കുട്ടികളെ നോക്കാൻ രണ്ട് പേർക്ക് മാസം 46,000 രൂപ; സഹായികളല്ല, കുടുംബാംഗങ്ങളെന്ന് യുവതി, വീഡിയോ

Published : Feb 14, 2026, 02:12 PM IST
Rs 46000 per month for nannies

Synopsis

ബംഗളൂരുവിലെ ഒരമ്മ തന്‍റെ രണ്ട് കുട്ടികളെ നോക്കുന്നതിനും വീട്ടുജോലികൾക്കുമായി രണ്ട് നാനിമാർക്ക് പ്രതിമാസം 46,000 രൂപ നൽകുന്നതിനെക്കുറിച്ച് പങ്കുവെച്ച വീഡിയോ വൈറലായി. ഈ വേതനം കുറവാണെന്നും ചൂഷണമാണെന്നും ഒരു വിഭാഗം വാദിക്കുന്നു. 

 

ബെംഗളൂരുവിലെ ഒരു അമ്മ തന്‍റെ കുഞ്ഞിനെ നോക്കുന്ന നാനിക്കായി (സഹായി) ചെലവാക്കുന്ന തുകയെക്കുറിച്ച് പങ്കുവെച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സലോനി പ്രിയ എന്ന യുവതിയാണ് തന്‍റെ വീട്ടിലെ സഹായ സംവിധാനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. മൂന്നും നാലും വയസ്സുള്ള രണ്ട് ആൺകുട്ടികളുടെ അമ്മയായ സലോനി, തന്‍റെ കുട്ടികളെ നോക്കുന്നതിനും വീട്ടുജോലികൾക്കുമായി രണ്ട് നാനിമാരെയാണ് നിയമിച്ചിരിക്കുന്നത്. രണ്ട് നാനിമാർക്കുമായി പ്രതിമാസം 46,000 രൂപയാണ് ഇവർ ശമ്പളമായി നൽകുന്നത്. ഇതിൽ പ്രധാന നാനിക്ക് ദിവസം 11 മണിക്കൂർ ജോലിക്കായി 32,000 രൂപയും, അവരെ സഹായിക്കാൻ നിൽക്കുന്ന രണ്ടാമത്തെ നാനിക്ക് 14,000 രൂപയും നൽകുന്നു.

കുട്ടിയെ നോക്കും ഒപ്പം വീടും

കുട്ടികളെ നോക്കുന്നതിനൊപ്പം പാചകം, വീട് വൃത്തിയാക്കൽ തുടങ്ങിയ കാര്യങ്ങളും ഇവർ ചെയ്യുന്നു. ആവശ്യമുള്ള സാഹചര്യങ്ങളിൽ രാത്രിയിലും ഇവർ വീട്ടിൽ സഹായത്തിനുണ്ടാകും. തന്‍റെ സഹായികളെ വെറും 'ജീവനക്കാർ' എന്നതിലുപരി കുടുംബാംഗങ്ങളെ പോലെയാണ് സലോനി കാണുന്നത്. വിശ്വസ്തരായ ആൾക്കാരെ കണ്ടെത്തിയാൽ അവരെ നഷ്ടപ്പെടുത്താറില്ലന്നും അവർ വ്യക്തമാക്കി. നല്ല സഹായികളെ കണ്ടെത്താൻ ഏജൻസികളെക്കാൾ ഉപരിയായി സ്വന്തം അപ്പാർട്ട്മെന്‍റിലെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ അല്ലെങ്കിൽ അയൽവാസികളോട് നേരിട്ട് അന്വേഷിക്കുക എന്നിവയാണ് മികച്ച മാർഗങ്ങളെന്നും സലോനി ഉപദേശിക്കുന്നു.

 

 

കുറഞ്ഞ തുകയെന്ന് നെറ്റിസെന്‍സ്

സലോനി നൽകുന്ന വേതനം കൊണ്ട് ഒരു നാനി തന്‍റെ നാട്ടിലുള്ള മൂന്ന് മക്കളെ പഠിപ്പിക്കുകയും വളർത്തുകയും ചെയ്യുന്നുണ്ട്. 'സ്ത്രീകൾ തങ്ങളുടെ വിഭവങ്ങൾ പരസ്പരം കൈമാറുന്നതിലൂടെ ഇരു കുടുംബങ്ങൾക്കും മികച്ച ജീവിതം നൽകാൻ സാധിക്കുന്നു' എന്നാണ് സലോനി ഇതിനെ വിശേഷിപ്പിച്ചത്. ഈ സഹായം ഉള്ളത് കൊണ്ട് തനിക്ക് സമാധാനത്തോടെ ജോലി ചെയ്യാനും ഒറ്റയ്ക്ക് യാത്ര ചെയ്യാനും സാധിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. സമൂഹ മാധ്യമങ്ങളിൽ വൈറലായ ഈ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇന്ത്യയിലെ കുറഞ്ഞ വേതന വ്യവസ്ഥയെ ചൂഷണം ചെയ്യുകയാണെന്നും മണിക്കൂറിന് വെറും 110 രൂപയോളമേ ഇവർക്ക് ലഭിക്കുന്നുള്ളൂവെന്നും ചിലർ വാദിക്കുന്നു. വികസിത രാജ്യങ്ങളിൽ ഇത്ര കുറഞ്ഞ തുകയ്ക്ക് ഇത്തരം സേവനം ലഭിക്കില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. ജോലി ചെയ്യുന്ന അമ്മമാർക്ക് ഇത്തരം സഹായം അത്യാവശ്യമാണെന്നും, ഇത് ഒരു 'ബാഡ് മദർ' എന്ന ലേബലിൽ നിന്ന് സ്ത്രീകളെ മോചിപ്പിക്കാൻ സഹായിക്കുമെന്നും മറ്റൊരു വിഭാഗം അഭിപ്രായപ്പെട്ടു.

 

PREV
Read more Articles on
click me!

Recommended Stories

എങ്ങനെ ഞാൻ പിരിയും? കരച്ചിലടക്കാനാവാതെ വധു, ചേർത്തുപിടിച്ച് വരൻ, ഓടിയെത്തി മക്കൾ
യാത്രക്കാരി പെരുവഴിയിൽ, ഓട്ടോ നിർത്തി മാതളനാരങ്ങ വാങ്ങി ഡ്രൈവർ, വൈറലായി വീഡിയോ