
റിപ്പബ്ലിക് ദിനത്തിൽ, ജാർഖണ്ഡിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പോലീസ് സ്റ്റേഷന് മുന്നിൽ വച്ച് ഭാര്യയോടൊപ്പം നൃത്തം ചെയ്യുന്ന ഒരു റീലിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ പോലീസ് സേനയെ കുറിച്ചും അവരുടെ ഉത്തരവാദിത്വത്തെ കുറിച്ചും കൃത്യനിർവഹണത്തെ കുറിച്ചും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ച തന്നെ നടന്നു.
റിപ്പബ്ലിക് ദിനത്തിൽ പോലീസ് സ്റ്റേഷന് മുന്നിലൂടെ യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥനും ഭാര്യയും നടന്നു വരുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. അവർ രണ്ടുപേരും നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം. ഇതിനിടെ പോലീസ് ഉദ്യോഗസ്ഥൻ തന്‍റെ തലയിലിരുന്ന തൊപ്പി ഭാര്യയുടെ തലയിൽ വച്ച് കൊടുക്കുന്നു. പലാമു ജില്ലയിലെ ഹുസൈനാബാദ് പോലീസ് സ്റ്റേഷനിൽ നിയമിതനായ ഇൻസ്പെക്ടർ സോനു ചൗധരി എന്ന പോലീസ് ഉദ്യോഗസ്ഥനും ഭാര്യയുമാണ് വീഡിയോയിലുള്ളത്.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ നിരവധി പേരാണ് രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയത്. നിങ്ങൾ നിങ്ങളുടെ കടമകൾ ശരിയായി ചെയ്യുന്നുണ്ടോ അതോ ഭാര്യയോടൊപ്പം റീൽ നിർമ്മാണം മാത്രമേയുള്ളോയെന്നായിരുന്നു ഒരു കാഴ്ചക്കാരൻ ചോദിച്ചത്. വീഡിയോ വൈറലാവുകയും രൂക്ഷവിമർശനങ്ങളും ഉയർന്നതിന് പിന്നാലെ ഇൻസ്പെക്ടർ സോനു ചൗധരിയെ തൽസ്ഥാനത്ത് നിന്നും നീക്കി പകരം ചന്ദൻ കുമാറിനെ ഇന്‍സ്പെക്ടറായി നിയമിച്ചെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സോനു ചൗധരിയുടേത് അച്ചടക്കമില്ലായ്മയും മോശം പെരുമാറ്റവുവാണെന്ന് പലാമു റേഞ്ച് ഡിഐജി കിഷോർ കൗശൽ പറഞ്ഞു. യൂണിഫോമിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനും ഇത്തരം കാര്യങ്ങൾ ചെയ്യാൻ സ്വാതന്ത്ര്യമില്ലെന്നും അച്ചടക്ക നടപടിയുടെ ഭാഗമായാണ് സോനു ചൗധരിയെ മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.