വീട്ടുകാർ പ്രണയം എതിർത്തു, യുപിയിൽ പോലീസ് സ്റ്റേഷന് മുന്നിൽ കമിതാക്കളുടെ ആത്മഹത്യാശ്രമം, പിന്നാലെ അറസ്റ്റ്; വീഡിയോ

Published : Mar 13, 2026, 02:49 PM IST
 Couple attempts suicide in front of police station

Synopsis

ഉത്തർപ്രദേശിലെ ജലൗണിൽ വീട്ടുകാർ വിവാഹം എതിർത്തതിനെ തുടർന്ന് കമിതാക്കൾ പോലീസ് സ്റ്റേഷന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചു. ശരീരത്തിൽ ഡീസൽ ഒഴിച്ച് ഭീഷണിപ്പെടുത്തിയ ഇവരെ പോലീസ് അനുനയിപ്പിച്ച് കസ്റ്റഡിയിലെടുത്തു. എന്നാൽ, പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതോടെ യുവാവിനെതിരെ കേസെടുത്തു.

 

വീട്ടുകാർ വിവാഹത്തിന് സമ്മതിക്കാത്തതിനെത്തുടർന്ന് ഉത്തർപ്രദേശിലെ ജലൗൺ ജില്ലയിൽ നാടകീയമായ സംഭവങ്ങൾ അരങ്ങേറി. മാർച്ച് 10, ചൊവ്വാഴ്ച രാത്രിയാണ് പോലീസ് സ്റ്റേഷന് മുന്നിൽ വെച്ച് കമിതാക്കൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശരീരത്തിൽ ഡീസൽ ഒഴിച്ച ഇരുവരും, തങ്ങളെ വിവാഹം കഴിക്കാൻ അനുവദിച്ചില്ലെങ്കിൽ തീ കൊളുത്തി മരിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇത് പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.

പ്രണയം

പോലീസ് സ്റ്റേഷന്‍റെ കവാടത്തിന് സമീപം റോഡിലിരുന്നാണ് ഇരുവരും പ്രതിഷേധിച്ചത്. തങ്ങളുടെ വിവാഹം ഉടൻ നടത്തിത്തരണമെന്ന് ഇവർ ആവശ്യപ്പെടുന്നുണ്ടായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ആജ് തകിന്‍റെ പ്പോർട്ട് പ്രകാരം ജലൗണിലെ ഒറായ് (Orai) മേഖലയിൽ ഒരേ പ്രദേശത്ത് താമസിക്കുന്ന യുവാവും യുവതിയും ദീർഘനാളായി പ്രണയത്തിലായിരുന്നു. ഇവർ വിവാഹം കഴിക്കാൻ ആഗ്രഹിച്ചെങ്കിലും ഇരു കുടുംബങ്ങളും ഇതിന് സമ്മതിക്കാതിരുന്നതോടെയാണ് കാര്യങ്ങൾ വഷളായത്.

 

 

പ്രതിഷേധം

കുടുംബാംഗങ്ങളെ സമ്മർദ്ദത്തിലാക്കുന്നതിനായി കമിതാക്കൾ ഒറായ് കോട്‌വാലി പോലീസ് സ്റ്റേഷന്‍റെ പ്രധാന കവാടത്തിലെത്തി ശരീരത്തിൽ ഡീസൽ ഒഴിക്കുകയായിരുന്നു. തുടർന്ന് റോഡിന് നടുവിൽ ഇരുന്ന ഇവർ, തങ്ങളുടെ വിവാഹം നടത്തിക്കൊടുത്തില്ലെങ്കിൽ തീ കൊളുത്തി മരിക്കുമെന്ന് ഭീഷണി മുഴക്കി. സംഭവ സ്ഥലത്തേക്ക് ഉടൻ തന്നെ സ്റ്റേഷൻ ഓഫീസറും മറ്റ് പോലീസ് ഉദ്യോഗസ്ഥരും എത്തി, സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചു. ഏറെ നേരത്തെ അനുനയ ചർച്ചകൾക്കൊടുവിൽ, കമിതാക്കളുടെ കൈവശമിരുന്ന തീപ്പെട്ടി പിടിച്ചെടുത്ത പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.

 

 

തടഞ്ഞ് എസ്എച്ച്ഒ

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ, കമിതാക്കൾ കത്തുന്ന തീജ്വാലയ്ക്ക് സമീപം ഇരിക്കുന്നതും എസ്.എച്ച്.ഒ (SHO) അവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും കാണാം. "ഞാൻ നിങ്ങളുടെ വിവാഹം നടത്തിത്തരാം മക്കളേ, ഞാൻ പറയുന്നതൊന്ന് കേൾക്കൂ. ഞങ്ങൾ പൂജാരിയെ വിളിക്കുന്നുണ്ട്, ഇവിടെ ഉള്ളിൽ ഒരു ക്ഷേത്രവുമുണ്ട്. ഞങ്ങളെ ഒന്ന് വിശ്വസിക്കൂ, ഞാൻ ഇവിടുത്തെ പോലീസ് ഇൻചാർജാണ്," എന്ന് എസ്.എച്ച്.ഒ അവരോട് പറയുന്നത് വീഡിയോയിൽ കേൾക്കാം. ഒരു ഘട്ടത്തിൽ യുവാവ് തീജ്വാലയ്ക്ക് അടുത്തേക്ക് നീങ്ങാൻ ശ്രമിച്ചപ്പോൾ, ഉദ്യോഗസ്ഥൻ പെട്ടെന്ന് ഇടപെടുകയും തടയും ചെയ്യുന്നതും വീഡിയോയിലുണ്ട്.

പെൺകുട്ടിക്ക് പ്രായപൂർത്തിയില്ല

പ്രാഥമിക അന്വേഷണത്തിനിടെ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതോടെ കേസ് നിയമ നടപടികളിലേക്ക് നീങ്ങിയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇതിനിടെ പെൺകുട്ടിയുടെ പിതാവ് യുവാവിനെതിരെ പോലീസിൽ പരാതി നൽകി. അജയ് എന്നാണ് ഈ യുവാവിന്‍റെ പേര്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ചതിനും സ്വാധീനിക്കാൻ ശ്രമിച്ചതിനുമാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും നിയമനടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. അതേസമയം, പെൺകുട്ടിയെ കൗൺസിലിങ്ങിനും വൈദ്യപരിശോധനയ്ക്കുമായി അയച്ചു. ജലൗൺ പോലീസ് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ സംഭവത്തെ കുറിച്ച് എഴുതി.

 

PREV
Read more Articles on
click me!

Recommended Stories

ഫോൺ ഉപയോഗിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ
'ഇതെഴുതുമ്പോൾ പോലും വിറയ്ക്കുന്നു'; വിമാനത്തിന്‍റെ ജനാലയ്ക്ക് സമീപം 'ഉൽക്കാ സ്ഫോടനം', വീഡിയോ വൈറൽ