
ഹോളിവുഡ് നടൻ ടോം ക്രൂയിസ്, ടേക്ക് ഓഫ് ചെയ്യുന്നതിനിടെ ഒരു സൈനിക വിമാനത്തിന്‍റെ വശത്ത് തൂങ്ങിക്കിടക്കുന്ന, 'മിഷൻ: ഇംപോസിബിൾ – റോഗ് നേഷൻ' എന്ന സിനിമയിലെ സ്റ്റണ്ട് വിജയകരമായി പുനരാവിഷ്കരിച്ച് അമേരിക്കൻ യൂട്യൂബർ മിഷേൽ ഖാരെ. സ്റ്റണ്ടിനായി നടത്തിയ പരിശീലനം, സ്റ്റണ്ട് ഒരുക്കുന്നതിലെ വെല്ലുവിളികൾ, അത് പൂർത്തിയാക്കൽ എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് സമഗ്രമായ വീഡിയോ ഖാരെ തന്‍റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചു. ഈ ഐക്കോണിക് സ്റ്റണ്ട് വിജയകരമായി പുനഃസൃഷ്ടിച്ച ഏക വ്യക്തിയും മിഷേൽ ഖാരെയാണ്.
2015-ൽ പുറത്തിറങ്ങിയ മിഷൻ: ഇംപോസിബിൾ – റോഗ് നേഷൻ' എന്ന സിനിമയിലാണ് ടോം ക്രൂയിസ്, ടേക്ക് ഓഫ് ചെയ്യുന്നതിനിടെ ഒരു സി-130 സൈനിക വിമാനത്തിന്‍റെ വശത്ത് തൂങ്ങിക്കിടക്കുന്ന രംഗങ്ങൾ ഉണ്ടായിരുന്നത്. ആ സാഹസിക രംഗങ്ങൾ അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ സാഹസിക പ്രകടനമാണ് ഖാരെയും അനുകരിക്കാൻ ശ്രമിച്ചത്. സിനിമയിൽ ഉപയോഗിച്ച യഥാർത്ഥ എയർബസ് എ400എം (Airbus A400M) ലഭ്യമല്ലാത്തതിനാൽ, ടോം ക്രൂയിസ് പരിശീലനങ്ങൾക്ക് ഉപയോഗിച്ചതിന് സമാനമായ ഒരു സി-130 സൈനിക വിമാനത്തിലാണ് ഇവർ സ്റ്റണ്ട് ചെയ്തത്.
വിമാനം ഏകദേശം 150 mph (240 km/h) വേഗതയിൽ പറക്കുമ്പോഴാണ് ഈ അതിസാഹസിക പ്രകടനം ഖാരെ നടത്തിയത്. സിനിമയിലെ ടോം ക്രൂയിസിന്‍റെ യഥാർത്ഥ സ്റ്റണ്ടിൽ സുരക്ഷാ ഉപകരണങ്ങൾ ദൃശ്യമായിരുന്നില്ല. അതിൽ നിന്ന് വ്യത്യസ്തമായി, ഖാരെ സേഫ്റ്റി ഹാർനസ് ഉപയോഗിച്ചിരുന്നു. എന്നാൽ, പാരച്യൂട്ട്, ഹെൽമറ്റ്, കണ്ണട (goggles) എന്നിവ ഒഴിവാക്കി. കാരണം ഈ പ്രത്യേകതരം സ്റ്റണ്ടിന് അവ സഹായകരമല്ലെന്നാണ് വിലയിരുത്തപ്പെട്ടത്.
ആഴ്ചകളോളം നീണ്ടുനിന്ന തീവ്രമായ പരിശീലനത്തിന് ശേഷമാണ് ഖാരെ ഈ സ്റ്റണ്ട് വിജയകരമായി പൂർത്തീകരിച്ചത്. അഭിമുഖീകരിക്കേണ്ടി വരുന്ന കാറ്റിന്‍റെ ശക്തിയെ നേരിടാൻ വിൻഡ് ടണൽ പരിശീലനവും കഴുത്തിന്‍റെയും ശരീരത്തിന്‍റെ മുകൾ ഭാഗത്തെയും ബലപ്പെടുത്തലും ഇതിൽ ഉൾപ്പെടുന്നു. തന്‍റെ കൂടെ ഒരു സ്റ്റണ്ട് ചെയ്യാൻ ടോം ക്രൂയിസിനെ ക്ഷണിക്കുന്നതിന് വേണ്ടിയാണ്, അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ സ്റ്റണ്ടുകളിൽ ഒരെണ്ണം പുനരാവിഷ്കരിച്ചതെന്നും ഖാരെ പറഞ്ഞു.