വ്യാജ ടിടിഇയായി വേഷമിട്ടു, അരമണിക്കൂറിനുള്ളിൽ 1,200 പിരിച്ചെന്ന്; യുവാവിന്‍റെ വെളിപ്പെടുത്തൽ വൈറൽ, നടപടി വേണമെന്ന്

Published : Jun 12, 2026, 10:08 AM IST
Fake TTE

Synopsis

ടിടിഇയായി വേഷം കെട്ടി ടിക്കറ്റില്ലാത്ത യാത്രക്കാരിൽ നിന്ന് പണം പിരിച്ച യുവാവിന്‍റെ വീഡിയോ വൈറലായി. ബീഹാറിലെ പാട്ന ജംഗ്ഷനിൽ അരമണിക്കൂറിനുള്ളിൽ 1,200 രൂപ പിരിച്ചെന്ന് യുവാവ് അവകാശപ്പെട്ടതോടെ, റെയിൽവേ സുരക്ഷയെക്കുറിച്ച് വലിയ ചർച്ചകൾക്ക് ഇത് വഴിവച്ചു.

 

ടിടിഇയായി വേഷം കെട്ടി, ടിക്കറ്റില്ലാത്ത ട്രെയിൻ യാത്രക്കാരിൽ നിന്നും അരമണിക്കൂറിനുള്ളിൽ 1,200 രൂപ പിരിച്ചെന്ന് അവകാശപ്പെട്ട യുവാവിന്‍റെ വീഡിയോ വൈറലായി. പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ട്രെയിൻ യാത്രയിലെ സുരക്ഷിതത്വത്തെ കുറിച്ച് വലിയൊരു ചർച്ച തന്നെ ഉയർന്നു. ബീഹാറിലെ പാട്ന ജംഗ്ഷനിൽ വച്ചാണ് യുവാവ് വ്യാജ ടിക്കറ്റ് പരിശോധകന്‍റെ വേഷത്തിലെത്തി ടിക്കറ്റില്ലാത്ത ട്രെയിൻ യാത്രക്കാരിൽ നിന്നും 'പിഴത്തുക' ഈടാക്കിയത്. ടിടിഇമാരുടെ വെള്ള ഷർട്ടും കറുത്ത കോട്ടും പാന്‍റും ധരിച്ച ശിവം ഗുപ്ത എന്ന യുവാവാണ് താൻ ഏങ്ങനെയാണ് ടിടിഇയുടെ വേഷം ധരിച്ച് പിഴ ഈടാക്കിയതെന്ന് വീഡിയോയിൽ വ്യക്തമാക്കിയത്.

'സുരക്ഷാ പ്രശ്നം, നടപടി വേണം'

'ജർഖണ്ഡ് റെയിൽ ഉപയോക്താക്കൾ' എന്ന എക്സ് ഹാന്‍റിലിൽ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പാട്ന ജംഗ്ഷനിൽ വച്ച് ടിടിഇയുടെ വേഷം ധരിച്ച ശിവം ഗുപ്ത എന്നയാൾ യാത്രക്കാരെ പരിശോധിക്കുന്നുവെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഇതൊരു വെറും തമാശയല്ലെന്നും മറിച്ച് ഇത് പൊതു സുരക്ഷയെ കുറിച്ചുള്ള ഗുരുതരമായ ആശങ്കയാണ് ഉയ‍ർത്തുന്നതെന്നും കുറിപ്പിൽ പറയുന്നു. ഇത്തരം സ്റ്റണ്ടുകൾ യാത്രക്കാരെ തെറ്റിദ്ധരിപ്പിക്കുകയും റെയിൽവേയുടെ വിശ്വാസ്യത ഇല്ലാതാക്കുകയും ചെയ്യുമെന്നും മാത്രമല്ല, തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിൽ ഇത് അപകടങ്ങൾക്ക് കാരണമാകുമെന്നും കുറിപ്പിൽ പറയുന്നു. ഒപ്പം സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി ഇത്തരം പ്രവർത്തികൾ ഇനിയുണ്ടാകാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

 

 

'അരമണിക്കൂർ, 1,200 രൂപ!'

ശിവം ഗുപ്ത, ഒരു ടിടിഇയായി അഭിനയിച്ച് എത്ര സമ്പാദിക്കാമെന്ന്നോക്കാമെന്ന് പറയുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. യഥാർത്ഥ ടിക്കറ്റ് എക്സാമിനറുടെ സമീപത്ത് കൂടി പോവുകയും അദ്ദേഹം ചെയ്യുന്നതെന്തെന്ന് ശിവം ശ്രദ്ധിക്കുന്നു. ഈ സമയം റെയിൽവേ പോലീസ് ഉദ്യോഗസ്ഥരും അതുവഴി നടക്കുന്നത് കാണാം. ഇടയ്ക്ക് ശിവം പ്ലാറ്റ്ഫോമിലും ഓവർ ബ്രിഡ്ജിലും നിൽക്കുന്നവരെ സമീപിക്കുകയും ടിക്കറ്റ് ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ സമയം ടിക്കറ്റില്ലാത്തവർ, 100 ഉം, 200 ഉം നൽകി കടന്ന് പോകുന്നു. മറ്റ് ചിലർ ഓടിപ്പോകുന്നതും വീഡിയോയിൽ കാണാം. ടിക്കറ്റ് ഇല്ലാത്തവരിൽ നിന്നും 500 രൂപ വച്ച് വാങ്ങിയെന്ന് ശിവം അവകാശപ്പെട്ടു. ഒടുവിൽ റെയിവേ പ്ലാറ്റ്ഫോമിൽ നിന്ന് കൊണ്ട് അരമണിക്കൂറിനുള്ളിൽ തനിക്ക് 1200 രൂപ സമ്പാദിക്കാൻ കഴി‌ഞ്ഞെന്നും ശിവം അവകാശപ്പെട്ടു.

വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ശിവം ഗുപ്തയ്ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായി. മറ്റ് ചിലർ ഇത് റെയിവേയുടെ അനുമതിയോടെയാണോ ഷൂട്ട് ചെയ്തതെന്ന് ചോദിച്ച് കൊണ്ട് രംഗത്തെത്തി. വൈറൽ സ്റ്റണ്ടുകൾക്ക് വേണ്ടി റെയിൽവേയെ ഉപയോഗപ്പെടുത്തിയ യുവാവിനെതിരെ ശക്തമായ നടപടിവേണമെന്ന് നിരവധി പേരെഴുതി.

 

PREV
Read more Articles on
click me!

Recommended Stories

'ഉയരുന്ന തീ നാളങ്ങളും നിലവിളികളും'; യുഎസ് അക്രമിച്ച ചരക്ക് കപ്പലിൽ നിന്നുള്ള ഭയപ്പെടുത്തുന്ന വീഡിയോ
ന്യൂയോർക്കിലെ സെൻട്രൽ പാർക്കിൽ സവാരിക്കിടെ കുഴഞ്ഞ് വീണ കുതിര മരിച്ചു, വീഡിയോ