
ജോലി സമയം (Working Hours) എത്രയാക്കണമെന്നതിനെ കുറിച്ചുള്ള ചർച്ചയിലാണ് കുറച്ച് കാലമായി ഇന്ത്യയിലെ ശതകോടീശ്വരന്മാര്‍. ഇന്‍ഫോസിസ്, എൽ ആന്‍റ് ടി തുടങ്ങിയ സ്വകാര്യ തൊഴില്‍ ദാതാക്കൾ നിലവിലുള്ള ആഴ്ചയിലെ 48 മണിക്കൂര്‍ ജോലി സമയമെന്നത് 70 - 90 മണിക്കൂറായി ഉയർത്തണമെന്ന് അഭിപ്രായപ്പെട്ടു കഴിഞ്ഞു. പിന്നാലെ ഇതിനെതിരെയുള്ള സജീവമായ ചർച്ചകളും ഉയർന്നു. ഇതിനിടെ സമൂഹ മാധ്യമങ്ങളില്‍ പങ്കിവയ്ക്കപ്പെട്ട ഒരു യുവതിയുടെ വീഡിയോ വീണ്ടും ഇന്ത്യയിലെ ജോലി-ജീവിത സന്തുലിതാവസ്ഥയെക്കുറിച്ചുള്ള ചര്‍ച്ച സജീവമാക്കി.
ദില്ലി മെട്രോയ്ക്ക് അകത്ത് സ്ഥാപിച്ച 'വർക്ക് ലൈഫ് ഇംമ്പാലന്‍സ്ഡ്' ഒജിയുടെ സൗന്ദര്യവര്‍ദ്ധക ഉത്പന്നത്തിന്‍റെ പരസ്യ വാചകത്തിന് താഴെ ഇരുന്ന് ഒരു യുവതി ലാപ്പ്ടോപ്പില്‍ ജോലി ചെയ്യുകയും ഒപ്പം ഫോണില്‍ ആരോടോ അസ്വസ്ഥതയോടെ സംസാരിക്കുന്നതും കാണാം. ഇവർ ഇടയ്ക്ക് അസ്വസ്ഥതയോടെ തല ചൊറിയുന്നതും വീഡിയോയില്‍ കാണാം. 'ജോലി ജീവിതം അസന്തുലിതമാണ്. നിങ്ങളുടെ അണ്ടർ ആം പിഎച്ച് അങ്ങനെ ആയിരിക്കണമെന്നില്ല' എന്ന പരസ്യ വാചകവും യുവതിയുടെ അസ്വസ്ഥതയും കാഴ്ച്ചക്കാരെ ഏറെ ആകര്‍ഷിച്ചു. അവ തമ്മിലെ വൈരുദ്ധ്യം കാഴ്ചക്കാരും ശ്രദ്ധിച്ചു. പിന്നാലെ ഇന്ത്യയിലെ ജോലി-ജീവിത സന്തുലിതാവസ്ഥയെക്കുറിച്ച് നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങളെഴുതിയത്.
ചിലര്‍ വീഡിയോയ്ക്ക് താഴെ ഇന്‍ഫോസിസ് ഉടമ വി ആര്‍ നാരായണ മൂര്‍ത്തി, ജോലി സമയം 72 മണിക്കൂര്‍ ആക്കണമെന്ന് ആവശ്യപ്പെട്ട കാര്യം ഓർമ്മിപ്പിച്ച് കൊണ്ട് ചിലരെത്തി. ചൈനയുടെ '996' തൊഴിൽ സംസ്കാരത്തിന്‍റെ (ആഴ്ചയിൽ ആറ് ദിവസം രാവിലെ 9 മുതൽ രാത്രി 9 വരെ) ഉദാഹരണം ഉപയോഗിച്ച്, "ഒരു വ്യക്തിയോ, ഒരു സമൂഹമോ, ഒരു രാജ്യമോ ഒരിക്കലും കഠിനാധ്വാനമില്ലാതെ ഉയർന്നുവന്നിട്ടില്ല എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നായിരുന്നു നാരായണമൂര്‍ത്തി പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴ്ചയിൽ ഏകദേശം 100 മണിക്കൂർ ജോലി ചെയ്യുന്നുണ്ടെന്നും യുവ പ്രൊഫഷണലുകൾക്ക് ഇത് ഒരു മാതൃകയാണെന്നും മൂർത്തി കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ വീഡിയോയ്ക്ക് താഴെ നിരവധി പേരെഴുതിയത് ഇനി ഈ കുട്ടി എന്നായിരിക്കും ഒന്ന് ജീവിച്ച് തുടങ്ങുകയെന്നായിരുന്നു. ജോലി ഒഴിഞ്ഞൊരു നേരം കിട്ടി സ്വന്തം ജീവതത്തെ കുറിച്ച് അവൾ എന്ന് ചിന്തിച്ച് തുടങ്ങുമെന്ന് അവര്‍ ആശങ്കപ്പെട്ടു. അതേസമയം, നിരവധി രാജ്യങ്ങൾ ഇന്നും പിന്തുടരുന്ന എട്ട് മണിക്കൂര്‍ ജോലി എട്ട് മണിക്കൂര്‍ വിശ്രമം എട്ട് മണിക്കൂര്‍ വിനോദമെന്ന ഒരു ദിവസക്രമത്തെ കുറിച്ചും മറ്റ് ചിലര്‍ സൂചിപ്പിച്ചു.