തായ്‍ലൻഡിലെ അരിക്കൊമ്പൻ; ഒന്നും നോക്കിയില്ല, കടയിൽ കയറി അരി കൊണ്ട് ഉണ്ടാക്കിയ സ്നാക്സ് പാക്കറ്റുകളുമായി മടങ്ങി, വീഡിയോ വൈറൽ

Published : Jun 05, 2025, 03:31 PM ISTUpdated : Jun 05, 2025, 03:33 PM IST
wild elephant entered the shop in Thailand

Synopsis

ഖാവോ യായ് ദേശീയോദ്യാനത്തിലെ ഒരു കാട്ടാനയായ പ്ലായി ബിയാങ് ലെക് ആണ് കടയില്‍ കയറിയ ആനയെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

 

കാട്ടാനകൾ നാട്ടിലിറങ്ങുന്നത് മനുഷ്യന് എപ്പോഴും ഭീഷണിയായിട്ടുള്ള കാര്യമാണ്. ജനവാസ മേഖലകളിൽ പരമാവധി നാശനഷ്ടങ്ങൾ വിതച്ചാണ് പലപ്പോഴും ഇത്തരത്തിൽ നാട്ടിൽ ഇറങ്ങുന്ന കാട്ടാനകൾ തിരികെ പോകാറ്. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ആന ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. തായ്‌ലൻഡിലാണ് സംഭവം. കൂട്ടംതെറ്റി നാട്ടിൽ ഇറങ്ങിയ ഈ കാട്ടാന ആരെയും ഉപദ്രവിക്കാനും നാശനഷ്ടങ്ങൾ വരുത്താനും ഒന്നും നിന്നില്ല. പകരം വിശന്നപ്പോൾ ഒരു കടയിൽ കയറി തനിക്ക് ആവശ്യമുള്ളത്ര പലഹാരങ്ങളും എടുത്ത് മടങ്ങി. കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നാമെങ്കിലും സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിരവധി പേരാണ് പങ്കുവച്ചത്.

തായ്‌ലൻഡിലെ ഖാവോ യായ് മേഖലയിലെ ഒരു കൺവീനിയൻസ് സ്റ്റോറിലാണ് ഈ കാട്ടാന തനിക്ക് ആവശ്യമുള്ള സാധനങ്ങൾ എടുക്കാൻ കയറിയത്. കടയിൽ നിറയെ സാധനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും കക്ഷിയുടെ കണ്ണുടക്കിയത് അരികൊണ്ട് ഉണ്ടാക്കിയ ഭക്ഷണ വസ്തുക്കളുടെ പാക്കറ്റുകളിലാണ്. പിന്നെ വൈകിയില്ല അവിടെ നിന്ന് തന്നെ വയറുനിറയെ കഴിക്കുകയും പിന്നീട് കഴിക്കുന്നതിനായി ഏതാനും എണ്ണം തുമ്പിക്കയിൽ ശേഖരിച്ച ശേഷമാണ് ആള് കടയിൽ നിന്നും മടങ്ങിയത്.

 

 

ആന കടയിലേക്ക് കയറിയത് ആളുകളിൽ ഭീതി പടർത്തുകയും കടയ്ക്ക് ചെറിയതോതിലുള്ള തകരാറുകൾ സംഭവിക്കുകയും ചെയ്തെങ്കിലും മറ്റൊരുതരത്തിലുമുള്ള ഉപദ്രവവും ആർക്കും വരുത്താതെയാണ് ഈ ആന മടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതുകൊണ്ടുതന്നെ ഈ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടയിലും ആശങ്കയെക്കാൾ കൂടുതൽ ചിരിയാണ് പടർത്തിയത്. അടുത്തുള്ള ഖാവോ യായ് ദേശീയോദ്യാനത്തിലെ ഒരു കാട്ടാനയായ പ്ലായി ബിയാങ് ലെക് ആണ് ആനയെന്ന് പിന്നീട് തിരിച്ചറിഞ്ഞതായി ദി ഇൻഡിപെൻഡന്‍റന്‍റ് റിപ്പോർട്ട് ചെയ്തു. വളരെ സൗമ്യമായി നിന്നുകൊണ്ട് കടയിൽ നിന്നും തനിക്ക് ആവശ്യമുള്ള സാധനങ്ങൾ എടുത്ത് കഴിക്കുന്ന ആനയുടെ വീഡിയോ ഏറെ കൗതുകകരമാണ്. @bangkokcommunityhelp എന്ന അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഭീകര ബോറിംഗ്, ജോലി ഉപേക്ഷിക്കുന്നുവെന്ന് ജെൻ സി; അഭിനന്ദനവും വിമർശനവും, വീഡിയോ വൈറൽ
തെരുവിൽ കഴിയുന്നവർക്ക് മദ്യവും വെട്ടുകത്തിയും വിതരണം ചെയ്ത് ഇൻഫ്ലുവൻസർ; സംരക്ഷണത്തിനെന്ന് വാദം, വിവാദം