
ലോക്കൽ സർവീസുകൾ കുറച്ച് ഇന്ത്യൻ റെയിവേ യാത്രക്കാർക്കായി പ്രീമിയം സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചു. എന്നാൽ, ഈ സർവ്വീസുകളുടെ ഗുണനിലവാരത്തെ പറ്റി പരാതികൾ ഉയരുന്നു. ബിക്കാനീർ എക്‌സ്പ്രസ് ട്രെയിനിലെ ഫസ്റ്റ് ക്ലാസ് എസി കോച്ചിനുള്ളിൽ ഒരു മഴ പെയ്തൊപ്പേഴേക്കും ചോരുകയാണെന്ന പരാതിയാണ് ഉയർന്നത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. എസി ഡക്ടിൽ നിന്നും ടോയ്‌ലറ്റിന് സമീപത്ത് നിന്നും കോച്ചിനുള്ളിലേക്ക് വെള്ളം ശക്തമായി ഒഴുകുന്നത് വീഡിയോയിൽ വ്യക്തമാണ്. പിന്നാലെ പരിഹാസവുമായി സമൂഹ മാധ്യമ ഉപയോക്താക്കൾ സജീവമായി.
യാത്രക്കാർ വലിയ തുക നൽകി ടിക്കറ്റെടുക്കുന്ന ഫസ്റ്റ് ക്ലാസ് എസി കോച്ചിന്‍റെ അവസ്ഥയെ പരിഹസിച്ചും ഇന്ത്യൻ റെയിൽവേയുടെ അനാസ്ഥയെ വിമർശിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. കോച്ചിനുള്ളിലെ ചോർച്ച കാരണം ട്രെയിനിനകത്ത് ഒരു 'മിനി വെള്ളച്ചാട്ടം' തന്നെ രൂപപ്പെട്ടതുപോലെയാണ് ദൃശ്യങ്ങൾ. ട്രെയിനിലെ യാത്രക്കാരുടെ ബാഗുകളും മറ്റ് സാധനസാമഗ്രികളും വെള്ളത്തിൽ കുതിർന്ന് നശിച്ചതായും റിപ്പോർട്ടുകളുണ്ട്. വീഡിയോ പ്രചരിച്ചതോടെ റെയിൽവേ അധികൃതർക്കെതിരെ കടുത്ത പരിഹാസവുമായി നെറ്റിസൺസ് രംഗത്തെത്തി. ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കായി റെയിൽവേ ഒരുക്കിയ "ഗംഭീരമായ ഓപ്പൺ ഷവർ സൗകര്യം" എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. "കൂടുതൽ പണം നൽകുന്ന യാത്രക്കാർക്ക് റെയിൽവേ നൽകുന്ന പ്രത്യേക വിനോദസഞ്ചാര അനുഭവമാണിത്, ട്രെയിനിനുള്ളിൽ തന്നെ വെള്ളച്ചാട്ടം ആസ്വദിക്കാം" എന്നിങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ പരിഹാസ കുറിപ്പുകൾ. യാത്രക്കാർക്ക് ഷാംപൂവും ബോഡി വാഷും കൂടി റെയിൽവേ സൗജന്യമായി നൽകേണ്ടതായിരുന്നുവെന്നും ചിലർ എഴുതി.
ये बीकानेर एक्सप्रेस के फर्स्ट AC का कोच है, शानदार झरने की व्यवस्था है शौचालय के अंदर नहीं, उसके बाहर! पधारो म्हारे देस... pic.twitter.com/stZbPsxUuS
— Anurag Dwary (@Anurag_Dwary) June 20, 2026
नरेंद्र मोदी के मार्गदर्शन और रील मंत्री अश्विनी वैष्णव के नेतृत्व में रेल यात्रियों को मिली नई सौगात 👇
• ट्रेन के फर्स्ट AC कोच में झरने की व्यवस्था की गई है
भीषण गर्मी से निजात पाने के लिए यात्री झरने का आनंद उठा पाएंगे। pic.twitter.com/h9gkrGzwFJ— Congress (@INCIndia) June 19, 2026
എന്നാൽ തമാശകൾക്കപ്പുറം യാത്രക്കാരിൽ നിന്ന് ഉയർന്ന പ്രീമിയം നിരക്കുകൾ ഈടാക്കിയിട്ടും ട്രെയിനുകളുടെ അടിസ്ഥാന സൗകര്യങ്ങൾ കൃത്യമായി പരിപാലിക്കാൻ റെയിൽവേയ്ക്ക് കഴിയാത്തതിൽ ജനങ്ങൾ കടുത്ത അമർഷം രേഖപ്പെടുത്തി. പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് വീഡിയോ പങ്കുവച്ച് കൊണ്ട് കേന്ദ്ര സർക്കാരിനും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനുമെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചു. പൊള്ളയായ പരസ്യപ്രചാരണങ്ങൾ നടത്തുന്നതിന് പകരം, റെയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ട്രെയിനുകൾ കൃത്യമായി പരിപാലിക്കുന്നതിനും സർക്കാർ ശ്രദ്ധിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇന്ത്യൻ റെയിൽവേയുടെ ഇന്നത്തെ ദയനീയ അവസ്ഥയ്ക്ക് ആരാണ് ഉത്തരവാദി എന്ന ചോദ്യവും പ്രതിപക്ഷം ഉയർത്തി. വന്ദേഭാരത് എക്സപ്രസ് ഉദ്ഘാടനം നടത്തുന്ന കേന്ദ്രസർക്കാർ എക്സ്പ്രസ് ട്രെയിനുകളിലെ യാത്രക്കാരുടെ ദുരിതങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്നെന്നും ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുമ്പോൾ അടിസ്ഥാന സൗകര്യവും സുരക്ഷയും ശുചിത്വവും വളരെ മോശം അവസ്ഥയിലാണെന്നും യാത്രക്കാർ പറയുന്നു. നേരത്തെ അവന്തിക എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളിലും സമാനമായ രീതിയിൽ ചോരുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.