
അനുയോജ്യയായ ജീവിതപങ്കാളിയെ കണ്ടെത്താൻ കോർപ്പറേറ്റ് ശൈലിയിൽ എക്സൽ സപ്രെഡ്ഷീറ്റ് ട്രാക്കർ തയ്യാറാക്കി സോഷ്യൽ മീഡിയയിൽ തരംഗമായ യുവാവിന് ഒടുവിൽ മംഗല്യയോഗം. ഹരിയാന സ്വദേശിയും 29 -കാരനുമായ ഡാറ്റാ അനലിസ്റ്റ് വികാസ് ആണ് തന്‍റെ നീണ്ട തിരച്ചിലിനൊടുവിൽ അനുയോജ്യയായ പങ്കാളിയെ കണ്ടെത്തിയ സന്തോഷവാർത്ത ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്.
'ദ വിക്കാ ചാപ്റ്റർ' (@thevikkchapter) എന്ന തന്‍റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വികാസ് ഈ 'ഡാറ്റാ പ്രണയകഥ' പങ്കുവെച്ചിരിക്കുന്നത്. അനുയോജ്യയായ പെൺകുട്ടിയെ തെരഞ്ഞെടുക്കുന്നതിന് മുൻപ് ഏകദേശം 55 -ഓളം യുവതികളോട് സംസാരിച്ചിരുന്നുവെന്ന് വികാസ് വ്യക്തമാക്കുന്നു. "55 -ഓളം പെൺകുട്ടികളോട് സംസാരിച്ചു, പലവിധ സംഭാഷണങ്ങൾ, നിരസിക്കലുകൾ, പുനർചിന്തകൾ, വീട്ടുകാരുമായുള്ള ചർച്ചകൾ, 'നോക്കാം' എന്ന് പറഞ്ഞുള്ള കാത്തിരിപ്പുകൾ... വരാനിരിക്കുന്ന ആലോചനകൾ ട്രാക്ക് ചെയ്യുകയാണെന്നാണ് ഞാൻ കരുതിയത്; എന്നാൽ യഥാർത്ഥത്തിൽ എന്‍റെ ജീവിതപങ്കാളിയിലേക്കുള്ള വഴിയായിരുന്നു ഞാൻ ട്രാക്ക് ചെയ്തുകൊണ്ടിരുന്നത്," - വികാസ് കുറിച്ചു.
2025 നവംബർ മുതൽ 2026 ജൂലൈ വരെയുള്ള തന്‍റെ അറേഞ്ച്ഡ് മാരേജ് അന്വേഷണത്തിന്‍റെ വിവരങ്ങളാണ് വികാസ് സപ്രെഡ്ഷീറ്റിൽ രേഖപ്പെടുത്തിയത്. വരാനിരിക്കുന്ന ആലോചനകളുടെ നിലവിലെ അവസ്ഥ അറിയാൻ "Open", "Closed", "On Hold", "Talking" എന്നിങ്ങനെ പ്രത്യേക കാറ്റഗറികൾ തന്നെ ഇതിലുണ്ടായിരുന്നു. പെൺകുട്ടികളിൽ നിന്നും അവരുടെ മാതാപിതാക്കളിൽ നിന്നും ലഭിച്ച മറുപടികൾ, സംസാരിക്കുമ്പോൾ തോന്നിയ വൈബ്, ഇരുവരുടെയും ജീവിതമൂല്യങ്ങൾ ഒത്തുപോകുന്നുണ്ടോയെന്ന കാര്യങ്ങൾ എന്നിവയെല്ലാം അദ്ദേഹം കൃത്യമായി ട്രാക്കറിൽ നോട്ട് ചെയ്തിരുന്നു.
താൻ ഒടുവിൽ പങ്കാളിയായി തെരഞ്ഞെടുത്ത പെൺകുട്ടിയുമായി 2025 നവംബർ മുതൽ തന്നെ സംസാരിക്കുന്നുണ്ടായിരുന്നുവെന്ന് അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കുന്നു. ആദ്യ ഘട്ടങ്ങളിൽ ഓരോ മാസവും ശരാശരി ഒമ്പത് പെൺകുട്ടികളോടാണ് വികാസ് സംസാരിച്ചിരുന്നത്. എന്നാൽ ഏപ്രിൽ മാസത്തിനുശേഷം മറ്റ് ആലോചനകൾ നോക്കുന്നത് പൂർണ്ണമായും നിർത്തുകയും പിന്നീട് ഈ പെൺകുട്ടിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയുമായിരുന്നു.
വിവാഹാലോചനകളെ ഇത്രയും പ്രൊഫഷണലായി സമീപിച്ച വികാസിന്‍റെ രീതിക്ക് വൻ ജനശ്രദ്ധയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. കൗതുകകരമായ നിരവധിയേറെ കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. "എന്‍റെ പഴയ മാനേജർക്ക് നിങ്ങളെപ്പോലെയൊരു ജീവനക്കാരനെ കിട്ടിയാൽ പുള്ളി ഭയങ്കര ഹാപ്പിയാകും. പുള്ളിക്ക് ട്രാക്കറുകളോട് വല്ലാത്ത ഭ്രമമായിരുന്നു," ഒരു ഉപയോക്താവ് തമാശയായി കുറിച്ചു. "കോർപ്പറേറ്റ് പരിചയ സമ്പത്തിന്‍റെ ശരിയായ ഉപയോഗം!" എന്നായിരുന്നു മറ്റൊരു കുറിപ്പ്.