
നൂറ്റാണ്ടുകൾക്ക് മുമ്പ് ലോകമെങ്ങും നടന്ന തൊഴിൽ സമരങ്ങളിൽ നിന്നാണ് തൊഴിൽ സംരക്ഷണം എന്ന ആശയം ഒരു ആവശ്യമായി രൂപപ്പെടുന്നത്. പിന്നാലെ മിക്ക രാജ്യങ്ങളും അടിസ്ഥാന തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കാൻ പ്രത്യേക നിയമങ്ങൾ കൊണ്ടുവന്നു. എന്നാൽ, കൊവിഡിന് പിന്നാലെ പല രാജ്യങ്ങളും തൊഴിൽ നിയമങ്ങൾ കാറ്റിൽ പറത്തി. കമ്പനി ഉടമകൾക്ക് കൂടുതൽ ലാഭം ഉണ്ടാക്കാനുള്ള സാധ്യതകൾ തുറന്നിട്ടു. ഇതോടെ പല കമ്പനികളിലും വർഷങ്ങളായി ജോലി ചെയ്യുന്ന തൊഴിലാളികളെ പോലും നിസാര കാരണങ്ങൾ പറഞ്ഞ് ഒറ്റ ദിവസം കൊണ്ട് തൊഴിലില്ലാത്തവരായി പെരുവഴിയിലേക്ക് ഇറക്കിവിടപ്പെട്ടു. അടുത്തിടെയായി ഈ പ്രവണത ഇന്ത്യയെ പോലൊരു രാജ്യത്ത് കൂടുകയാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
ബെംളഗൂരു സ്വദേശിയായ ജീവൻ എന്ന യുവാവ് തനിക്ക് നേരിട്ട സമാനമായൊരു അനുഭവം സമൂഹ മാധ്യമങ്ങളിൽ കുറിച്ചപ്പോൾ അത് വൈറലായി. മൂന്ന് മാസത്തെ പ്രൊബേഷൻ അവസാനിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജോലിയിൽ നിന്നും തന്നെ പിരിച്ച് വിട്ടെന്ന് അദ്ദേഹം പരാതിപ്പെട്ടു. ബെംഗളൂരുവിലെ തൊഴിൽ മേഖലയിലെ ധാർമ്മിക പാപ്പരത്തത്തെക്കുറിച്ച് അദ്ദേഹം തന്‍റെ വീഡിയോയിൽ ഏറ്റുപറയുന്നു. തന്‍റെ രക്തവും വിയർപ്പും നൽകിയിട്ടും തന്‍റെ ടീമിനെ പിരിച്ചുവിടാനുള്ള തീരുമാനം ഏകദേശം 10 മാസമായി ആലോചനയിലായിരുന്നെന്ന് കമ്പനി ഉടമയിൽ നിന്നും അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും അദ്ദേഹം പറയുന്നു. ഒഴിവാക്കണമെന്ന് നേരത്തെ പദ്ധതിയിട്ടിരുന്ന തസ്തികകളിലേക്ക് സ്റ്റാർട്ടപ്പ് വീണ്ടും വീണ്ടും പുതിയ ജീവനക്കാരെ നിയമിക്കുന്നതെന്ത് കൊണ്ടാണെന്നും ജീവൻ ചോദിക്കുന്നു.
തന്‍റെ 3 മാസത്തെ പ്രൊബേഷൻ പൂർത്തിയാക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് എന്നെ കമ്പനിയിൽ നിന്നും പുറത്താക്കിയെന്ന് യുവാവ് തന്‍റെ വീഡിയോയിൽ പരാതിപ്പെടുന്നു. ഈ ജോലിക്കായി താന്‍ രക്തവും വിയർപ്പും ചെലവഴിച്ചു. ആഴ്ചയിൽ ഏഴ് ദിവസവും പത്ത് മണിക്കൂർ വച്ച് ജോലി ചെയ്തു. എന്നിട്ടും ഇന്നലെ (ജനുവരി 30 ന്) കമ്പനി ഉടമ തന്‍റെ ടീമിനെ പിരിച്ചുവിടാനുള്ള ചർച്ചകൾ 10 മാസമായി നടക്കുകയാണെന്ന് പറഞ്ഞു. മാനേജ്മെന്‍റിന് അത് നേരത്തെ അറിയാമായിരുന്നെങ്കിൽ പിന്നെ എന്തിനാണ് പുതിയ ആളുകളെ നിയമിച്ചതെന്ന് യുവാവ് ചോദിക്കുന്നു. ഇത് ബിസിനസ് തീരുമാനമല്ലെന്നും ധാർമ്മികമായ പാപ്പരത്തമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. നിങ്ങൾ മനുഷ്യരെ മുങ്ങുന്ന കപ്പലിലേക്ക് കയറ്റി, അവരിൽ നിന്ന് കുറച്ച് മാസത്തെ അധ്വാനം പിഴിഞ്ഞെടുത്തു, ഒടുവിൽ ബാലൻസ് ഷീറ്റിലെ ആസ്തികൾ പോലെ ഉപേക്ഷിച്ചുവെന്ന് ജീവൻ പറയുന്നു.
ഒന്നര മാസത്തെ പിരിച്ചുവിടലാണ് തനിക്ക് വാഗ്ദാനം ചെയ്തത്. അതിന് നന്ദി വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ തന്‍റെ കരിയലുണ്ടായ ഗ്യാപ്പിന് ആരാണ് ഉത്തരം നൽകുകയെന്നും മാനസിക തകർച്ചയ്ക്ക് ആരാണ് ഉത്തരം നൽകുകയെന്നും ജീവൻ ചോദിക്കുന്നു. ഒപ്പം 2026 -ൽ തൊഴിൽ സുരക്ഷ എന്നത് ഒരു മിഥ്യയാണെന്നും എന്നാൽ അടിസ്ഥാന പ്രൊഫഷണൽ സത്യസന്ധത അങ്ങനെയാകരുതെന്നും ഓർമ്മപ്പെടുത്തുന്ന ജീവൻ, പിരിച്ചുവിടൽ പദ്ധതികൾക്കെതിരെ ശബ്ദമുയർത്തിയില്ലെങ്കിൽ ഒന്നും മാറില്ലെന്നും കൂട്ടിച്ചേർക്കുന്നു. സ്റ്റാർട്ടപ്പ് സ്ഥാപകർക്കുള്ള ഒരു കുറിപ്പോടെയാണ് അദ്ദേഹം തന്‍റെ വീഡിയോ അവസാനിപ്പിച്ചത്. 'നിങ്ങളുടെ നമ്പറുകൾ നിങ്ങൾ പരാജയപ്പെടുത്തിയില്ല. പക്ഷേ. നിങ്ങൾ നിങ്ങളുടെ ആളുകളെ പരാജയപ്പെടുത്തി'. ജീവൻ തന്‍റെ കുറിപ്പിൽ എഴുതി. ജീവന്‍റെ കുറിപ്പിന് വലിയതോതിലുള്ള പിന്തുണയാണ് സമൂഹ മാധ്യമങ്ങളിൽ നിന്നുമുണ്ടായത്.