മുതലയുടെ വായിൽ തലയിട്ട് മൃഗശാല സൂക്ഷിപ്പുകാരൻ; പിന്നീട് സംഭവിച്ചത് ഇങ്ങനെ

Published : Feb 26, 2023, 10:45 AM IST
മുതലയുടെ വായിൽ തലയിട്ട് മൃഗശാല സൂക്ഷിപ്പുകാരൻ; പിന്നീട് സംഭവിച്ചത് ഇങ്ങനെ

Synopsis

സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ഞെട്ടലോടെ അല്ലാതെ കണ്ടു തീർക്കാൻ ആകില്ല. ദുർബല ഹൃദയർ കാണരുത് എന്ന മുന്നറിയിപ്പോടുകൂടി തന്നെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിൽ ഓരോ നിമിഷവും നിരവധി വീഡിയോകളാണ് പ്രത്യക്ഷപ്പെടാറുള്ളത്. അവയിൽ പലതും നമ്മെ അത്ഭുതപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ കൗതുകം ജനിപ്പിക്കുന്ന പഴയ വീഡിയോകൾ വീണ്ടും വൈറൽ ആകുന്നതും പതിവാണ്. 

സമാനമായ രീതിയിൽ കാഴ്ചക്കാരനെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന ഒരു പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വീണ്ടും വൈറൽ ആവുകയാണ്. ഒരു മൃഗശാല സൂക്ഷിപ്പുകാരൻ തന്റെ തല മുഴുവനായി ഒരു മുതലയുടെ വായിലേക്ക് ഇടുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ. earth.reel എന്ന ഇൻസ്റ്റാഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ ഇപ്പോൾ വീണ്ടും ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. 2017 -ൽ തായ്‌ലൻഡിലെ കോ സാമുയി ദ്വീപിൽ സൗജന്യമായി നടന്ന മുതല പ്രദർശനത്തിനിടെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇതെന്നാണ് എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ഞെട്ടലോടെ അല്ലാതെ കണ്ടു തീർക്കാൻ ആകില്ല. ദുർബല ഹൃദയർ കാണരുത് എന്ന മുന്നറിയിപ്പോടുകൂടി തന്നെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിശ്ചലനായിരിക്കുന്ന മുതലയുടെ വായിലേക്ക് ഒരു മൃഗശാല സൂക്ഷിപ്പുകാരൻ തൻറെ തല കയറ്റി വയ്ക്കുന്നു. ഏതാനും സെക്കന്റുകൾ മുതല അതേ രീതിയിൽ തന്നെ നിശ്ചലനായി തുടരുന്നു. എന്നാൽ, തീർത്തും അപ്രതീക്ഷിതമായി തൊട്ടടുത്ത നിമിഷം മുതല അയാളുടെ തലയിൽ പിടിമുറുക്കി കശക്കിയെറിയാൻ ശ്രമിക്കുന്നു. ഇതിനിടയിൽ വളരെ തന്ത്രപൂർവ്വം അയാൾ തൻറെ തല മുതലയുടെ വായിൽ നിന്ന് തിരികെ എടുക്കുന്നതാണ് വീഡിയോയിൽ. 

ആ സാഹസത്തിനിടയിൽ അയാളുടെ തലയിൽ പരിക്കേറ്റിട്ടുണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, ജീവന് എന്ത് സംഭവിച്ചു എന്ന കാര്യം അജ്ഞാതമാണ്. തായ്‌ലൻഡിൽ ഇത്തരത്തിലുള്ള മുതല പ്രദർശനങ്ങൾ നടത്തുന്നത് പതിവാണ്. പലപ്പോഴും ഇങ്ങനെ നടത്തുന്ന പ്രദർശനങ്ങളിൽ മുതലകളുമായുള്ള ഏറ്റുമുട്ടലിൽ പല ജീവനക്കാർക്കും കൈവിരലുകൾ ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. വീഡിയോ കണ്ട പലരും അമ്പരപ്പോടെ മൃഗശാല സൂക്ഷിപ്പുകാരനെ കുറിച്ച് സംസാരിച്ചപ്പോൾ മറ്റൊരു വിഭാഗം ആളുകൾ ഇത്തരം വിഡ്ഢിത്തം കാണിക്കുന്നതിൽ നിന്നും മാറി നിൽക്കൂ എന്നാണ് അഭിപ്രായപ്പെട്ടത്. സ്വന്തം ജീവൻ പണയം വെച്ച് കളിക്കരുതെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.

 

(ചിത്രം പ്രതകാത്മകം)

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും