ഉത്തർപ്രദേശിലെ ഹാപൂരിൽ സ്വർണം വാങ്ങാനെത്തിയ അധ്യാപിക കുടിവെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച് ഗുരുതരാവസ്ഥയിലായി. ദാഹിച്ചപ്പോൾ കടയിൽ നിന്ന് നൽകിയ കുപ്പിയിലെ ദ്രാവകം കുടിച്ചതോടെ വായിലും തൊണ്ടയിലും പൊള്ളലേൽക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.
ഉത്തർപ്രദേശിലെ ഹാപൂരിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ആഭരണം വാങ്ങാനായി സ്വർണ കടയിലെത്തിയ അധ്യാപിക കുടിവെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചു. പിന്നാലെ വായും തൊണ്ടയും പൊള്ളി ഗുരുതാരവസ്ഥയിൽ ആശുപത്രിയിലായി. ആഭരണങ്ങൾ നോക്കുന്നതിനിടെ ദാഹിച്ചപ്പോൾ, കുടിക്കാനായി കൊടുത്തത് ആസിഡായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
കുടിവെള്ളം ചോദിച്ചു, കിട്ടിയത് ആസിഡ്
അർജുൻ നഗർ സ്വദേശിനിയായ റിയ എന്ന അധ്യാപിക അമ്മയ്ക്കൊപ്പമാണ് ജ്വല്ലറിയിൽ ആഭരണങ്ങൾ വാങ്ങാനെത്തിയത്. കടയിൽ എത്തിയ ശേഷം ദാഹം അനുഭവപ്പെട്ടതിനെ തുടർന്ന് അവർ കുടിവെള്ളം ആവശ്യപ്പെട്ടു. തുടർന്ന് കടയുടമ സമീപത്തെ കടയിൽ നിന്ന് കുടിവെള്ളക്കുപ്പി കൊണ്ടുവരാൻ ജീവനക്കാരനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. കുപ്പി തുറന്ന് ഒരു കവിൾ കുടിച്ചയുടൻ തന്നെ യുവതി കടുത്ത അസ്വസ്ഥത പ്രകടിപ്പിക്കുകയും വായിലും തൊണ്ടയിലും ശക്തമായ പൊള്ളലേറ്റത് പോലെ വേദന അനുഭവപ്പെടുകയും ചെയ്തു. ഉടൻ തന്നെ അവർ കുപ്പി വലിച്ചെറിഞ്ഞ് പുറത്തേക്ക് ഓടുന്നതും വായിലുള്ള ദ്രാവകം തുപ്പാൻ ശ്രമിക്കുന്നതും കടയിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. പിന്നീട് യുവതിയെ സമീപത്തെ ആശുപത്രിയിലും തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കും മാറ്റിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കുടിവെള്ള കുപ്പിയിൽ എങ്ങനെ ആസിഡ് വന്നു?
പ്രാഥമിക അന്വേഷണത്തിൽ, കുടിവെള്ളക്കുപ്പിയെന്ന് കരുതി അധ്യാപികയ്ക്ക് കൈമാറിയത് ആസിഡ് ഒഴിച്ച് വച്ചിരുന്ന കുപ്പിയായാണെന്ന് സംശയിക്കുന്നു. എന്നാൽ, ഇതെങ്ങനെ സംഭവിച്ചുവെന്ന അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. കുപ്പി എവിടെ നിന്നാണ് എത്തിയത്, അത് യഥാർത്ഥത്തിൽ സീൽ ചെയ്തതായിരുന്നോ, അല്ലെങ്കിൽ മറ്റേതെങ്കിലും ഘട്ടത്തിൽ മാറ്റം സംഭവിച്ചോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട്കടയുടമയെയും മറ്റ് ജീവനക്കാരെയും ചോദ്യം ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്. ഫോറൻസിക് പരിശോധനയ്ക്കായി കുപ്പിയും അതിലുള്ള ദ്രാവകത്തിന്‍റെ സാമ്പിളുകളും പോലീസ് ശേഖരിച്ചു. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമേ സംഭവത്തിന്‍റെ യഥാർത്ഥ കാരണം വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.
സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ നിരവധി ഉപയോക്താക്കളെ ഞെട്ടിച്ചു. കുടിവെള്ളം പോലുള്ള സാധാരണ ഉപഭോഗ വസ്തുക്കളുടെ സുരക്ഷയെക്കുറിച്ചും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന പരിശോധനകൾ അനിവാര്യമാണെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. സംഭവത്തിന്‍റെ യഥാർത്ഥ കാരണം കണ്ടെത്തി ഉത്തരവാദികൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു.


