'നിന്നെ കുഴിച്ചുമൂടും'; ടോയ്‍ലറ്റ് ഇല്ലെന്ന് പരാതിപ്പെട്ട വൃദ്ധനോട് ഐഎഎസ് ഓഫീസർ, യുവാവിന് ചെകിട്ടത്തടിയും, വീഡിയോ

Published : Dec 31, 2025, 03:11 PM IST
IAS officer threatens man

Synopsis

മധ്യപ്രദേശിൽ, പൊതു ശൗചാലയമില്ലെന്ന് പരാതിപ്പെട്ട വൃദ്ധനെ ജീവനോടെ കുഴിച്ചിടുമെന്ന് ഐഎഎസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി. പൊതുസ്ഥലത്ത് മൂത്രമൊഴിച്ച യുവാവിനെ ഉദ്യോഗസ്ഥനും പോലീസുകാരനും ചേർന്ന് മർദ്ദിക്കുകയും ചെയ്തു. സംഭവത്തിന്‍റെ വീഡിയോ വൈറലായി. 

 

രു രാജ്യത്തെ സംബന്ധിച്ച് അവിടുത്തെ പൊതുജനാരോഗ്യത്തിന് പ്രാധാന്യം നൽകേണ്ടത് ഭരണകൂടത്തിന്‍റെയും അതിന്‍റെ വക്താക്കളായ രാഷ്ട്രീയ - ഉദ്യോഗസ്ഥ വൃന്ഥത്തിന്‍റെയും കടമയാണ്. എന്നാൽ, പൊതു സൗകര്യങ്ങളില്ലെന്ന് പരാതി പറയുന്ന വൃദ്ധനെ ജീവനോടെ കുഴിച്ചിടുമെന്ന് ഭീഷണിപ്പെടുത്തുകയും ടോയ്‍ലറ്റ് ഇല്ലാത്തതിനാൽ പൊതു ഇടത്തിൽ മൂത്രമൊഴിക്കുകയും ചെയ്ത ഒരു യുവാവിന്‍റെ മുഖത്ത് അടിക്കുകയും ചെയ്യുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ഉദ്യോഗസ്ഥന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

പരാതിപ്പെട്ടാൽ മർദ്ദനം, ഭീഷണി

മധ്യപ്രദേശിലെ നർസിംഗ്പൂരിലെ ബർമൻ സാൻഡ് ഘട്ടിലാണ് സംഭവം നടന്നതെന്ന് വീഡിയോ പങ്കുവച്ച് കൊണ്ട് മാധ്യമപ്രവർത്തകൻ ശുഭം ശുക്ല എക്സിൽ കുറിച്ചു. ഒരു വൃദ്ധൻ തന്‍റെ മുന്നിൽ നിൽക്കുന്ന ഒരു പോലീസ് ഓഫീസറോടും മറ്റൊരു ഉദ്യോഗസ്ഥനോടും ടോയ്‍ലറ്റ് ഇല്ലെന്ന പരാതി പറയുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ചുറ്റുമുള്ള പ്രദേശങ്ങളിൽ പൊതു ശൗചാലയങ്ങളുടെ അഭാവത്തെക്കുറിച്ച് വൃദ്ധൻ പരാതി പറയുന്നു. ഈ സമയത്ത് അല്പം മാറി മൂത്രമൊഴിക്കുകയായിരുന്ന ഒരു യുവാവിനെ ഐഎഎസ് ആണെന്ന് അവകാശപ്പെട്ട ഗജേന്ദ്ര നാഗേഷ് എന്നയാൾ വിളിച്ച് വരുത്തുകയും അയാളുടെ മുഖത്ത് ആഞ്ഞടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. കൂടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനും ഈ സമയം യുവാവിന്‍റെ മുഖത്ത് അടിക്കുന്നു.

 

 

കുഴിച്ചിടുമെന്ന് ഭീഷണി

പിന്നാലെ യുവാവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഐഎഎസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നു. യുവാവിന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റാൾ നീക്കം ചെയ്യണമെന്നും ഇയാൾ ഉദ്യോഗസ്ഥരോട് ആജ്ഞാപിക്കുന്നു. പിന്നാലെ പരാതിപ്പെട്ട വൃദ്ധന്‍റെ നേരെ തിരിഞ്ഞ് അദ്ദേഹത്തെ ഭീഷണിപ്പെടുത്തുന്നു. 'ഞാൻ നിന്നെ മണലിൽ കുഴിച്ചിടും, നീ ഭൂമിക്ക് മുകളിൽ കാണിക്കുന്ന അത്രയും ആഴത്തിൽ ഞാൻ നിന്നെ തള്ളിയിടും.' കൈ ചൂണ്ടി ഭിഷണിപ്പെടുത്തിക്കൊണ്ട് ഐഎഎസ് ഉദ്യോഗസ്ഥൻ പറയുന്നു. "ഇനി പറയൂ, ഒരാളുടെ അച്ഛന്‍റെ പ്രായത്തിലുള്ള ഒരു വൃദ്ധനോട് ഇത്തരം ഭാഷ ഉപയോഗിക്കുന്നത്... ഗുണ്ടകളാണ്. എന്ന് മുതലാണ് ഐഎഎസ് ഉദ്യോഗസ്ഥർ ഇത് ചെയ്യാൻ തുടങ്ങിയത്?" വീഡിയോ പങ്കുവച്ച് കൊണ്ട് ശുക്ല ചോദിക്കുന്നു.

രോഷത്തോടെ പ്രതികരിച്ച് നെറ്റിസെൻസ്

വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേര്‍ ഐഎഎസ് ഉദ്യോഗസ്ഥനും പോലീസ് ഉദ്യോഗസ്ഥനുമെതിരെ രംഗത്തെത്തി. പിന്നാലെ സർക്കാർ ഉദ്യോഗസ്ഥർക്ക് പൊതുജനത്തെ ശിക്ഷിക്കാൻ എന്താണ് അധികാരമെന്നതിനെ കുറിച്ച് വലിയ ചർച്ച തന്നെ സമൂഹ മാധ്യമങ്ങളിൽ നടന്നു. അവർ (ഐ‌എ‌എസ് ഉദ്യോഗസ്ഥർ) പൊതുസേവനത്തിനാണോ അതോ സ്റ്റാൻഡിൽ ആളുകളെ കുഴിച്ചിടാനാണോയെന്നായിരുന്നു ഒരു കാഴ്ചക്കാരൻ രോഷത്തോടെ ചോദിച്ചത്. ഇതാണോ ഐഎഎസുകാർക്ക് ലഭിക്കുന്ന പരിശീലനമെന്ന് മറ്റൊരു കാഴ്ചക്കാരൻ ചോദിച്ചു. ജനത്തെ സേവിക്കുന്നതിന് പകരം ദ്രോഹിക്കുന്ന ഐഎഎസ് , പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും നിരവധി പേർ ആവശ്യപ്പെട്ടു. ശിക്ഷ വിധിക്കാൻ കോടതിക്ക് മാത്രമേ അധികാരമുള്ളെന്നും അത് നടപ്പാക്കേണ്ടവർ മാത്രമാണ് ഉദ്യോഗസ്ഥരെന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടി. അതേസമയം വീഡിയോയുടെ അധികാരികത ഉറപ്പിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന് കഴിഞ്ഞിട്ടില്ല.

 

PREV
Read more Articles on
click me!

Recommended Stories

സോഫയിൽ നിന്നും എഴുന്നേൽക്കുന്നതിനിടെ അരയിൽ വച്ചിരുന്ന പിസ്റ്റൾ പൊട്ടി പ്രവാസി മരിച്ചു, വീഡിയോ
'ദയവായി ഇങ്ങനെ പെരുമാറരുത്'; വർക്കല ബീച്ചിനെ നശിപ്പിക്കരുതെന്ന് അപേക്ഷിച്ച് വിനോദ സഞ്ചാരി, വീഡിയോ വൈറൽ