
ഒരു വ്യക്തിയുടെ സത്യസന്ധത ചിലപ്പോൾ രാജ്യത്തിന്‍റെ തന്നെ യശസുയർത്തുന്നു. അത്തരമൊരു സംഭവമാണ് ഹിമാചൽ പ്രദേശിൽ നിന്നും പുറത്ത് വരുന്നത്. മണാലിയിലെ ഒരു ടാക്സി ഡ്രൈവറാണ് തന്‍റെ ഓട്ടോയില്‍ മറന്ന് വച്ച വലിയേറിയ സാധനങ്ങൾ അടങ്ങിയ ബാഗ് വിനോദ സഞ്ചാരിക്ക് തിരിച്ച് നല്‍കിയത്. ആ ബാഗിൽ ഏകദേശം 4 ലക്ഷം രൂപയുടെ കാമറ അടക്കം 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സാധനങ്ങൾ ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നലെ നൂറുകണക്കിനാളുകളാണ് മനുഷ്യനിലെ വറ്റാത്ത നന്മയെ കുറിച്ച് എഴുതിയത്.
മണാലിയിലൂടെയുള്ള യാത്രയ്ക്കിടെ തന്‍റെ കാമറാ ബാഗ് എങ്ങനെ നഷ്ടപ്പെട്ടുവെന്ന് മുംബൈയിൽ നിന്നുള്ള സഞ്ചാരി വീഡിയോയിൽ വിവരിക്കുന്നു. ബാഗ് തിരികെ നൽകാൻ കാബ് ഡ്രൈവർ സതീഷ് കുമാർ ഏറെ ദൂരം വണ്ടിയോടിച്ച് തിരിച്ച് എത്തിയെന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നു. നഷ്ടപ്പെട്ടെന്ന് കരുതിയ ബാഗ് ഡ്രൈവറുടെ കൈയ്യിൽ നിന്നും സന്തോഷത്തോടെ സ്വീകരിച്ച ശേഷം സംഭവം വിവരിക്കുകയായിരുന്നു സഞ്ചാരി.
ഡ്രൈവറുടെ ഈ നല്ല പ്രവർത്തിയിൽ തനിക്ക് പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യക്കാർ അതിശയോക്തിക്ക് വഴങ്ങുകയോ വലിയ പ്രചാരണത്തെ ആശ്രയിക്കുകയോ ചെയ്യുന്നില്ല, എന്നിട്ടും യഥാർത്ഥ നായകന്മാർ നമുക്കിടയിൽ ഉണ്ടെന്ന കുറിപ്പോടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്.
സംഭവം വൈറൽ ആയതിന് പിന്നാലെ ഡ്രൈവറുടെ നിസ്വാർത്ഥതയെ പ്രശംസിച്ചു കൊണ്ട് സമൂഹ മാധ്യമ ഉപയോക്താക്കൾ രംഗത്തെത്തി. ഇത്തരം സത്യസന്ധത നിറഞ്ഞ പ്രവർത്തികൾ സാധാരണക്കാരിലും മനുഷ്യനിലുമുള്ള വിശ്വാസം വർധിപ്പിക്കുമെന്നാണ് മിക്കയാളുകളും കുറിച്ചത്. ലോകത്ത് ഇപ്പോഴും നന്മ നിലനിൽക്കുന്നുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് സംഭവമെന്നും ചിലരെഴുതി. പ്രതികൂലമായ വാർത്തകൾക്ക് മുൻതൂക്കം ലഭിക്കുന്ന ഈ കാലഘട്ടത്തിൽ, ഇത്തരത്തിലുള്ള സംഭവങ്ങൾ ഒരു പുത്തൻ ഉണർവ് നൽകുന്നെന്നും കുറിപ്പുകൾ പറയുന്നു. അതേസമയം, 'ഇന്ത്യ വിടുന്നതിന്‍റെ ആനുകൂല്യങ്ങൾ. നിങ്ങളുടെ മാക്ബുക്ക് നഷ്ടപ്പെട്ടാൽ അധികാരികൾ അത് നിങ്ങൾക്ക് തിരികെ നൽകും.' എന്ന കുറിപ്പോടെ അയർലൻഡിന്‍റെ തലസ്ഥാനമായ ഡബ്ലിനിൽ ഒരു മാക്ബുക്കുമായി ഇരിക്കുന്ന യുവതിയുടെ ചിത്രത്തിനുള്ള മറുപടിയായിട്ടായിരുന്നു ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്.