600 രൂപ യാത്രക്കൂലി നൽകാതെ യുവതി, പിന്നാലെ തെരുവിൽ ഏറ്റുമുട്ടി ഡ്രൈവറും യുവതിയും, വീഡിയോ

Published : Mar 13, 2026, 03:23 PM IST
Dispute over fare

Synopsis

നോയിഡയിൽ ഒരു കാബ് ഡ്രൈവറും സ്ത്രീയും തമ്മിൽ 600 രൂപ യാത്രാക്കൂലിയെ ചൊല്ലി നടന്ന തർക്കം കയ്യാങ്കളിയിൽ കലാശിച്ചു. പണം നൽകിയില്ലെന്ന് ഡ്രൈവർ ആരോപിച്ചപ്പോൾ, ഓൺലൈനായും പിന്നീട് പണമായും നൽകിയെന്ന് സ്ത്രീ വാദിച്ചു. ഈ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

 

യാത്രക്കാരും ടാക്സി ഡ്രൈവർമരും തമ്മിൽ യാത്രാക്കൂലിയെ ചൊല്ലിയുള്ള തർക്കം ഒരു പുതിയ കാര്യമല്ല. എന്നാൽ, കഴിഞ്ഞ ദിവസം നോയിഡയിൽ നടന്ന ഒരു യാത്രാക്കൂലി തർ‌ക്കം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി. ഒരു കാബ് ഡ്രൈവറും ഒരു സ്ത്രീയും തമ്മിൽ യാത്രാക്കൂലിയെ ചൊല്ലി നടന്ന തർക്കം വലിയൊരു വഴക്കായി മാറുകയായിരുന്നു. താൻ യാത്ര ചെയ്തതിന് നൽകേണ്ടിയിരുന്ന 600 രൂപ നൽകാതെ സ്ത്രീ ഒഴിഞ്ഞുമാറിയതിനെ തുടർന്നാണ് പ്രശ്നം തുടങ്ങിയതെന്നാണ് റിപ്പോർട്ട്. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ഒരാൾ പകർത്തിയ വീഡിയോയിൽ, ഡ്രൈവർ സ്ത്രീയുടെ ഫോൺ പിടിച്ചുവാങ്ങുന്നതും അവരോട് മോശമായ ഭാഷയിൽ സംസാരിക്കുന്നതും കാണാം.

ഓണ്‍ലൈൻ ട്രാൻസ്ഫർ എന്ന് യുവതി

വീഡിയോയുടെ തുടക്കത്തിൽ, ഒരാൾ " ഈ മേഡം നോയിഡയിൽ നിന്ന് ടാക്സിയിൽ വന്നതാണ്, പക്ഷേ ഇവർ പണം നൽകുന്നില്ല." എന്ന് പറയുന്നത് കേൾക്കാം. തർക്കത്തിനിടയിൽ, ഡ്രൈവർ സ്ത്രീയുടെ ബാ​ഗ് പിടിച്ച് വാങ്ങുന്നു. തുടന്ന് അവർ ബാഗ് വിട്ടുനൽകാൻ ആവശ്യപ്പെടുമ്പോൾ ഡ്രൈവർ അതിന് തയ്യാറാകുന്നില്ല. അതോടൊപ്പം തന്നെ താൻ പണം നൽകിയെന്ന് സ്ത്രീ ആവർത്തിച്ച് പറയുന്നതും വീഡിയോയിൽ കാണാം. "ഞാൻ അയച്ചിട്ടുണ്ട്, ഓൺലൈൻ വഴിയാണ് നൽകിയത്." എന്നാണ് സ്ത്രീ പറയുന്നത്. എന്നാൽ അത് കേൾക്കാതെ പോലീസ് വന്നതിന് ശേഷം മാത്രമേ താൻ ബാഗ് വിട്ടുനൽകൂവെന്ന് ഡ്രൈവറും ഉറപ്പിച്ചു പറയുന്നു.

 

 

തെളിവ് ചോദിച്ചപ്പോൾ പണം നൽകിയെന്ന്

തർക്കത്തിനിടയിൽ, ഒരു വഴിയാത്രക്കാരൻ സ്ത്രീയോട് പേയ്‌മെന്‍റ് നടത്തിയതിന് തെളിവുണ്ടോ എന്ന് ചോദിക്കുന്നു. അപ്പോൾ താൻ ക്യാഷ് ആയാണ് പണം നൽകിയതെന്ന് സ്ത്രീ പറയുന്നു. പരസ്പരവിരുദ്ധമായ അവകാശവാദങ്ങൾക്കിടയിൽ ഒടുവിൽ, ഡ്രൈവർ ആ സ്ത്രീയുടെ ബാഗ് വിട്ടുനൽകുന്നു. എന്നാൽ അവിടെയും തർക്കം അവസാനിക്കുന്നില്ല. ചുറ്റുമുള്ളവരോട് തർക്കിക്കുന്ന സ്ത്രീ, അസഭ്യമായ വാക്കുകൾ ഉപയോഗിക്കുന്നു.

 

 

സംഘർഷം

തർക്കം കൂടുതൽ രൂക്ഷമാവുകയും പെട്ടെന്ന് കാബ് ഡ്രൈവർ ആ സ്ത്രീയുടെ ഫോൺ പിടിച്ചുവാങ്ങുകയും ചെയ്യുന്നു. ഇതിന് പ്രതികരണമായി, സ്ത്രീ ഡ്രൈവറുടെ ഷർട്ടിൽ പിടിച്ച് ഫോൺ തിരികെ നൽകാൻ ആവശ്യപ്പെടുന്നു. പോലീസ് എത്തിയതിന് ശേഷം മാത്രമേ ഫോൺ തിരികെ നൽകൂ എന്ന് ഡ്രൈവർ ശഠിക്കുന്നു. അവസ്ഥ കൂടുതൽ വഷളാകുന്നതിനിടയിൽ, ഡ്രൈവർ ഓടുന്നതും പിന്നാലെ സ്ത്രീയും ഓടുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.

പരസ്പര വിശ്വാസമില്ലാത്ത സമൂഹം

ഈ സംഭവം ഓൺലൈനിൽ പലതരത്തിലുള്ള ചർച്ചകൾക്ക് വഴിവെച്ചു. ഇടപാടുകളിൽ ആളുകൾ പരസ്പരം വിശ്വസിക്കാത്ത ഒരു സമൂഹമായി ഇന്ത്യ മാറുന്നുവോ എന്ന് സംശയം തോന്നുന്നുവെന്നാണ് ഒരാൾ കുറിച്ചത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ അത് ബിസിനസ്സ് മേഖലയിലെ വിശ്വാസ്യതയെ തകർക്കുകയും സത്യസന്ധമായ കച്ചവടം കൂടുതൽ ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

PREV
Read more Articles on
click me!

Recommended Stories

വീട്ടുകാർ പ്രണയം എതിർത്തു, യുപിയിൽ പോലീസ് സ്റ്റേഷന് മുന്നിൽ കമിതാക്കളുടെ ആത്മഹത്യാശ്രമം, പിന്നാലെ അറസ്റ്റ്; വീഡിയോ
ഫോൺ ഉപയോഗിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ