
കോഴിക്കോട് സ്വദേശിനിയായ സോഫ്റ്റ് വെയർ എഞ്ചിനീയർ ശരണ്യ, കർണാടക കുടകിലെ കാടുകളിൽ ട്രക്കിംഗിനിടെ ഒറ്റപ്പെട്ടതും പിന്നീട് തിരിച്ച് വന്നതുമാണ് തെരഞ്ഞെടുപ്പ് ചൂടിനിടെയിലും മലയാള സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം. നാല് നാൾ കൊടുങ്കാട്ടിനുള്ളിൽ അതിജീവിച്ച് പുറത്തെത്തിയ ശരണ്യയുടെ തിരിച്ച് വരവിൽ പലരും പല തരം സംശയങ്ങളാണ് ഉയർത്തിയിരിക്കുന്നത്. ഭക്ഷണവും വെള്ളവും ഇല്ലാതെ ഭയപ്പെടുത്തുന്ന കാറ്റിൽ ഒരു പെണ്‍കുട്ടി ഒറ്റയ്ക്ക് അതിജീവിച്ചതെങ്ങനെയെന്നത് പലർക്കും ഉൾക്കൊള്ളാൻ പോയിട്ട് അംഗീകരിക്കാൻ പോലും കഴിയുന്നില്ലെന്ന് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന കുറിപ്പുകൾ തെളിവ് നൽകുന്നു. എന്നാൽ, ശരണ്യയുടെ അതിജീവനം 'ഒരു പണിയും ഇല്ലാതിരിക്കുമ്പോൾ വെറുതെ ഇടുന്നൊരു കമന്‍റ് പോലെ നിസരമല്ലെന്ന് എഴുതുകയാണ് ട്രക്കർ കൂടിയായ ദുർഗാ പ്രസാദ്.
ഒരു പണിയുമില്ലാതെ കുറിപ്പുകളെഴുതുന്നവരുടെ യഥാർത്ഥ പ്രശ്നം ശരണ്യ കാട്ടിൽ കുടുങ്ങിയതോ രക്ഷപ്പെട്ട് എത്തിയതോ അല്ലെന്നും അത് സ്ത്രീകളോടുള്ള വിരോധം മാത്രമാണെന്നും ദുർഗ്ഗാ പ്രസാദ് ചൂണ്ടിക്കാണിക്കുന്നു. കാടുകയറ്റം നിസാരമായ ഒന്നല്ലെന്നും തൊട്ട് മുന്നിൽ മരണം പോലും പ്രതീക്ഷിച്ച് ചെയ്യുന്ന ഒന്നാണെന്നും ദുർഗാപ്രസാദ് തന്‍റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞുവയ്ക്കുന്നു. കോയമ്പത്തൂർ ബോളുവംപെട്ടി ഫോറസ്റ്റ് റേഞ്ചിലുള്ള വെള്ളിയങ്കേരി മല അഞ്ചാം തവണ കയറിയിറങ്ങുമ്പോൾ തനിക്കുണ്ടായ ഒരു അനുഭവത്തിലൂടെയാണ് കാടുകയറ്റത്തിൽ ഒരു ട്രക്കർ നേരിടുന്ന നേരനുഭവങ്ങളെന്താണെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നത്.
ഇന്നലെ കോയമ്പത്തൂർ ബോളുവംപെട്ടി ഫോറസ്റ്റ് റേഞ്ചിലുള്ള വെള്ളിയങ്കേരി മല കയറിയിറങ്ങി. കുറേ വർഷങ്ങളായി പോകാറുള്ള ഇടമാണ്. ഇപ്പോൾ അഞ്ചാം തവണയാണ് പോയത്.
5.800 അടി ഉയരത്തിലുള്ള മലകയറ്റം അതികഠിനമാണ്. പൂണ്ടി എന്ന അടിവാരത്തിൽ നിന്നും 6 മലകൾ താണ്ടി വേണം ഏഴാമത്തെ മലയിലെ ഗുഹാക്ഷേത്രത്തിൽ എത്തിച്ചേരാൻ. അഗസ്ത്യർ അടക്കമുള്ള പ്രാചീന തമിഴകത്തെ പതിനെട്ട് സിദ്ധരിൽ പ്രധാനിയായ പാമ്പാട്ടി സിദ്ധരുടെ ഗുഹ മൂന്നാമത്തെ മലയിലുണ്ട്. ഏഴാം മലയുടെ പീക്കിൽ നിന്നും നോക്കിയാൽ താഴെ ശിരുവാണി ഡാമിന്‍റെ ഭാഗങ്ങൾ കാണാൻ കഴിയും. ആദ്യത്തെ മൂന്ന് മലകൾ കയറി നാലാം മല കയറിയിറങ്ങി വേണം പുൽമേട് നിറഞ്ഞ അഞ്ചാം മലയിൽ എത്തിച്ചേരാൻ തുടർന്നുള്ള രണ്ടുമലകൾ ചെങ്കുത്തായതും
കാലുകൾ തെന്നിപ്പോവുന്ന റിസ്ക് ഉള്ളതുമാണ്. ഏഴാം മലയുടെ മുകളിലെ ഗുഹാക്ഷേത്രത്തിൽ പ്രാചീന തമിഴ് സിദ്ധർ ഉപാസിച്ചിരുന്ന വെള്ളിയെങ്കേരി ആണ്ടവർ എന്ന ശിവപെരുമാൻ കുടികൊള്ളുന്നു. നഞ്ചിയമ്മ പാടി പ്രശസ്തമായ അട്ടപ്പാടിയിലെ ഇരുള നൃത്തത്തിലെ പാട്ടുകളിൽ 'വെള്ളിയെങ്കേരിദേവാ ആണ്ടവരേ...' എന്ന് പരാമർശിക്കുന്നുണ്ട്.
ഇരുളരുടെ മിക്ക പാട്ടുകളിലും ഈ മല പ്രതിപാദിക്കുന്നുണ്ട്. മലമുടിയിൽ നിന്നും നോക്കിയാൽ എതിർവശത്ത് നിരന്നു കാണാനാവുന്നത് അട്ടപ്പാടി ഉൾപ്പെടുന്ന മലനിരകളാണ്.
രണ്ടാമത്തെ മല മുതൽ മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കില്ല. മിക്കപ്പോഴും പാതിവഴിയിൽ തന്നെ എന്‍റെ മൊബൈൽ ചാർജ് തീർന്നു പോകാറുമുണ്ട്. മലയിൽ വൈദ്യുതിയില്ലാത്തതിനാൽ പവർ ബാങ്ക് ആണ് ഏക ആശ്രയം. രണ്ട് ലിറ്റർ കുടിവെള്ളമാണ് മിക്കവരും കയ്യിൽ കരുതാറുള്ളത്. അത് തീരുമ്പോൾ ആണ്ടിചുനൈ, കൈതട്ടിചുനൈ എന്നിങ്ങനെ പേരുകളുള്ള രണ്ട് നീരുറവകളുണ്ട്. വെള്ളം അവിടെ നിന്ന് കുപ്പിയിൽ ശേഖരിക്കാവുന്നതാണ്.
ഇത്തവണത്തെ യാത്രയിൽ മനസ്സിനെ നിശ്ചലമാക്കിയ ഒരു അനുഭവമുണ്ടായി.
തിരികെ മലയിറങ്ങുമ്പോൾ നാലാം മലയിൽ ഒരാളുടെ മടിയിൽ മറ്റൊരാളെ കിടത്തിയിരിക്കുന്നത് കണ്ടു. ഒരു ഫോറെസ്റ്റ് ഗാഡ് അടുത്ത് നിന്ന് തോർത്തുകൊണ്ട് വീശുന്നുണ്ട്. എന്താണെന്ന് തിരക്കിയപ്പോൾ ആൾ കുഴഞ്ഞു വീണതാണ് പൾസ് തീരെ ഇല്ലെന്ന് പറഞ്ഞു. താഴെ നിന്നും മെഡിക്കൽ ടീമും ഫോറസ്റ്റ് ഉദ്യോഗസ്ഥരും വരുന്നുണ്ട് എന്നാരോ പറഞ്ഞു. മൂന്നാമത്തെ മലയിൽ എത്തുമ്പോൾ ഒരു ഓക്സിജൻ സിലിണ്ടറും ട്രോളിയും തലച്ചുമടായെടുത്ത് ഒരു സംഘം പോകുന്നത് കണ്ടു. അടിവാരത്തു നിന്നും
മൂന്ന് മണിക്കൂറെങ്കിലും സഞ്ചാരിച്ചാലേ അദ്ദേഹം വീണ് കിടക്കുന്ന ഇടത്ത് എത്താൻ കഴിയൂ.
മെഡിക്കൽ സംഘത്തെ കണ്ടപ്പോൾ അദ്ദേഹം രക്ഷപ്പെടുമെന്നോർത്ത് ആശ്വസിച്ചു മലയിറങ്ങി. ഒന്നാമത്തെ മലയിൽ വിശ്രമിക്കുമ്പോൾ നാല് പേർ ട്രോള്ളിയിൽ അദ്ദേഹത്തിന്‍റെ ചേതനയറ്റ ശരീരവുമായി മലയിറങ്ങി വരുന്നു. എന്‍റെയും ശ്വാസം നിലച്ചുപോകുന്ന തരത്തിലുള്ള ഒരു കാഴ്ച്ചയായിരുന്നു അത്. പിന്നീടുള്ള ഓരോ അടിയിറങ്ങുമ്പോഴും അദ്ദേഹത്തിന്‍റെ കിടപ്പായിരുന്നു മനസ്സിൽ.
ഒടുവിൽ അടിവാരത്തെത്തി ഫോണിൽ തമിഴ് ന്യൂസ് നോക്കിയപ്പോൾ അന്നുതന്നെ രണ്ട് പേർ മരിച്ചതായി വാർത്ത കണ്ടു. അതിന്‍റെ തലേ ദിവസം മരിച്ചത് 23 വയസ്സ് മാത്രമുള്ള യുവാവ് ആണ്.
ഇതിപ്പോൾ പറയാൻ കാരണം കുടകിൽ കുടുങ്ങിയ ശരണ്യയെ ആക്ഷേപിക്കുന്ന കമന്‍റുകൾ കണ്ടത് കൊണ്ടാണ്. മലകയറുമ്പോൾ കൂട്ടം തെറ്റിയാൽ ഉണ്ടാവുന്ന അവസ്ഥ മനസ്സിലാക്കാതെ സേഫ്സോണിൽ ഇരുന്ന് ധീരയായ ഒരു സ്ത്രീയെ അപമാനിക്കുന്ന പ്രബുദ്ധരേ, നിങ്ങളുടെ യഥാർത്ഥ പ്രശ്നം സ്ത്രീകളോടുള്ള വിരോധം മാത്രമാണ്. ട്രക്ക് ചെയ്യുന്ന ഒരാൾ കൂട്ടംതെറ്റി ഒറ്റപ്പെട്ടാൽ അയാളെ രക്ഷപ്പെടുത്താൻ ഫോറസ്റ്റ് വകുപ്പിന് സ്‌ക്വാഡുകൾ ഉണ്ട്. മല കയറാൻ ഒരുങ്ങുന്നവർ ഇതുപോലെയുള്ള അപായങ്ങൾ ഏത് നിമിഷവും മുന്നിൽ കണ്ടുതന്നെയാണ് പുറപ്പെടുന്നത്.
ഒരു പണിയുമില്ലാതെ വെറുതെ കമന്‍റ് ഇടാൻ ആർക്കും കഴിയും പക്ഷേ, നാലുദിവസം അരലിറ്റർ വെള്ളവുമായി വന്യമൃഗങ്ങളുള്ള കാട്ടിൽ ഒറ്റയ്ക്ക് അതിജീവിക്കാൻ കഴിയുകയെന്നത് നിസ്സാരകാര്യമല്ല. ശരണ്യക്ക് അഭിവാദ്യങ്ങൾ.