
കുടിയേറ്റ പ്രശ്നം ഏതാണ്ടെല്ലാ രാജ്യങ്ങളിലും ഇന്ന് സജീവ ചർച്ചയാണ്. തദ്ദേശീയരുടെ ജോലി, താമസം എന്നിവ നഷ്ടപ്പെടുന്നതിലെ ആശങ്ക കുടിയേറ്റക്കാരുടെ നേർക്കുള്ള അക്രമങ്ങളിലാണ് എത്തി നിൽക്കുന്നത്. കാനഡ, അയർലന്‍റ്, ഇംഗ്ലണ്ട്, യുഎസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇന്ത്യൻ കുടിയേറ്റക്കാര്‍ ശാരീരികമായ ആക്രമണങ്ങൾ പോലും നേരിടുന്നു. ഇത്തരമൊരു പ്രശ്നം നിലനില്‍ക്കെ ഇന്ത്യൻ കുടിയേറ്റക്കാര്‍ വിദേശ രാജ്യങ്ങളിൽ കാണിക്കുന്ന പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിയുക പോലുള്ള ചില പ്രവർത്തികൾ രൂക്ഷമായ പ്രതിഷേധമാണ് വിളിച്ച് വരുത്തുന്നത്. അക്കൂട്ടത്തിലേക്ക് മറ്റൊന്നു കൂടി ചേർക്കപ്പെടുകയാണ്.
പ്രായമായവരും അംഗപരിമതർക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്കും ഉപയോഗിക്കുന്നതിനായി ഡാളസ് വിമാനത്താവളത്തിൽ വച്ചിരുന്ന വീൽച്ചെയറുകളിൽ ഒന്നൊഴിയാതെ കയറി ഇരിക്കുന്ന ഇന്ത്യന്‍ കുടിയേറ്റക്കാരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ബ്രൂസ് എന്ന എക്സ് ഉപയോക്താവാണ വീഡിയോ പങ്കുവച്ചത്. സഹായം ആവശ്യമുള്ള അംഗപരിമിതർക്ക് നല്‍കാതെ വിമാനത്താവളങ്ങളിലെ വീൽചെയറുകൾ ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ മറ്റൊരു വീഡിയോ.
ഇവിടെ ഇങ്ങനെയെങ്കില്‍ യുഎസിലെ ആരോഗ്യ സംവിധാനങ്ങളിൽ പ്രായമായവര്‍ വഞ്ചിതരാകാതിരിക്കുമോയെന്നും അദ്ദേഹം ചോദിക്കുന്നു. വീഡിയോയും കുറിപ്പും പെട്ടെന്ന് തന്നെ വൈറലായി. ഒന്നര ലക്ഷത്തോളം പേരാണ് ഇതിനകം വീഡിയോ കണ്ട്. പ്രതികരണവും രൂക്ഷമായിരുന്നു.
വിമാനത്താവളത്തിലെ ഇന്ത്യക്കാരുടെ പ്രവർത്തി രൂക്ഷമായ പ്രതികരണമാണ് സൃഷ്ടിച്ചത്. എനിക്കവരെ തടുക്കണമെന്നുണ്ട്. പക്ഷേ, തന്നെക്കൊണ്ട് കഴിയില്ലെന്നായിരുന്നു ഒരു ഇന്ത്യൻ കാഴ്ചക്കാരൻ എഴുതിയത്. ഇരിക്കുന്നവരില്‍ പലരും വിമാനത്തിലേക്ക് കയറാനും ഇറങ്ങാനും ഓടി നടക്കുകയായിരുന്നുവെന്നും ഇത് കാണുമ്പോൾ വെറുപ്പ് തോന്നുന്നുവെന്നും മറ്റൊരു കാഴ്ചക്കാരൻ എഴുതി. എല്ലാവരില്‍ നിന്നും പിഴ ഈടാക്കണമെന്നും ആവശ്യമുയർന്നു. കുടിയേറ്റക്കാരുടെ ഇത്തരം പ്രവർത്തികളാണ് പ്രശ്നങ്ങൾ രൂക്ഷമാക്കുന്നതെന്നായിരുന്നു മറ്റൊരു കുറിപ്പ്.
സമാനായ പരാതികൾ വർദ്ധിച്ചതിന് പിന്നാലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) തങ്ങളുടെ നിയമങ്ങളിൽ മാറ്റം വരുത്തിയിരുന്നു. ആരോഗ്യമുള്ള ഒരു യാത്രക്കാരനോ ആരോഗ്യമുള്ള മുതിർന്ന പൗരനോ വീൽചെയർ ഉപയോഗിക്കണമെങ്കില്‍ നേരത്തെ ബുക്ക് ചെയ്യണം. ഇതിനായി ഫീസ് ഈടാക്കാൻ ഡിജിസിഎ വിമാനക്കമ്പനികൾക്ക് അനുമതി നല്‍കി. അതേസമയം പ്രായാധിക്യമോ, അംഗപരിമിതിയോ പോലുള്ള യഥാർത്ഥ ആവശ്യക്കാർക്ക് വീൽചെയർ സൗജന്യമായി നല്‍കണമെന്നും ഡിജിസിഎ വ്യക്തമാക്കി.