ഇതൊക്കെ കേട്ട് മുത്തശ്ശിയെത്തന്നെ സൂക്ഷിച്ചുനോക്കുന്ന കുട്ടി, അവരുടെ കൈകളിലേക്കും കാലുകളിലേക്കും വിരൽ ചൂണ്ടി, 'ഇവിടെ കൈകളിലും കാലുകളിലുമൊക്കെ അങ്ങനെ ആയല്ലോ' എന്നും നിഷ്കളങ്കമായി പറയുന്നുണ്ട്.
ഒരു കൊച്ചുകുട്ടിയും അവന്റെ മുത്തശ്ശിയും തമ്മിലുള്ളൊരു രസകരമായ സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുന്നത്. വാർദ്ധക്യത്തെക്കുറിച്ചാണ് ഇരുവരും സംസാരിക്കുന്നത്. ____vivanshadvitworld എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. വീഡിയോയിൽ മുത്തശ്ശിക്കൊപ്പം ഇരിക്കുന്ന കുട്ടി, അവരുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിക്കുന്നത്, 'ദാദി, നിങ്ങളുടെ തൊലി എന്തുകൊണ്ടാണ് ഇങ്ങനെ ഇരിക്കുന്നത്?' എന്നാണ്. വളരെ ശാന്തമായി മുത്തശ്ശി നൽകുന്ന മറുപടി ഇങ്ങനെ; 'ഞങ്ങൾക്ക് വയസ്സായി, അതുകൊണ്ടാണത്'. കുട്ടിക്ക് അപ്പോഴും കൗതുകം തീരുന്നില്ല. 'ആണോ, വയസ്സായാൽ പിന്നെ എന്താണ് സംഭവിക്കുക' എന്നാണ് അവന്റെ അടുത്ത ചോദ്യം.
ഒരു കൊച്ചുകുട്ടിക്ക് മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായി മുത്തശ്ശി അത് വിശദീകരിച്ചു നൽകുകയും ചെയ്തു. 'വയസ്സാകുമ്പോൾ ശരീരത്തിന് ചില കുറവുകളൊക്കെ ഉണ്ടാകും. നിന്റെ ശരീരം കണ്ടില്ലേ, അതുപോലെയായിരുന്നു മുൻപ് എന്റെ ശരീരവും. എന്നാൽ ഇപ്പോൾ എന്റെ ശരീരത്തിന് ക്ഷീണവും കുറവുകളും വന്നു തുടങ്ങി. ആഹാരം കഴിക്കുന്നത് കുറയും, വെള്ളം കുടിക്കുന്നത് കുറയും, പഴയപോലെ പണികളൊന്നും ചെയ്യാൻ കഴിയില്ല... അങ്ങനെ പ്രായമാകുന്ന ഏതൊരാൾക്കും ശരീരത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കും' എന്നാണ് മുത്തശ്ശി പറയുന്നത്.
ഇതൊക്കെ കേട്ട് മുത്തശ്ശിയെത്തന്നെ സൂക്ഷിച്ചുനോക്കുന്ന കുട്ടി, അവരുടെ കൈകളിലേക്കും കാലുകളിലേക്കും വിരൽ ചൂണ്ടി, 'ഇവിടെ കൈകളിലും കാലുകളിലുമൊക്കെ അങ്ങനെ ആയല്ലോ' എന്നും നിഷ്കളങ്കമായി പറയുന്നുണ്ട്. പോപ്‌കോൺ കഴിച്ചുകൊണ്ടാണ് ഇരുവരുടെയും സ്നേഹപൂർണമായ സംസാരം. നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നതും കമന്റുകൾ നൽകിയിരിക്കുന്നതും.
സ്വന്തം മുത്തശ്ശിമാരെക്കുറിച്ചുള്ള ഓർമ്മകളും പലരും പങ്കുവച്ചു. 'ഞാനും ചെറുപ്പത്തിൽ എന്റെ മുത്തശ്ശിയുടെ തൊലി ഇതുപോലെ പിടിച്ച് വലിച്ച് നോക്കി ഇതേ ചോദ്യം ചോദിച്ചിട്ടുണ്ട്' എന്ന് ഒരാൾ കുറിച്ചു. 'എന്റെ മുത്തശ്ശിയെ ഓർമ്മ വരുന്നു. ചെറുപ്പത്തിൽ ഫോൺ ഉണ്ടായിരുന്നെങ്കിൽ എനിക്കും മുത്തശ്ശിയുടെ ഒപ്പമുള്ള ഇത്തരം നിമിഷങ്ങൾ പകർത്തി വെക്കാമായിരുന്നു' എന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്. മുത്തശ്ശിക്കും മുത്തശ്ശനുമൊപ്പം കുട്ടിക്കാലം ചെലവഴിക്കാൻ കഴിയുന്നത് ഒരു ഭാഗ്യം തന്നെയാണ് അല്ലേ?
