
മണ്‍സൂണ്‍ കാലമാണ്, കേരളത്തെ കാത്തിരിക്കുന്നത്. ഇപ്പോൾ തന്നെ കൊതുകിന്‍റെ ശല്യം കൂടുതലാണെന്നാണ് പലയിടത്ത് നിന്നുമുള്ള പരാതി. ഇതിനിടെ മഴയും പെയ്ത്, വെള്ളം കെട്ടി നിന്നാല്‍ പിന്നെ പറയേണ്ട. എടുത്ത് കൊണ്ട് പോകുമോയെന്ന് പോലും തോന്നുന്ന രീതിയിലാണ് കൊതുകിന്‍റെ പട പറന്നുയരുന്നത്, പ്രത്യേകിച്ചും കൊച്ചിയില്‍. ഇതിന് പിന്നാലെ ഡങ്കി പോലുള്ള പനികളുടെ വരവായി. പനിയെ കുറിച്ച് ഓർക്കുമ്പോൾ കൊതുകിനെ എങ്ങനെ കൊല്ലാതിരിക്കും. അതെ പറഞ്ഞ് വരുന്നത് ഒരു കൊതുക് വേട്ടയെ കുറിച്ചാണ്. കൊതുകിനെ വേട്ടയാടി, ആവേശം കയറി അവസാനം രണ്ട് ലക്ഷം രൂപയുടെ സ്മാര്‍ട്ട് ടിവി നഷ്ടമായതിനെ കുറിച്ച്.
'കൊലപ്പെടുത്തിയ' കൊതുകിന്‍റെ കണക്കുകളും തെളിവുകളുമായി നിരവധി വീഡിയോകൾ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. എന്നാല്‍, ഇത് കൊതുക് വേട്ടയുടെ പാളിപോയ ഒരു ശ്രമത്തെ കുറിച്ചാണ്. വീഡിയോയില്‍ വീട്ടിലെ സ്വീകരണ മുറിയിലിരുന്ന് ഒരു കുട്ടി ടിവി കാണുന്നത് കാണാം. ഇതിനിടെ അച്ഛന്‍ ഒരു മോസ്കിറ്റോ ബാറ്റുമായി കൊതുകിനെ പിടിക്കാന്‍ നടക്കുന്നു. കൊതുക് പറന്ന് പോയി വില കൂടിയ ടിവിയുടെ സ്ക്രിനില്‍ പോയി ഇരുന്നു.
ഏറെ സൂക്ഷ്മതയോടെ കൊതുകിനെ മാത്രം പിടിക്കാനായി അദ്ദേഹം മോസ്കിറ്റോ ബാറ്റ് ടിവിയുടെ സ്ക്രീനില്‍ ഒന്ന് തൊട്ടു. മോസ്കിറ്റോ ബാറ്റില്‍ നിന്നുള്ള വൈദ്യുതി പ്രവാഹം ടിവി സ്ക്രീനില്‍, ഒരു നിമിഷാര്‍ദ്ധത്തേക്ക് മൂന്നാല് വരകൾ സൃഷ്ടിച്ചു. പിന്നാലെ സ്ക്രീനിലെ ദൃശ്യങ്ങളിലേക്ക് വെള്ള നിറം പടരുകയും പെട്ടെന്ന് തന്നെ ടിവി ഓഫാകുകയും ചെയ്തു. 'നിങ്ങൾ ഒരു കൊതുകിനെ ഉന്നം വയ്ക്കുന്നു. പക്ഷേ, നിങ്ങളുടെ ടിവിയെ കൂടി സ്വര്‍ഗത്തിലേക്ക് ഒപ്പം വിടുന്നു. മിഷന്‍ പരാജയപ്പെട്ടു. പക്ഷേ, കൊതുക് മിക്കവറും രക്ഷപ്പെട്ട് കാണും' സിസിടിവി ദൃശ്യങ്ങൾ പങ്കുവച്ച് കൊണ്ട് ഭള സ്റ്റുഡിയോസ് ഇന്‍സ്റ്റാഗ്രാമിലെഴുതി. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുറിപ്പെഴുതാനെത്തിയത്.
മോസ്കിറ്റോ ബാറ്റില്‍ നിന്നുള്ള ഹൈവേൾട്ടേജ്, ടിവി സ്ക്രീനിലേക്ക് നേരിട്ട് വൈദ്യുതി പ്രവാഹത്തിന് കാരണമായെന്നും ഇത് ടിവിയുടെ സര്‍ക്യൂട്ട് നശിപ്പിച്ചെന്നും ഒരു കാഴ്ചക്കാരനെഴുതി. മറ്റൊരാൾ, കൊതുകിനെതിരെ സ്പ്രൈ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നത്തെ കുറിച്ച് മറ്റ് ചിലര്‍ ഓർമ്മപ്പെടുത്തി. കൊതുകുകളെ ഉറവിടത്തില്‍ നിന്നും തന്നെ നശിപ്പിക്കണമെന്നായിരുന്നു ചിലരുടെ ആവശ്യം. 'കൊതുകല്ലത് സൂപ്പമാനാ'ണെന്നായിരുന്നു ഒരു കുറിപ്പ്