
ദില്ലിയിലെ ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധത്തിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് അപ്രതീക്ഷിതമായ പിന്തുണ ലഭിക്കുന്നതായി റിപ്പോർട്ടുകൾ. പ്രതിഷേധത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്ത നിരവധി പേർ സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് സമരവേദിയിലേക്ക് ഭക്ഷണവും ലഘുഭക്ഷണവും എന്തിന് വെള്ളം വരെ എത്തിച്ച് നൽകുകയാണ്. സമരവേദിയിലേക്ക് കുടിവെള്ളം കൊണ്ട് പോകാൻ പോലും ദില്ലി പോലീസ് അനുവദിക്കാതിരുന്നപ്പോൾ സമരവേദിയിൽ നിന്നും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോകൾ ഈ ഐക്യദാർഢ്യ പ്രവർത്തനങ്ങളെ ശ്രദ്ധേയമാക്കി.
This is the India we refuse to lose 🥹❤️
People sitting miles away are ordering food through Zomato and Swiggy, asking delivery partners to feed hungry protesters at Jantar Mantar
That is the Idea of India 🇮🇳 pic.twitter.com/xu49GJNmJM— Siddharth (@SidKeVichaar) July 21, 2026
പോലീസിന്‍റെ അതിക്രൂരമായ ലാത്തി ചാർജ്ജിനിടെയിലും കനത്ത മഴയിലും ഭക്ഷണവിതരണ ജീവനക്കാർ, അജ്ഞാതാരായ ആളുകൾ സമരവേദിയിലേക്കായി ഓർഡർ ചെയ്ത ഭക്ഷണപ്പൊതികളുമായെത്തി. മുംബൈയിൽ നിന്നുള്ള ഒരാൾ ഓൺലൈനായി പണം അയച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. "വിശക്കുന്ന ഏതെങ്കിലും സമരക്കാരന് ഈ ഭക്ഷണം നൽകുക" എന്ന നിർദേശത്തോടെയാണ് പലരും ഓർഡർ നൽകിയതെന്ന് വിതരണ ജീവനക്കാരൻ പറയുന്നു. അദ്ദേഹത്തിന് ആ ഓർഡർ ലഭിച്ചത് മുംബൈയിൽ നിന്നുമായിരുന്നു. ഈ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെടുകയും നിരവധി പേർ അതിനെ പൊതുജന വികാരത്തോടൊപ്പമെന്ന് പ്രശംസിക്കുകയും ചെയ്തു.
അതേസമയം ഇതുപോലുള്ള സഹായം ഒരൊറ്റപ്പെട്ട സംഭവമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. വിവിധ റെസ്റ്റോറന്‍റുകളിൽ നിന്ന് ബർഗർ, റോൾ, ബിരിയാണി, പിസ, ചായ, ലഘുഭക്ഷണം എന്നിവ അടങ്ങിയ നിരവധി പാഴ്സലുകൾ തുടർച്ചയായി സമരവേദിയിലെത്തുന്നതായി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോകളിൽ കാണാം. ചില സന്നദ്ധ സംഘടനകളും പ്രദേശവാസികളും ഭക്ഷണവിതരണത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മുമ്പും സമരക്കാർക്കായി ഭക്ഷണവും കുടിവെള്ളവും മറ്റ് അവശ്യവസ്തുക്കളും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി എത്തിച്ച സംഭവങ്ങൾ ശ്രദ്ധ നേടിയിരുന്നു.
അതേസമയം, പ്രതിഷേധം ശക്തമായതോടെ ജന്തർ മന്തർ പ്രദേശത്ത് സുരക്ഷാ നടപടികളും കർശനമാക്കി. സമാധാനപരമായി ആരംഭിച്ച പ്രതിഷേധത്തിനിടെ പൊലീസ് ഇടപെടലുണ്ടായതായും സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളെ അടക്കം ക്രൂരമായി മർദ്ധിക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾക്കിടയിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാധാരണക്കാരുടെ ഭക്ഷണം അടക്കമുള്ള സഹായങ്ങൾ സാമൂഹിക ഐക്യത്തിന്‍റെയും സഹാനുഭൂതിയുടെയും പ്രതീകമായി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ ചർച്ചയ്ക്ക് വഴിവെച്ചു. ഇതോടെ പ്രതിഷേധത്തെ കേന്ദ്ര സർക്കാർ എത്ര മാത്രം കർശനമായി അടിച്ചമർത്തുമോ അത്രയും ശക്തമായി പൊതുജനം പ്രതിഷേധക്കാർക്കൊപ്പമാണെന്ന സാന്ദേശം സമൂഹ മാധ്യമങ്ങളിലും പങ്കുവയ്ക്കപ്പെട്ടു. അതേസമയം സമരപന്തലിൽ ആവശ്യത്തിന് ഭക്ഷണമുണ്ടെന്നും ആരും ഭക്ഷണം അയക്കേണ്ടെന്നും ഭക്ഷണം അയച്ച് നൽകിയവരുടെ സ്നേഹത്തിന് നന്ദിയും സിജെപി അറിയിച്ചു.