
കുടുംബത്തിലെ എല്ലാവരും ജോലി ചെയ്താൽ മാത്രം മുന്നോട്ട് പോകാമെന്നതാണ് ഇന്നത്തെ നമ്മുടെ സമൂഹികാവസ്ഥ. എഐ നിരവധി തൊഴിലുകളെ അപ്രത്യക്ഷമാക്കുമെന്ന ആശങ്ക, യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്ന കാലത്ത് പ്രത്യേകിച്ചും. പക്ഷേ, ചിലപ്പോഴൊക്കെ മാറ്റി നിർത്താൻ പറ്റാത്ത ചില ചോദ്യങ്ങളെ നമ്മൾ അഭിമുഖീകരിക്കേണ്ടിവരും. താൻ നേരിടേണ്ടി വന്ന അത്തരമൊരു ചോദ്യം ഒരു യുവതി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടപ്പോൾ രാജ്യത്തെ തൊഴിൽ - ജീവിത നിലവാരത്തെ കുറിച്ചും അവയുടെ പരസ്പരപൂരണത്തെ കുറിച്ചും നിരവധി പേരാണ് അഭിപ്രായം പറയാനെത്തിയത്. പിന്നാലെ യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
justherthoughts_lav എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍റിലിലൂടെ ലാവണ്യ വദ്ദാനം എന്ന യുവതിയാണ് തന്‍റ മകനിൽ നിന്നും നേരിടേണ്ടിവന്ന ചോദ്യത്തെ കുറിച്ച് സംസാരിച്ചത്. തെലുങ്കിൽ തന്‍റെ മകനുമായി നടത്തിയ വൈകാരിക സംഭാഷണത്തെ കുറിച്ച് അവർ സംസാരിച്ചു. തന്‍റെ ഏഴ് വയസുകാരനായ മകൻ, തന്നോട് ജോലിയാണോ അതോ അവനാണോ ഏറ്റവും പ്രാധാന്യമെന്ന് ചോദിച്ചെന്ന് ലാവണ്യ പറയുന്നു. അതിന് കാരണമുണ്ട്. ഒരു ദിവസം രാവിലെ അവൻ തിരിച്ചെത്തിയിട്ട് ഒരു ഗ്രീറ്റിംഗ് കാർഡ് ഒരുമിച്ച് ഉണ്ടാക്കാമോയെന്ന് അമ്മയോട് ചോദിച്ചിരുന്നു. അവൾ അതിന് സമ്മതിക്കുകയും ചെയ്തു. പക്ഷേ, അന്ന് ഓഫീസ് ജോലി തീരാൻ ഏറെ വൈകി. അതോടെ വൈകി വീട്ടിലെത്തിയപ്പോൾ അസ്വസ്ഥനായ മകനെയാണ് കണ്ടത്. എന്താണ് പ്രശ്നമെന്ന് ചോദിച്ചപ്പോഴായിരുന്നു അവന്‍റെ ഈ ചോദ്യം.
താനാണോ അതോ ഓഫീസാണോ അമ്മയ്ക്ക് പ്രധാനമെന്നായിരുന്നു അവന്‍റെ ചോദ്യം. വിചിത്രമായ ചോദ്യമാണെന്നും അവനല്ലാതെ മറ്റൊന്നും തനിക്ക് പ്രധാനമല്ലെന്നും അവനോട് പറഞ്ഞു. പക്ഷേ, ആ കുഞ്ഞ് മനസിന് അത് സ്വീകാര്യമായതായി തോന്നിയില്ല. പിന്നാലെ രാത്രിയിൽ കിടക്കുന്നതിന് മുമ്പ് തന്‍റെ ജോലിയുടെ സ്വഭാവത്തെ കുറിച്ചും വൈകി മാത്രം ഇറങ്ങാൻ പറ്റുന്നതിനെ കുറിച്ചും. നിലവിൽ ജോലി ഇല്ലാതെ ജീവിക്കാൻ പറ്റില്ലെന്നതും അവനോട് പറഞ്ഞ മനസിലാക്കേണ്ടി വന്നു. ഇത്തരം പ്രശ്നങ്ങൾക്കിടെയിൽ അവനോടൊപ്പം സമയം ചെലവഴിക്കാൻ പറ്റാത്തത് കൊണ്ട് അവനോട് സ്നേഹമില്ലെന്നല്ല അർത്ഥമെന്ന് കൂട്ടിച്ചേർത്തെന്നും ലാവണ്യ വീഡിയോയിൽ പറയുന്നു. ഒടുവിൽ, തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് അവനെന്ന് ഉറപ്പ് നൽകയെന്നും ലാവണ്യ കൂട്ടിച്ചേർത്തു.
വീഡിയോ വൈറലായതിന് പിന്നാലെ മക്കളോട് തങ്ങളുടെ സ്നേഹത്തെ കുറിച്ച് സംസാരിക്കേണ്ടി വരുന്ന അച്ഛനമ്മമാരെ കുറിച്ച് നിരവധി പേരാണ് കുറിച്ചത്. പ്രൊഫഷണൽ ഉത്തരവാദിത്വവും രക്ഷാകർതൃത്വവും ഒന്നിച്ച് കൊണ്ട് പോകേണ്ടതിന്‍റെ സങ്കീർണതകളെ കുറിച്ചും ചിലർ എഴുതി. സ്വന്തം മകനോട് ഇത്തരത്തിൽ സംസാരിക്കാൻ തയ്യാറായതിന് ചിലർ ലാവണ്യയെ അഭിനന്ദിച്ചു. പലർക്കും അതിന് കഴിയാതെ പോകുന്നത് കുടുംബത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾക്കുള്ള തുടക്കമാകുമെന്നും ചിലർ ചൂണ്ടിക്കാട്ടി. കുട്ടികളെ ഇത്തരത്തിൽ ചെറുപ്പത്തിൽ തന്നെ കാര്യങ്ങൾ വിശദീകരിച്ച് വ്യക്തമാക്കി കൊടുത്ത് വളർത്തുന്നത് വളരെ നല്ലതാണെന്നും ചിലർ ചൂണ്ടിക്കാണിച്ചു.