തുടർച്ചയായി അവധികളെ മാത്രം ആശ്രയിച്ചു ജീവിക്കുന്നതിന് പകരം, ജോലി നമുക്ക് നൽകുന്ന കാര്യങ്ങളെ അംഗീകരിക്കാൻ തയ്യാറാകണമെന്നും സോന അഭിപ്രായപ്പെടുന്നുണ്ട്.

ജോലി കിട്ടിയിട്ട് വേണം ഒരു അവധിയെടുക്കാൻ എന്ന് നാം തമാശയായി പറയാറുണ്ട്. ജോലിയുടെയും അവധിയുടെയും ഈ വൈരുദ്ധ്യം തുറന്നുകാട്ടുന്ന ഒരു യുവതിയുടെ ഇൻസ്റ്റഗ്രാം വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സോന എന്ന യുവതിയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ജോലി നമുക്ക് നൽകുന്ന സ്ഥിരതയെയും സ്വാതന്ത്ര്യത്തെയും അഭിനന്ദിക്കണം എന്നാണ് സോനയുടെ അഭിപ്രായം. 'ജോലി ഉള്ളവർക്ക് ഇത് തീർച്ചയായും മനസ്സിലാകും; ജോലിയെക്കാൾ വലിയ മറ്റൊരു ഉത്സവവുമില്ല. ജോലിയില്ലാത്തപ്പോൾ എന്തെങ്കിലും ഒരു ജോലി തരൂ, ഞാൻ എന്തു ജോലിയും ചെയ്യാം എന്ന് നമ്മൾ ആഗ്രഹിക്കും. എന്നാൽ ജോലിയിൽ പ്രവേശിച്ചുകഴിഞ്ഞാലോ, 'ഇന്ന് ഒരു അവധി കിട്ടിയിരുന്നെങ്കിൽ' എന്ന് ചിന്തിച്ചു തുടങ്ങും' സോന പറയുന്നു.

തുടർച്ചയായി അവധികളെ മാത്രം ആശ്രയിച്ചു ജീവിക്കുന്നതിന് പകരം, ജോലി നമുക്ക് നൽകുന്ന കാര്യങ്ങളെ അംഗീകരിക്കാൻ തയ്യാറാകണമെന്നും സോന അഭിപ്രായപ്പെടുന്നുണ്ട്. 'നിങ്ങളുടെ ജോലിയെ ഒരു ഉത്സവമായി കാണുക. ജോലി ഉണ്ടെങ്കിൽ ജീവിതത്തിൽ സമാധാനവും സംതൃപ്തിയുമുണ്ട്. എല്ലാവരുടെയും ജോലി ഒരുപോലെയല്ലെന്ന് എനിക്കറിയാം. എങ്കിലും, ഒരു ജോലി ഉണ്ടെങ്കിൽ നിങ്ങൾക്ക് സമൂഹത്തിൽ മാന്യതയും സ്വന്തം കാലിൽ നിൽക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. അതിനാൽ അത് ആസ്വദിക്കൂ' എന്നാണ് സോന പറയുന്നത്.

View post on Instagram

നിരവധി പേരാണ് ഈ വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. 'ജോലി ചെയ്യുന്ന ഓരോരുത്തരെ സംബന്ധിച്ചും ഇത് നൂറുശതമാനം ശരിയാണ്' എന്നാണ് ഒരാൾ കുറിച്ചത്. 'ജോലിയും അവധിയും തമ്മിലുള്ള ഈ വടംവലി വളരെ സത്യമാണ്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'ഒരു ജോലിയുടെ വില അത് ഇല്ലാത്തപ്പോഴാണ് ഒരാൾക്ക് മനസ്സിലാകുന്നത്' , 'സ്ഥിരതയുള്ള ഒരു ജോലി മനഃസമാധാനം നൽകും' തുടങ്ങി ഒരുപാട് കമന്റുകൾ വേറെയും വരുന്നുണ്ട്. എന്നാൽ, ജോലിയിൽ നിന്നും ചൂഷണം ചെയ്യപ്പെടുന്നതിനെ കുറിച്ചും പലതും നഷ്ടപ്പെട്ടതിനെ കുറിച്ചും ആളുകൾ കമന്റിൽ ഓർമ്മിപ്പിക്കുന്നുണ്ട്.