ്രൊഫഷണൽ പാമ്പുപിടിത്തക്കാരെത്തി. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ഏകദേശം അഞ്ച് അടി നീളമുള്ള ഒരു മൂർഖനെ പിടികൂടി. പിടികൂടിയ ശേഷവും പാമ്പി ചീറ്റിക്കൊണ്ട് മുന്നോട്ട് ആയുന്നത് വീഡിയോയിൽ കാണാം.
വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മൂർഖൻ അത്രയും ലക്ഷ്വറിയായ മുറികളിൽ കയറില്ലെന്നും അതിനെ ആരെങ്കിലും മുറിയിൽ കൊണ്ട് ഇട്ടതാകാമെന്നും ചിലർ എഴുതി. അതേസമയം തായ്‍ലൻഡിൽ, പ്രത്യേകിച്ച് ക്രാബി പ്രദേശത്ത് മൂർഖൻ മാത്രമല്ല, രാജവെമ്പാല അടക്കം ധാരാളം പാമ്പുകളുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടി. എന്നാലും അഞ്ച് മണിക്ക് കണ്ണ് തുറക്കുമ്പോൾ പാമ്പിനെ കാണുകയെന്ന് പറഞ്ഞതാൽ പിന്നെ ചിലപ്പോൾ ഞാൻ കണ്ണ് പോലും തുറക്കാതെയിരിക്കുമെന്നായിരുന്നു ഒരു കാഴ്ചക്കാരൻറെ കുറിപ്പ്. മറ്റ് ചിലർ തായ്‍ലൻഡിൽ വച്ച് മൂർഖനെ കണ്ട ചിലർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. മറ്റ് ചിലർക്ക് അപ്പോഴും ഒരു മൂർഖൻ പാമ്പ് എങ്ങനെ ഒരു ആഡംബര ഹോട്ടൽ മുറിയിൽ കയറുമെന്ന സംശയത്തിലായിരുന്നു.