
പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അമേരിക്കയെ വീണ്ടും മികച്ചതാക്കുക എന്ന നയത്തിന്‍റെ ഭാഗമായി ആരംഭിച്ചതാണ് എച്ച് 1 ബി വിസ നിയമം. കുടിയേറ്റം തടയുക എന്നാണ് ഈ വിസാ നിയമത്തിന്‍റെ പ്രധാന ലക്ഷ്യം. എന്നാൽ, പുതിയ വിസാ നിയമത്തെയും മറികടന്ന് ഇന്ത്യൻ ടെക്കികളെ യുഎസിലെ ടെക് കമ്പനികൾ ജോലിക്ക് എടുക്കുന്നുവെന്ന് വാർത്തകൾ അടുത്തിടെ പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് തന്‍റെ സ്ഥാപനത്തിൽ ഒറ്റ ഇന്ത്യക്കാരെയും ജോലിക്കാരായി എടുക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് കൊണ്ട് ഒരു യുഎസ് - ഇന്ത്യൻ റെസ്റ്റോറന്‍റ് ഉടമ രംഗത്തെത്തിയത്. ഇവരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
അമേരിക്കയിലെ ടെക്സസിലുള്ള ഒരു ഇന്ത്യൻ റസ്റ്റോറന്‍റ് ഉടമയായ ഇന്ത്യക്കാരിയാണ് തന്‍റെ സ്ഥാപനത്തിൽ ഇന്ത്യക്കാരെ നിയമിക്കാത്തതിന്‍റെ കാരണം വ്യക്തമാക്കി രംഗത്തെത്തിയത്. 7 മോങ്ക്സ് കഫേയുടെ ഉടമയായ രശ്മി ഭട്ടായിരുന്നു ആ ഇന്ത്യക്കാരി. 'എന്‍റെ ഇന്ത്യൻ റസ്റ്റോറന്‍റിൽ ഞാൻ ഇന്ത്യക്കാരെ നിയമിക്കുന്നില്ല.' എന്ന തികച്ചു പ്രകോപനപരമായ വാചകത്തോടെയാണ് അവർ വീഡിയോ ആരംഭിച്ചത്. എത്‌നിക് റസ്റ്റോറന്‍റുകളിൽ സന്ദർശിക്കുമ്പോൾ പല ഉപഭോക്താക്കളും നടത്തുന്ന അനുമാനങ്ങളിൽ നിന്നാണ് ഇത്തരമൊരു പ്രസ്ഥാവന ഉണ്ടാകുന്നതെന്ന് രശ്മി പറയുന്നു. അവരുടെ അഭിപ്രായത്തിൽ, ഭക്ഷണം വിളമ്പുന്ന ജീവനക്കാരും ഉപഭോക്താക്കളുമായി ഇടപഴകുന്നവരും നൽകുന്ന ഭക്ഷണരീതിയുടെ അതേ സാംസ്കാരിക പശ്ചാത്തലത്തിൽ നിന്നുള്ളവരായിരിക്കണമെന്ന് ഭക്ഷണം കഴിക്കുന്നവർ പലപ്പോഴും പ്രതീക്ഷിക്കുന്നു. "മിക്ക ആളുകളും ഒരു ഇന്ത്യൻ റസ്റ്റോറന്‍റിൽ കയറുമ്പോൾ, അവിടെ ജോലി ചെയ്യുന്ന എല്ലാവരും ഇന്ത്യക്കാരായിരിക്കണമെന്ന് കരുതുന്നു. പക്ഷേ ഞങ്ങൾ ഒരിക്കലും ഇന്ത്യക്കാരെ ജോലിക്കാരായി നിയമിക്കില്ല. "
വംശീയതയ്ക്കും സാംസ്കാരിക പശ്ചാത്തലത്തിനും അപ്പുറത്ത് മനോഭാവം, വിശ്വാസ്യത, പഠിക്കാനുള്ള സന്നദ്ധത എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു ടീം കെട്ടിപ്പടുക്കുന്നതിനാണ് താനും അമ്മയും തുടക്കം മുതൽ തന്നെ മുൻഗണന നൽകിയതെന്ന് രശ്മി വിശദീകരിച്ചു. ബിസിനസ്സ് വളർത്തുന്നതിനൊപ്പം പ്രാദേശിക സമൂഹത്തിലെ ആളുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്നതും തങ്ങളുടെ ലക്ഷ്യമായിരുന്നെന്ന് അവർ കൂട്ടിച്ചേർക്കുന്നു. തന്‍റെ ജീവനക്കാരിൽ പലരും ആദ്യമായി ഇന്ത്യൻ ഭക്ഷണം രുചിക്കുന്നത് ജോലിക്ക് ചേർന്നതിന് ശേഷമാണെന്നും ഇന്ന് നല്ല രുചിയുള്ള ഇന്ത്യൻ ഭക്ഷണം വിളമ്പുന്ന ഒരു ശക്തമായ ടീം തന്നെ തങ്ങൾക്കുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മണിക്കൂറുകൾക്കുള്ളിൽ ഒരു ലക്ഷത്തിലേറെ പേരാണ് രശ്മിയുടെ വീഡിയോ കണ്ടത്. പിന്നാലെ കുടിയേറ്റം, വംശീയത, ആധികാരിക, തനത് ഭക്ഷണം എന്നിവയെ കുറിച്ചുള്ള സജീവ ചർച്ചയ്ക്ക് തന്നെ തുടക്കമിട്ടു.
മുംബൈയിൽ ജനിച്ച രശ്മി ഭട്ട് അമ്മയോടൊപ്പമാണ് ടെക്സസിലെ ന്യൂ ബ്രൗൺഫെൽസിൽ 7 മോങ്ക്സ് കഫേ തുടങ്ങിയത്. ഇവിടെ ഇന്ത്യൻ, മെഡിറ്ററേനിയൻ ഭക്ഷണ വിഭവങ്ങൾ വിളമ്പുന്നു. കോവിഡ് ബാധിക്കുന്നതിന് തൊട്ടുമുമ്പ്, 2019 -ലാണ് രശ്മി ഭട്ട് അമ്മയോടൊപ്പം റെസ്റ്റോറന്‍റ് തുറന്നത്. റെസ്റ്റോറന്‍റ് വ്യവസായത്തിന് ഏറ്റവും പ്രയാസകരമായ ഒരു കാലഘട്ടത്തിലാണ് തുടങ്ങിയതെങ്കിലും ബിസിനസ് മഹാമാരിയെ അതിജീവിച്ചു. പിന്നാലെ തദ്ദേശവാസികൾക്കിടയിൽ ഒരു ജനപ്രിയ ഡൈനിംഗ് ഡെസ്റ്റിനേഷനായി അത് മാറി.