ചൈനയിൽ ഒരു യുവതി വസ്ത്രശാലയ്ക്കുള്ളിലൂടെ ഇലക്ട്രിക് സ്കൂട്ടർ ഓടിച്ച് ഷോപ്പിംഗ് നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ വൈറലായി. കടയുടമയെയും ജീവനക്കാരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, സ്കൂട്ടറിൽ സഞ്ചരിച്ച് വസ്ത്രങ്ങൾ തിരഞ്ഞെടുത്ത യുവതി പണമടച്ച് പുറത്തേക്ക് പോയി.  

ഷോപ്പിംഗ് പലർക്കും ഇഷ്ടമാണ്. എന്നാൽ സാധനങ്ങൾ അന്വേഷിച്ച് മണിക്കൂറുകളോളം കടയിലൂടെ നടക്കുന്ന കാര്യം ആലോചിക്കാനേ വയ്യ. മറ്റ് ചിലപ്പോൾ നമ്മുടെ വാഹനം പാർക്ക് ചെയ്യാൻ കടയുടെ പരിസരത്തെങ്ങും സ്ഥലം കിട്ടിയെന്ന് വരില്ല. ഈ സാഹചര്യങ്ങളിലൊക്കെ ഷോപ്പിംഗ് നമ്മളെ മടിപ്പിക്കാറുണ്ട്. അതിനൊരു കുറുക്ക് വഴി പരീക്ഷിക്കുകയാണ് ഒരു യുവതി. വസ്ത്രശാലയ്ക്കുള്ളിലൂടെ സ്കൂട്ടർ ഓടിച്ചായിരുന്നു യുവതിയുടെ ഷോപ്പിംഗ്.

ഷോപ്പിംഗ് വിത്ത് സ്കൂട്ടർ

ചൈനയിൽ നിന്നുള്ള ഈ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. യുവതി തന്‍റെ ഇലക്ട്രിക് സ്കൂട്ടറിൽ കടയ്ക്കുള്ളിലേക്ക് പ്രവേശിക്കുകയും ഓരോ വസ്ത്രങ്ങളും നോക്കിക്കൊണ്ട് ഇടനാഴികളിലൂടെ സ്കൂട്ടർ ഓടിച്ചു നീങ്ങുകയും ചെയ്യുന്നു. യുവതി സ്കൂട്ടർ ഓടിച്ച് കടയിലേക്ക് കയറിവരുമ്പോൾ കടയുടമ അത്ഭുതത്തോടെ നോക്കി നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. യുവതിയെ സഹായിക്കാനായി കടയിലെ ജോലിക്കാരി സ്കൂട്ടറിന് പുറകെ നടക്കുന്നുണ്ട്. സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ തനിക്കാവശ്യമായ വസ്ത്രങ്ങൾ തെരഞ്ഞെടുത്ത അവർ, നേരെ ക്യാഷ് കൗണ്ടറിലേക്ക് സ്കൂട്ടർ ഓടിച്ചു ചെന്നു. പിന്നാലെ പണമടച്ച് യാതൊരു കൂസലുമില്ലാതെ പുറത്തേക്ക് പോവുകയും ചെയ്തു.

View post on Instagram

അന്തംവിട്ട് നെറ്റിസെൻസ്

ഡിസംബർ 18-ന് ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലാണ് സംഭവം നടക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ഈ ദൃശ്യങ്ങൾ കണ്ട് അന്തംവിട്ടവർ അനവധിയാണ്. ലോകത്തിലെ ആദ്യത്തെ "ഡ്രൈവ്-ഇൻ ക്ലോത്തിംഗ് ഷോപ്പ്" എന്നാണ് ചിലർ ഇതിനെ തമാശ രൂപേണ വിശേഷിപ്പിച്ചത്. അതേസമയം നിരവധി പേർ വന്നുപോകുന്ന കെട്ടിടത്തിനുള്ളിൽ മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നത് ശരിയാണോയെന്ന് ചിലർ ചോദ്യമുയർത്തുകയും ചെയ്തു. എന്നാൽ, തൊട്ടടുത്ത ദിവസം തന്നെ ഒരു ഡെലിവറി ബോയ് പാഴ്സൽ നൽകാനായി തന്‍റെ ഇലക്ട്രിക് വാഹനം ഇതേ കടയ്ക്കുള്ളിലേക്ക് ഓടിച്ച് കയറ്റിയെന്ന റിപ്പോർട്ടുകൾ മറ്റൊരു കൗതുകമുണർത്തി.