
അറുപത് കഴിഞ്ഞാൽ അടങ്ങിയൊതുങ്ങി വീട്ടിലിരിക്കണമെന്ന് പ്രായമുള്ളവർ പലപ്പോഴും കേൾക്കുന്ന പല്ലവി. ശാരീരിക ക്ഷമതയിലുണ്ടാകുന്ന കുറവ് ഇതിന് അത്തരക്കാരെ നിർബന്ധിക്കുന്നുവെന്നത് മറ്റൊരു കാര്യം. എന്നാൽ, മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ 65 കഴിയാൻ നിൽക്കുന്ന മംഗളാ ആവ്ലെ അങ്ങനെയുള്ള ആളല്ല. മംഗളാ ആവ്ലയ്ക്ക് സ്വാതന്ത്ര്യം വേണം. ഈ പ്രായത്തെങ്കിലും. പ്രത്യേകിച്ചും സാമ്പത്തിക സ്വാതന്ത്രം. അതിനായി സ്വന്തമായൊരു ഉപജീവനമാർഗം കണ്ടെത്തുക വഴി അവർ സാമൂഹിക മാനദണ്ഡങ്ങളെ വെല്ലുവിളിക്കാൻ തീരുമാനിച്ചു. ഒപ്പം തന്നെ പോലുള്ളവർക്ക് ഒരു പ്രചോദനമാകാനും.
അതെ. ഇന്ന് സത്താറ ജില്ലയിലെ കരാടിലെയും ഉണ്ടേലിലെയും റോഡുകളിൽ രാവിലെ 9 മുതൽ വൈകീട്ട് 6 വരെ മംഗളാ ആവ്ലയുടെ ഓട്ടോ റീക്ഷ ഓടുന്നുണ്ടാകും. അതിൽ യാത്രക്കാരുമുണ്ടാകും. മംഗള ആജി എന്നാണ് ഇന്ന് അവർ സ്നേഹപൂർവ്വം അറിയപ്പെടുന്നത്. മുത്തശ്ശിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. മാസങ്ങൾക്ക് മുമ്പാണ് അവർ മംഗള ആജി ഡ്രൈവിംഗ് പഠിച്ചതെന്ന് അറിയുമ്പോൾ യാത്രക്കാരുടെ ആശ്ചര്യം കൂടുന്നു. ഇന്ന് ദിവസം 500 മുതൽ 600 രൂപ വരെ സ്വന്തമായി സംമ്പാദിക്കാനും സ്വന്തം മരുന്നുകൾക്കും മകന്‍റെ കുടുംബത്തിനും സാമ്പത്തിക സഹായമാകാനും മംഗള ആജിക്ക് കഴിയുന്നു.
സ്വന്തം വരുമാനം
ബിബിസിയുടെ റിപ്പോർട്ട് പ്രകാരം, തന്‍റെ ദൈനംദിന ജീവിതത്തിനുള്ള പണത്തിനായി മക്കളെ ആശ്രയിക്കുന്നത് ഒഴിവാക്കാനായാണ് മംഗള ആജി സ്വന്തം നിലയിൽ വരുമാനം കണ്ടെത്താൻ തുടങ്ങിയത്. മംഗളയുടെ ജീവിത യാത്ര അവരുടെ സഹനശക്തിയുടെയും ദൃഢനിശ്ചയത്തിന്‍റെയും തെളിവാണ്. ഭർത്താവിന്‍റെ മരണശേഷം, അവർ നാല് കുട്ടികളെ ഒറ്റയ്ക്ക് വളർത്തി. മക്കളുടെ വിദ്യാഭ്യാസവും കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിരതയും ഉറപ്പ് വരുത്താൻ അക്ഷീണം കൂലിപ്പണിക്കാരനായി. ഇന്ന് അവരുടെ മകൻ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ ഡ്രൈവറാണ്, പെൺമക്കൾ വിവാഹിതരായി.
ഓട്ടോറിക്ഷ ഓടിക്കാനുള്ള അമ്മയുടെ തീരുമാനം സാമ്പത്തിക സ്വാതന്ത്ര്യം മാത്രമല്ല, അന്തസ്സും ആത്മാഭിമാനവും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കലും കൂടിയാണ് മകന്‍ പറയുന്നു. മൂന്ന് ദിവസം കൊണ്ട് ഓട്ടോറിക്ഷ എങ്ങനെ പ്രവർത്തിക്കുന്നു എന്നും പതിനഞ്ച് ദിവസം കൊണ്ട് ഡ്രൈവിംഗ് എങ്ങനെയെന്നും താൻ പഠിച്ചെന്ന് മംഗള ആജി പറയുന്നു. അക്കാര്യത്തിൽ മകനാണ് തന്‍റെ ഗുരുവെന്നും അവർ കൂട്ടിച്ചേർത്തു. കുറച്ച് കാലമായി വീട്ടിൽ തന്നെയായിരുന്നു. പക്ഷേ, വെറുതെ വീട്ടിലിരിക്കുന്നത് ആർക്കും ഒരു സഹായമാകില്ലെന്ന് തോന്നി. അങ്ങനെയാണ് മകന്‍റെ നിർദ്ദേശപ്രകാരം അവന്‍ തന്നെ ഓട്ടോ ഓടിക്കാൻ പഠിപ്പിച്ചത്. അതൊരു അത്ഭുതകരമായ തീരുമാനമായിരുന്നുവെന്നും അവർ കൂട്ടിച്ചേർക്കുന്നു. മംഗളാ ആജിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ നിരവധി പേരാണ് അഭിനന്ദനവുമായെത്തിയത്. ഇതാണ് യാഥാർത്ഥ ശാക്തീകരണം എന്ന് ചിലരെഴുതി.