'പോലീസിന് എന്തും ആകാമെന്നോ?'; റെയ്ഡിനിടെ കാപ്പി കപ്പുകൾ തല്ലിപ്പൊട്ടിക്കുന്ന സബ് ഇൻസ്പെക്ടറുടെ വീഡിയോ വൈറൽ

Published : Jul 13, 2026, 04:31 PM IST
sub inspector smashing coffee cups

Synopsis

പൂനെയിലെ ഒരു കഫേ റെയ്ഡിനിടെ ഭക്ഷണം ലാത്തി ഉപയോഗിച്ച് തട്ടിത്തെറിപ്പിച്ച സബ് ഇൻസ്പെക്ടറുടെ വീഡിയോ വൈറലായിരുന്നു. തുടർന്ന് സസ്പെൻഷനിലായ ഉദ്യോഗസ്ഥൻ നിയമപരമായാണ് പ്രവർത്തിച്ചതെന്ന് കണ്ടെത്തിയതോടെ സസ്പെൻഷൻ പിൻവലിച്ചു. ഈ തീരുമാനം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

നിയമപാലകരാണ് പോലീസ്. അക്രമവും അനീതിയും കണ്ടാൽ നടപടിയെടുക്കാൻ അധികാരമുള്ള സർക്കാർ ഉദ്യോഗസ്ഥൻ. എന്നാൽ, പലപ്പോഴും പോലീസിന്‍റെ നടപടികൾ വലിയ വിമർശനങ്ങൾക്കും കാരണമാകാറുണ്ട്. പോലീസ് പലപ്പോഴും ആളെ നോക്കിയാണ് നടപടികൾ എടുക്കാറുള്ളതെന്നാണ് ഇതിലെ ഏറ്റവും വലിയ ആരോപണം. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോ പോലീസ് ഉദ്യോഗസ്ഥരുടെ യഥാർത്ഥ മനോഭാവം കാണിക്കുന്നതായിരുന്നു. ഒരു കഫേയിൽ നടന്ന റെയ്ഡിനിടെ അവിടെ ആളുകൾ കുടിച്ച് കൊണ്ടിരുന്ന ഭക്ഷണവും കാപ്പി കപ്പുകളും തന്‍റെ ലാത്തി ഉപയോഗിച്ച് അടിച്ച് തെറിപ്പിക്കുന്ന സബ് ഇന്‍സ്പെക്ടറെ കാണാം. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്.

വീഡിയോ വൈറൽ, പിന്നാലെ സസ്പെൻഷൻ

പൂനെയിലെ ഫെർഗൂസൺ കോളേജ് റോഡിലെ ഫ്ലൈയിംഗ് ജിപ്‌സി കഫേയിൽ നടന്ന എൻഫോഴ്‌സ്‌മെന്‍റ് റെയ്ഡിനിടെയാണ് സംഭവം. റെയ്ഡിനിടെ കഫേയിലേക്ക് കയറി പോലീസ് ഉദ്യോഗസ്ഥൻ തന്‍റെ ലാത്തി ഉപയോഗിച്ച് അവിടെ കണ്ട സാധനങ്ങൾ, പ്രത്യേകിച്ചും ആളുകൾ കഴിച്ച് കൊണ്ടിരുന്ന ഭക്ഷണം, കാപ്പി എന്നിവ അടിച്ച് തെറിപ്പിക്കുന്നു. അദ്ദേഹം എന്തോ വീര്യ കൃത്യം ചെയ്യുന്നത് പോലെയാണ് അവ അടിച്ച് തെറിപ്പിച്ചത്. വീഡിയോ വൈറലായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ സബ് ഇന്‍സ്പെക്ടർക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നു. പിന്നാലെ പോലീസ് സബ് ഇൻസ്‌പെക്ടർ സന്ദീപ് കദമിനെ വകുപ്പ് തല അന്വേഷണത്തിന്‍റെ ഭാഗമായി സസ്പെന്‍റ് ചെയ്തു. എന്നാൽ, അന്വേഷണത്തിൽ പോലീസ് നിയമങ്ങളും നടപടി ക്രമങ്ങളും പാലിച്ച് കൊണ്ടായിരുന്നു സന്ദീപ് കദം പ്രവർത്തിച്ചതെന്നാണ് പോലീസ് കണ്ടെത്തിയത്. ഇതോടെ പൂനെ പോലീസ് കമ്മീഷണർ അമിതേഷ് ഇയാളുടെ സസ്പെൻഷൻ പിൻവലിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

 

 

എല്ലാം നിയമപരമായ കാര്യങ്ങൾ മാത്രം

പോലീസ് റിപ്പോർട്ട് പ്രകാരം, ഫ്ലൈയിംഗ് ജിപ്‌സി കഫേയ്‌ക്കെതിരെ ആവർത്തിച്ച് പരാതികൾ ലഭിച്ചിരുന്നു, കൂടാതെ കഫേ അടയ്ക്കുന്ന അനുവദനീയ സമയം കഴിഞ്ഞും പ്രവർത്തിച്ചു എന്നത് അടക്കമുള്ള ആറ് നിയമലംഘനങ്ങൾ നടത്തിയെന്നും ഈ ആറിലും കഫേയ്ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഡെക്കാൻ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കഫേയിൽ ജൂൺ 7 -നാണ് എൻഫോഴ്‌സ്‌മെന്‍റ് ഡ്രൈവ് നടന്നത്. വീഡിയോ വൈറലായതിന് പിന്നാലെ ജൂൺ 29 -നാണ് സന്ദീപ് കദമിനെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെന്‍റ് ചെയ്തത്. എന്നാൽ അന്വേഷണത്തിൽ സന്ദീപ് നിയമപരമായ കാര്യങ്ങൾ മാത്രമേ ചെയ്തിട്ടൊള്ളൂവെന്നാണ് പോലീസ് കണ്ടെത്തിയത്. ഇതോടെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചതും. എന്നാൽ പോലീസിന്‍റെ ഈ തീരുമാനം സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർത്തി. എന്നാൽ, പോലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി പോലീസിന്‍റെ മനോവീര്യം കെടുത്തുമെന്ന നിലപാടിലായിരുന്നു മുൻ പോലീസ് ഉദ്യോഗസ്ഥർ.

PREV
Read more Articles on
click me!

Recommended Stories

പാടത്തിരുന്ന മോട്ടോർ മോഷ്ടിച്ചെന്ന് ആരോപണം, യുവാക്കളെ ഇലക്ട്രിക്ക് പോസ്റ്റിൽ കെട്ടിയിട്ട് വൈദ്യുതി കടത്തിവിട്ടു, വീഡിയോ വൈറൽ പിന്നാലെ അറസ്റ്റ്!
കണ്ണിൽച്ചോരയില്ലാത്ത കൂട്ടം, കാണിച്ചുവച്ചിരിക്കുന്നത് കണ്ടില്ലേ? ഹോംസ്റ്റേയിൽ അതിക്രമം, കെയർടേക്കറെയും വെറുതെവിട്ടില്ല