ഹെഡ്‍ലൈറ്റ് കേടായി, മൊബൈൽ ടോർച്ചിന്‍റെ വെളിച്ചത്തിൽ കെകെആർടിസി ബസ് ഓടിച്ചത് 90 കിമീ.; ഇതോണോ സുരക്ഷിത യാത്രയെന്ന് നെറ്റിസെൺസ്, വീഡിയോ

Published : Jul 09, 2026, 10:21 AM IST
 KKRTC bus drove with mobile phone torch

Synopsis

കർണാടകയിൽ കെകെആർടിസി ബസിന്‍റെ ഹെഡ്‌ലൈറ്റുകൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് കണ്ടക്ടർ മൊബൈൽ ടോർച്ച് തെളിച്ച് ഡ്രൈവർക്ക് വഴികാട്ടി. ഏകദേശം 90 കിലോമീറ്ററോളം ദൂരം യാത്രക്കാരുടെ ജീവൻ പണയപ്പെടുത്തി നടത്തിയ ഈ യാത്രയുടെ വീഡിയോ വൈറലായതോടെ അധികൃതർ അന്വേഷണം പ്രഖ്യാപിക്കുകയും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

 

സ്വകാര്യ വാഹനങ്ങൾക്ക് സർക്കാർ ചുമത്തുന്ന പിഴ പലപ്പോഴും പൊതുജനങ്ങൾക്കിടയിൽ അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. പലപ്പോഴും അനാവശ്യമായ പിഴയാണ് മോട്ടോർ വാഹന വകുപ്പ് ഈടാക്കുന്നതെന്ന് റിപ്പോർട്ടുകൾ വരുന്നു. കേരളത്തിൽ തന്നെ കഴി‌ഞ്ഞ ദിവസം പോലീസ് വാഹനത്തിന് പിഴ ഇട്ട മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ കൃത്യനിർവഹണത്തിന് കേസെടുക്കുമെന്നാണ് പോലീസ് അറിയിച്ചത്. സർക്കാർ വാഹനങ്ങൾ നിയമം അനുശാസിക്കുന്ന കൃത്യതയോടെയല്ല പ്രവർത്തുന്നത് എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. പക്ഷേ, സർക്കാർ സ്വയം പുനർവിചിന്തനം നടത്തുകയോ സ്വയം പിഴ ഈടാക്കുകയോ ചെയ്യാറില്ല. എന്നാൽ ഇത്തരം കുറ്റങ്ങൾക്ക് വ്യക്തികളെ വേട്ടയാടാറുണ്ട് താനും. പറഞ്ഞു വരുന്നത് കർണാടകയിൽ നിന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വിവാദമായ ഒരു വീഡിയോയെ കുറിച്ചാണ്.

ടോർച്ച് വെളിച്ചത്തിൽ ഒരു രാത്രി യാത്ര

കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ (കെകെആർടിസി) ബസിലെ രണ്ട് ഹെഡ്‌ലൈറ്റുകളും യാത്രയ്ക്കിടെ പ്രവർത്തനരഹിതമായി. അങ്ങനെ കലബുറഗിയിൽ നിന്ന് ചിഞ്ചോളിയിലേക്കുള്ള ഏകദേശം 84-90 കിലോമീറ്റർ ദൂരം കനത്ത ഇരുട്ടിൽ മൊബൈൽ ടോർച്ചിന്‍റെ വെളിച്ചത്തിൽ വാഹനം ഓടിച്ച് യാത്രക്കാരെ യഥാസ്ഥാനത്ത് എത്തിച്ചു. കണ്ടക്ടർ മൊബൈൽ ടോർച്ച് അടിച്ച് ഡ്രൈവർക്ക് റോഡ് കാണിച്ച് കൊടുക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടു. പിന്നാലെ ബസിന്‍റെ ഉത്തരവാദിത്തപ്പെട്ട ചാർജ്മാനെ സസ്പെൻഡ് ചെയ്തു.

'ഇല്ലെങ്കിൽ വേണ്ടെന്ന നിലപാട്'

റിപ്പോർട്ടുകൾ പ്രകാരം 1985 നമ്പർ KA 28 F ബസ് കലബുറഗിയിൽ നിന്ന് വൈകുന്നേരം 7:30 ഓടെ ചിഞ്ചോളിയിലേക്ക് പുറപ്പെട്ടു. ഏതാനും കിലോമീറ്ററുകൾ പിന്നിട്ടപ്പോഴേക്കും ബസിന്‍റെ രണ്ട് ഹെഡ്‌ലൈറ്റുകളും പ്രവർത്തനരഹിതമായി. വാഹനം നിർത്തി പ്രശ്നം പരിഹരിക്കുന്നതിന് പകരം ഹൈവേയിലൂടെ ഡ്രൈവർ ഇരുട്ടത്ത് വാഹനം ഓടിച്ചു. അദ്ദേഹത്തിന് വെളിച്ചമായി കണ്ടക്ടർ തന്‍റെ മൊബൈൽ ഫോണിന്‍റെ ടോർച്ച് ഓൺ ചെയ്ത് പിടിച്ചു. ഏതാണ്ട് 90 കിലോമീറ്ററോളം ദൂരം ഈ രീതിയിലാണ് ബസ് സഞ്ചരിച്ചത്. ഒടുവിൽ ബസ് സുരക്ഷിതമായി ചിഞ്ചോളി സ്റ്റാൻഡിലെത്തി, ഇത്രയേറെ ദൂരം യാത്രക്കാരുടെ ജീവൻ പണയം വച്ച് ബസ് ഓടിച്ച ഡ്രൈവർക്ക് എതിരെ രൂക്ഷമായ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്.

 

 

അന്വേഷണം, സസ്പെൻഷൻ, നോട്ടീസ്...

ഹെഡ്‍ലൈറ്റില്ലാതെ യാത്ര ചെയ്യാൻ ഡ്രൈവർക്ക് ആരാണ് അധികാരം കൊടുത്തതെന്ന് നിരവധി പേർ ചോദിച്ചു. മറ്റ് ചിലർ ഇത്തരം മോശം അവസ്ഥയിലായ ബസ് സർവ്വീസിനായി വിട്ട് നൽകിയ കെ.കെ.ആർ.ടി.സിയെ കുറ്റപ്പെടുത്തി. ഹെഡ്‌ലൈറ്റില്ലാത്ത ഇരുണ്ട റോഡുകളിലൂടെ ബസ് അതിവേഗം ഓടിയപ്പോൾ യാത്ര മുഴുവൻ ഭയം നിറഞ്ഞതായിരുന്നുവെന്ന് യാത്രക്കാർ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. കെകെആർടിസി മാനേജിംഗ് ഡയറക്ടർ പി സുശീല സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടു. കഴിഞ്ഞ രണ്ട് ദിവസമായി ബസിന്‍റെ ഹെഡ്‌ലൈറ്റുകൾ തകരാറിലാണെന്നായിരുന്നു അവർ അറിയിച്ചത്. പിന്നാലെ വാഹനത്തിന്‍റെ ഉത്തരവാദിത്തപ്പെട്ട ചാർജ്മാനെ സസ്പെൻഡ് ചെയ്തു. ട്രെയിനി മെക്കാനിക്കിനെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി. യാത്രയ്ക്ക് മുമ്പ് ഹെഡ്‌ലൈറ്റുകളുടെ തകരാറിനെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കാത്തതിന് കണ്ടക്ടർക്ക് നോട്ടീസ് നൽകി. തകരാറിലായ ബസ് മാറ്റി പകരം പ്രവർത്തനക്ഷമതയുള്ള മറ്റൊരു വാഹനം അനുവദിച്ചതായും സുശീല അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

എക്സ്പ്രസ് ഹൈവേയിൽ 100 കിമി. വേഗതയിൽ പറക്കുന്ന ബസ്, റീൽസ് ആസ്വദിച്ച് ഡ്രൈവർ; വിശ്വസിച്ച് എങ്ങനെ യാത്ര ചെയ്യുമെന്ന് നെറ്റിസെൺസ്, വീഡിയോ
ആരാണ് പറഞ്ഞത് ഇന്ത്യയിൽ വൃത്തിയില്ലെന്ന്? ഈ ​ഗ്രാമം കണ്ടുനോക്കൂ, ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നാട്, വീഡിയോയുമായി യുവാവ്