സ്കൂളിന് മുന്നിൽ വച്ച് വെടിയേറ്റ് മരിച്ച ഉടമയുടെ വീഡിയോ പുറത്ത്; പോലീസ് എന്ത് നടപടിയെടുത്തെന്ന് നെറ്റിസെൺസ്

Published : Jun 15, 2026, 05:11 PM IST
Manisha Mithal

Synopsis

ഷിംലയിൽ സ്വകാര്യ സ്കൂൾ ഉടമയായ മനീഷ മിത്തൽ വെടിയേറ്റ് കൊല്ലപ്പെട്ടു. മരണത്തിന് മാസങ്ങൾക്ക് മുൻപ്, സ്വത്ത് തർക്കത്തെ തുടർന്ന് ബന്ധുക്കളിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും പോലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും അവർ ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയിരുന്നു.

 

ഹിമാചൽ പ്രദേശിലെ ഷിംലയിൽ സ്വകാര്യ സ്കൂൾ ഉടമയും അഡ്മിനിസ്ട്രേറ്ററുമായ സ്ത്രീയെ സ്കൂൾ കവാടത്തിന് മുന്നിൽ വെടിവെച്ച് കൊന്ന കേസിൽ വഴിത്തിരിവ്. സഞ്ജൗലിയിലെ 'സരസ്വതി പാരഡൈസ് ഇന്‍റർനാഷണൽ പബ്ലിക് സ്കൂൾ' ഉടമയായ മനീഷ മിത്തൽ (41) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം സ്കൂൾ ഗേറ്റിന് സമീപം ബൈക്കിലെത്തിയ അക്രമികൾ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ മനീഷ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. മനീഷയുടെ മരണത്തിന് പിന്നാലെ അവർ മരണത്തിന് മാസങ്ങൾക്ക് മുമ്പ് ചെയ്ത ഫേസ്ബുക് ലൈവ് വൈറലായി. വീഡിയോയിൽ തനിക്കെതിരെ ഭീഷണിയുണ്ടെന്ന് പോലീസിൽ അറിയിച്ചെന്നും എന്നാൽ, അവർ ഒരു നടപടിയും എടുത്തില്ലെന്നും മനീഷ ആരോപിക്കുന്നു. മനീഷയുടെ മരണത്തിന് പിന്നാലെ വീഡിയോ വൈറലായി. ഇതോടെ സമൂഹ മാധ്യമങ്ങളിൽ പോലീസിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.

ഫേസ്ബുക്ക് വീഡിയോയിലെ വെളിപ്പെടുത്തൽ

കൊല്ലപ്പെടുന്നതിനും മാസങ്ങൾക്ക് മുമ്പ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മനീഷ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. തന്‍റെ മാതാപിതാക്കൾ രണ്ട് പതിറ്റാണ്ട് മുൻപ് സ്ഥാപിച്ച സ്കൂളാണിതെന്നും അവരുടെ മരണശേഷം സ്കൂളിന്‍റെ നടത്തിപ്പ് ചുമതല തനിക്കാണെന്നും മനീഷ വീഡിയോയിൽ വ്യക്തമാക്കുന്നു. എന്നാൽ, സ്കൂളിന്‍റെ സ്വത്തുക്കളെയും ഉടമസ്ഥതയെയും ചൊല്ലി സ്വന്തം സഹോദരനും ചില ബന്ധുക്കളും തനിക്കെതിരെ വ്യാജരേഖകൾ ചമച്ചതായും മനീഷ ആരോപിക്കുന്നു.

ഭീഷണികളെ തുടർന്ന് കഴിഞ്ഞ ഒന്നര മാസമായി മനീഷ തന്‍റെ പ്രായപൂർത്തിയാകാത്ത മകൾക്കൊപ്പം സ്കൂൾ കാമ്പസിനുള്ളിലെ വീട്ടിലാണ് താമസം. "എനിക്ക് നേരെ വലിയ രീതിയിലുള്ള ഭീഷണികളുണ്ട്, നിന്നെ ഞാൻ കൊന്നുകളയും എന്ന് അവർ ഫോണിലൂടെ ആക്രോശിച്ചു. എന്‍റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടു. സോഷ്യൽ മീഡിയയിലൂടെ ഞാനും എന്‍റെ മകളും വലിയ രീതിയിലുള്ള അപവാദ പ്രചാരണങ്ങൾ നേരിടുന്നുണ്ട്," എന്നിങ്ങനെ മനീഷ വീഡിയോയിൽ പറയുന്നു. സംരക്ഷണം ആവശ്യപ്പെട്ട് ഷിംലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും പോലീസിന്‍റെ ഭാഗത്ത് നിന്നും ഒരു ഇടപെടലോ സുരക്ഷയോ ഉണ്ടായില്ലെന്നും മനീഷ ആരോപിക്കുന്നു. കോടതിയിൽ കേസ് നിലനിൽക്കെ തന്നെ ഗുണ്ടകളെ ഉപയോഗിച്ച് എതിർവിഭാഗം തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും അവർ പറയുന്നു.

 

 

 

 

സ്കൂളിന് മുന്നിൽ വച്ച് കൊലപാതകം

ശനിയാഴ്ച വൈകുന്നേരം 6.50 ഓടെ സ്കൂളിന് സമീപമുള്ള കടയിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങി വരുന്നവഴി സ്കൂളിന്‍റെ ഒന്നാം നമ്പർ ഗേറ്റിന് സമീപത്ത് വച്ച് ഹെൽമറ്റും മാസ്കും ധരിച്ച് ബൈക്കിലെത്തിയ രണ്ട് പേർ ഇവരെ തടഞ്ഞ് നിർത്തി. വിലാസം ചോദിക്കാനെന്ന വ്യാജേന അടുത്ത് വന്ന അക്രമികളിലൊരാൾ പെട്ടെന്ന് കൈയിലുണ്ടായിരുന്ന തോക്കെടുത്ത് മനീഷയുടെ തലയിലേക്ക് വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ഉടൻ തന്നെ അവർ നിലത്തുവീണു. തുടർന്ന് അക്രമികൾ രണ്ടുതവണ കൂടി വെടിയുതിർത്ത ശേഷം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. പിന്നാലെ പോലീസ് സംഭവസ്ഥലത്തെത്തി. ഫോറൻസിക് വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചെന്നും പോലീസ് അറിയിച്ചു.

സോഷ്യൽ മീഡിയ പ്രതികരണം

മനീഷ മിത്തലിന്‍റെ പഴയ വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള ജനരോഷമാണ് ഉയരുന്നത്. തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് ഒരു സ്ത്രീ പരസ്യമായി പറഞ്ഞിട്ടും എന്തുകൊണ്ട് പോലീസ് അവർക്ക് കൃത്യമായ സുരക്ഷ നൽകിയില്ലെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചോദിക്കുന്നു. പോലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് ഒരു ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്നും കുറ്റവാളികളെ എത്രയും വേഗം പിടികൂടി ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യമുയർന്നു. കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

'ഇതെന്‍റെ സ്വപ്നജോലിയാണ്, വലിയ സന്തോഷമാണ്'; എയർ ഇന്ത്യയിലെ ക്ലീനിം​ഗ് സ്റ്റാഫിന്റെ വീഡിയോ
ഞെട്ടിക്കുന്ന സംഭവം; നടുറോഡിൽ കാറിലിരുന്ന് യുവതി ഉറങ്ങിപ്പോയി, വൻ ട്രാഫിക് ബ്ലോക്ക്