മുംബൈയിൽ മൺസൂൺ എത്തിയതിന് പിന്നാലെ നഗരത്തിലെ പെഡ്ഡർ റോഡിലും പരിസരത്തും മയിലുകളും പ്രത്യക്ഷപ്പെട്ടു. റോഡിലൂടെ യാതൊരു ഭയവുമില്ലാതെ നടന്നുനീങ്ങുന്ന മയിലുകളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

കാത്തിരുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ മുംബൈ നഗരത്തിൽ എത്തിയതിന് പിന്നാലെ, മുംബൈ പെഡ്ഡർ റോഡിൽ മയിലുകൾ ഇറങ്ങിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കോൺക്രീറ്റ് കാടുകൾ നിറഞ്ഞ മുംബൈ നഗരമധ്യത്തിലൂടെ യാതൊരു ഭയവുമില്ലാതെ നടന്നു നീങ്ങുന്ന മയിലുകളുടെ ദൃശ്യം പ്രദേശവാസികൾക്കും യാത്രക്കാർക്കുമെല്ലാം കൗതുകം സമ്മാനിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിൽ, പെഡ്ഡർ റോഡിലൂടെ പെൺമയിലുകൾ നടന്നുപോകുന്നത് കാണാം. തൊട്ടടുത്തുള്ള കെംപ്സ് കോർണർ ഏരിയയിലെ ഒരു ഫ്ലാറ്റിന്റെ ബാൽക്കണിയിലെ കൈവരിയിൽ മയിൽ മനോഹരമായി ബാലൻസ് ചെയ്തു നിൽക്കുന്നതാണ് മറ്റൊരു വീഡിയോയിൽ കാണുന്നത്. 

Scroll to load tweet…

വഴിയാത്രക്കാരിൽ പലരും വണ്ടി നിർത്തിയാണ് ഈ അപൂർവ ദൃശ്യം മൊബൈലിൽ പകർത്തിയത്. ചൊവ്വാഴ്ചയാണ് മുംബൈയിൽ മഴയെ വരവേറ്റ് മയിലുകൾ എത്തിയത്. വൈകിയെത്തിയ മൺസൂണിനെ നഗരത്തിലേക്ക് സ്വാഗതം ചെയ്യാൻ പ്രകൃതിയൊരുക്കിയ വിസ്മയമാണിതെന്നാണ് ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് ഒരു ഇൻസ്റ്റാഗ്രാം യൂസർ കുറിച്ചത്.

View post on Instagram

ഈ മയിലുകൾ എവിടെ നിന്നാണ് നഗരമധ്യത്തിലേക്ക് എത്തിയത് എന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. തൊട്ടടുത്തുള്ള 'ടവർ ഓഫ് സൈലൻസ്', ഗോദ്‌റെജ് ബാഗ് എന്നിവിടങ്ങളിൽ നിന്നാകാം ഇവ എത്തിയതെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. ധാരാളം മരങ്ങളുള്ള ഈ കുന്നിൻ പ്രദേശങ്ങളിൽ മയിലുകൾ ധാരാളമായി ഉണ്ടെന്നും, മഴ പെയ്തതോടെ അവ റോഡിലേക്ക് ഇറങ്ങി വന്നതാകാമെന്നുമാണ് മുംബൈ നിവാസികളുടെ നിഗമനം. എന്തായാലും, തിരക്കുപിടിച്ച നഗരജീവിതത്തിനിടയിൽ മുംബൈക്കാർക്ക് മനസ്സ് നിറയ്ക്കുന്ന ഒരു കാഴ്ചയായി മാറിയിരിക്കുകയാണ് ഈ മയിലുകൾ.