'നട്ടെല്ലില്ലാത്ത ജീവികളുടെ നട്ടെല്ലാകാൻ' വയനാട്ടുകാരൻ ഡോ ധനീഷ് ഭാസ്ക‍ർ

Published : Mar 14, 2026, 05:18 PM IST
Dr Dhaneesh Bhaskar

Synopsis

വയനാട് സ്വദേശിയായ ഡോ. ധനീഷ് ഭാസ്കർ ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സംഘടനയായ IUCN-ന്‍റെ ഇൻവെർട്ടിബ്രേറ്റ് കൺസർവേഷൻ കോർഡിനേറ്ററായി നിയമിതനായി. പശ്ചിമഘട്ടത്തിലെ പുൽച്ചാടികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ, നിരവധി പുതിയ ഇനങ്ങളെ കണ്ടെത്തൽ, ഷഡ്പദ സംരക്ഷണത്തിലെ സംഭാവനകൾ എന്നിവയാണ് ഈ നേട്ടത്തിന് പിന്നിൽ 

 

ലോകമെമ്പാടുള്ള ഷഡ്പദങ്ങൾ ഉൾപ്പെടെയുള്ള നട്ടെല്ലില്ലാത്ത ജീവിവർഗങ്ങളുടെ സംരക്ഷണത്തിന് ഇനി മലയാളി നേതൃത്വം നൽകും. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ സ്വദേശിയായ ഡോ ധനീഷ് ഭാസ്കർ, ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സംഘടനയായ International Union for Conservation of Nature (IUCN) -ന്‍റെ സ്പീഷീസ് സർവൈവൽ കമ്മീഷന്‍റെ കീഴിൽ പ്രവർത്തിക്കുന്ന, യുഎസ്എയിലെ ഇന്ത്യാനപോളിസ് ആസ്ഥാനമായ Global Center for Species Survival -ൽ Invertebrate Conservation Coordinator ആയി നിയമിതനായിരിക്കുന്നു. IUCN -യുടെ ഗ്രാസ്ഹോപ്പർ സ്പെഷ്യലിസ്റ്റ് ഗ്രൂപ്പിൽ ഏഷ്യയുടെ ചുമതലയുള്ള വൈസ് ചെയർ എന്ന നിലക്ക് ഏഷ്യൻ രാജ്യങ്ങളിലെ പുൽച്ചാടികളുടെ സംരക്ഷണ പ്രവർത്തികളുടെ ഏകോപനം ഡോ ധനേഷിന്‍റെ ചുമതലയാണ്.

IUCN -യും ചെമ്പട്ടികയും

IUCN ലോകത്തിലെ ജീവജാലങ്ങളുടെ വംശനാശ ഭീഷണി വിലയിരുത്തുന്ന “റെഡ് ലിസ്റ്റ് ഓഫ് ത്രെറ്റൻഡ് സ്പീഷീസ്” (Red List of Threatened Species) എന്ന ആഗോള ഡാറ്റാബേസ് തയ്യാറാക്കുന്ന സംഘടനയാണ്. 1964 -ൽ ആരംഭിച്ച ഈ ചെമ്പട്ടിക (Red List) ഈ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ജീവജാലങ്ങളുടെ ഏറ്റവും സമഗ്രമായ ശാസ്ത്രീയ വിലയിരുത്തലായി പരിഗണിക്കപ്പെടുന്നു. ഒരു ജീവിവർഗ്ഗത്തിന്‍റെ എണ്ണത്തിലുള്ള കുറവ്, അതിന്‍റെ നിലനിൽപ്പിന് നേരിടേണ്ടിവരുന്ന ഭീഷണികൾ തുടങ്ങിയവയെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഇത്തരത്തിൽ രേഖപ്പെടുത്തപ്പെടുന്ന ജീവിവർഗങ്ങളുടെ സംരക്ഷണ പദ്ധതികൾ കോഓർഡിനേറ്റ് ചെയ്യുന്ന ആദ്യ ഏഷ്യൻ വംശജൻ കൂടിയാണ് ഡോ ധനീഷ്.

മുൻ ഗവേഷണങ്ങൾ

ഡോ. ധനീഷ് ഭാസ്കറിന്‍റെ ഗവേഷണജീവിതം പ്രധാനമായും പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബയോഡൈവേഴ്സിറ്റി ഹോട്ട്സ്പോട്ടുകളിൽ ഒന്നാണ് പശ്ചിമഘട്ടം. ഇവിടെയുള്ള നിരവധി ജീവിവർഗ്ഗങ്ങൾ ലോകത്ത് മറ്റൊരിടത്തും കാണാത്തവയാണ്. പ്രത്യേകിച്ച് ഷഡ്പദങ്ങൾ ഉൾപ്പെടുന്ന അകശേരുക്കളായ ജീവികളിൽ അനേകം അപൂർവ ഇനങ്ങൾ ഇവിടെ നിലനിൽക്കുന്നു. ഈ മേഖലയിൽ നടത്തിയ ഗവേഷണങ്ങളിലൂടെ അദ്ദേഹം നിരവധി പുതിയ സ്പീഷീസുകളും പുതിയ ജീനസുകളും ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തി. ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ സംരക്ഷിത വനപ്രദേശങ്ങളിലൂടെയും ദേശീയോദ്യാനങ്ങളിലൂടെയും നടത്തിയ ദീർഘകാല ഫീൽഡ് പഠനങ്ങളാണ് അദ്ദേഹത്തിന്‍റെ ഗവേഷണങ്ങളുടെ അടിസ്ഥാനം.

ടെറ്റിലോബസ് ത്രിശൂല

ഡോ ധനീഷിന്‍റെ പ്രത്യേക ശ്രദ്ധ നേടിയ കണ്ടെത്തലുകളിൽ ഒന്നാണ് “Tettilobus trishula” എന്ന അപൂർവ പുൽച്ചാടി ഇനം. ഇത് ശാസ്ത്രലോകത്ത് “Shiva’s Pygmy Trishula” എന്ന പേരിലും അറിയപ്പെടുന്നു. കേരളത്തിലെ ഇരവികുളം നാഷണൽ പാർക്ക് പ്രദേശത്താണ് ഈ ഇനത്തെ കണ്ടെത്തിയത്. ഏകദേശം 2,200 മീറ്റർ ഉയരത്തിലുള്ള ഷോള വനമേഖലയിലാണ് ഈ ചെറിയ പുൽച്ചാടികൾ ജീവിക്കുന്നത്. മരങ്ങളുടെ തൊലിയിൽ മഞ്ഞുപോലെ പടർന്നിരിക്കുന്ന പായലുകളും മോസ്സും നിറഞ്ഞ ഈർപ്പമുള്ള സ്ഥലത്താണ് ഇവയുടെ പ്രധാന ആവാസവ്യവസ്ഥ. ചെറിയ ശരീരവലിപ്പവും പ്രത്യേക ആകൃതിയുള്ള പുറം ഘടനയും ഇതിനെ മറ്റ് പുൽച്ചാടി ഇനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.

ഇതുപോലുള്ള പല പുൽച്ചാടി ഇനങ്ങളും വളരെ ചെറിയ ഭൗമ പ്രദേശങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത്. ചിലത് പറക്കാൻ പോലും കഴിയാത്തവയാണ്. അതുകൊണ്ട് തന്നെ അവയുടെ ആവാസവ്യവസ്ഥയിൽ ചെറിയ മാറ്റങ്ങൾ വന്നാൽ പോലും അവയുടെ വംശത്തിന് തന്നെ വലിയ ഭീഷണി നേരിടേണ്ടിവരുന്നു. വനനശീകരണം, കാലാവസ്ഥാ മാറ്റം, പുൽമേടുകളുടെ നാശം തുടങ്ങിയവ ഇവയുടെ നിലനില്പിനെ നേരിട്ട് ബാധിക്കുന്നു. അതിനാൽ ഇത്തരം ജീവികളെ “bio-indicator species” എന്നും വിളിക്കുന്നു. ഒരു പ്രദേശത്തിന്‍റെ പരിസ്ഥിതി ആരോഗ്യനില വിലയിരുത്താൻ ഈ ജീവികളുടെ സാന്നിധ്യം ഏറെ സഹായകരമാണ്.

ദ്രാവിഡാക്രിസ് അണ്ണാമലൈക്ക

ഡോ. ധനീഷ് ഭാസ്കറിന്‍റെ ഗവേഷണങ്ങളിൽ മറ്റൊരു ശ്രദ്ധേയമായ കണ്ടെത്തലാണ് “Dravidacris annamalaika” എന്ന പുതിയ ജീനസ്. തമിഴ്നാട്ടിലെ ആനമലൈ മലനിരകളിൽ കണ്ടെത്തിയ ഈ പുൽച്ചാടി, ദ്രാവിഡഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ജീവിവികാസത്തിന്‍റെ തെളിവുകളെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് വഴി തുറന്നു. ഈ ജീനസിന് “Dravidacris” എന്ന പേര് നൽകിയത് ദക്ഷിണേന്ത്യയിലെ ദ്രാവിഡ സംസ്കാരത്തിന്‍റെ ഭാഗമായ പ്രത്യേക ജൈവവൈവിധ്യത്തെ ആദരിക്കുന്നതിനായാണ്. ഈ ഇനത്തിന് പ്രത്യേകമായ ശരീരഘടനയും ചിറകുകളുടെ രൂപഭേദങ്ങളും കാണപ്പെടുന്നു. ഉയർന്ന മലനിരകളിലെ പുൽമേടുകളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്.

അജരേത സൈരന്ധ്രിയൻസിസ്

നിശബ്ദതയുടെ താഴ്വാരയായ സൈലന്‍റ്വാലിയിൽ നിന്നും ഡോ ധനീഷ് ഭാസ്കറും സംഘവും കണ്ടെത്തിയ പുൽച്ചാടിയാണ് അജരേത സൈരന്ധ്രിയൻസിസ് (Ajareta sairandhriensis). നിശബ്ദതയുടെ താഴ്വാരത്തെ ശബ്ദാനമാനമാക്കുന്ന അജരേത സൈരന്ധ്രിയൻസിസിന്‍റെ ശബ്ദം പക്ഷേ, മനുഷ്യന്‍റെ കർണപഠങ്ങളിൽ പതിയില്ല. ഒരിക്കലും 3.3 kHz ന് മുകളില്‍ പോകാത്ത 17–22 മില്ലിസെക്കൻഡ് മാത്രമുള്ള അജരേത സൈരന്ധ്രിയൻസിസുകളുടെ ശബ്ദം മനുഷ്യന്‍റെ കേൾവിക്ക് പുറത്താണ്. സൈലന്‍റ്വാലിയിലെ പുൽച്ചാടികളുടെ കണ്ടെത്തൽ ജൈവശാസ്ത്ര ലോകത്ത് ഏറെ ശ്രദ്ധേയമായൊരു പഠനമാണ്. അതോടൊപ്പം അജരേത കെർവാസെ (Ajareta kervasae, Karnadaka), അജരേത മെരിഡിയോനാലിസ് (Ajareta meridionalis, Kerala) എന്നിവയെയും സംഘം കണ്ടെത്തിയിരുന്നു.

ക്ലാഡോണോട്ടസ് ഭാസ്കരി

ശ്രീലങ്കയിലെ സിൻഹരാജ മഴക്കാടുകളിൽ നിന്നും ക്രൊയേഷ്യ, ജർമനി എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ കണ്ടെത്തിയ ക്ലാഡോണോട്ടസ് ജീനസിൽപ്പെട്ട കുഞ്ഞൻ പുൽച്ചാടിയുടെ പേര്, ക്ലാഡോണോട്ടസ് ഭാസ്കരി (Cladonotus Bhaskari) എന്നാണ്. ബ്രീട്ടീഷുകാരുടെ പിന്മാറ്റത്തോടെ ഇന്ത്യയിൽ നിലച്ച് പോയ അകശേരുക്കളുടെ പഠനത്തെ വീണ്ടും മുന്നോട്ട് കൊണ്ട് പോയത് ധനീഷ് ഭാസ്കറാണ്. പുല്‍ച്ചാടി ഗവേഷണത്തിന് ഏറെ നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കിയ ഡോ ധനീഷ് ഭാസ്കറിന്‍റെ പേരാണ് ഗവേഷണ സംഘം ഈ പുല്‍ച്ചാടിക്ക് നല്‍കിയത്.

സുമാത്രയിൽനിന്നും മറ്റ് രണ്ട് പുൽച്ചാടികളെ കൂടി ധനീഷ് കണ്ടെത്തിയിരുന്നു. 2020 -ൽ മോപ്ല ഗട്ടേറ്റ (Mopla Guttata) എന്ന പുൽച്ചാടി വർഗത്തെ പറമ്പിക്കുളത്ത് വെച്ച് 70 വർഷത്തിന് ശേഷം ധനീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിരുന്നു. മുമ്പ് ബ്രിട്ടീഷുകാർ രേഖപ്പെടുത്തിയതിന് ശേഷം വീണ്ടും ഈ പുൽച്ചാടിയെ രേഖപ്പെടുത്തുന്നത് ധനീഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്. 2019 -ല്‍ വയനാട് കർണാടക അതിർത്തിയിൽ റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്ന ജീവികളെ കുറിച്ചുള്ള ധനീഷിന്‍റെ പഠനം അന്താരാഷ്ട്രാ ശ്രദ്ധ നേടിയിരുന്നു.

ഇന്ത്യയിൽ 1033-ഓളം പുൽച്ചാടികൾ

ഇന്ത്യയിൽ ഏകദേശം 1033-ഓളം പുൽച്ചാടി ഇനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയിൽ ഭൂരിഭാഗത്തിനും ഇതുവരെ സംരക്ഷണ നില (conservation status) നിർണ്ണയിച്ചിട്ടില്ല. പല ഇനങ്ങളും ബ്രിട്ടീഷ് കോളനിവത്കരണ കാലഘട്ടത്തിൽ വിദേശ ഗവേഷകർ തിരിച്ചറിഞ്ഞവയാണ്. അതിനാൽ അവയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പുതിയ പഠനങ്ങൾ അനിവാര്യമാണ്. ഈ പശ്ചാത്തലത്തിലാണ് IUCN Species Survival Commission -ന്‍റെ Grasshopper Specialist Group ഇന്ത്യയിലെ പുൽച്ചാടികളുടെ റെഡ് ലിസ്റ്റ് വിലയിരുത്തൽ ആരംഭിച്ചത്.

പദ്ധതിയുടെ ഭാഗമായി നീലഗിരി ബയോസ്പിയർ റിസർവ് (Nilgiri Biosphere Reserve) പ്രദേശത്തെ സ്വദേശീയ പുൽച്ചാടി ഇനങ്ങളെ പഠനവിധേയമാക്കിയിരുന്നു. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ ബയോസ്ഫിയർ റിസർവ് പ്രദേശം ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യ കേന്ദ്രങ്ങളിൽ ഒന്നാണ്. ഇവിടെ കാണപ്പെടുന്ന 30-ഓളം സ്വദേശീയ പുൽച്ചാടി ഇനങ്ങളുടെ ജനസംഖ്യ, ആവാസവ്യവസ്ഥ, ഭീഷണികൾ എന്നിവയെക്കുറിച്ചുള്ള വിശദമായ ഡാറ്റ ശേഖരിച്ച് അവയെ IUCN റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം.

വിദ്യാഭ്യാസം

കണ്ണൂർ സർവകലാശാലയുടെ (Kannur University) മാനന്തവാടി ക്യാമ്പസിൽ നിന്നും ജന്തുശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ധനീഷ്, പിന്നീട് ജൈവവൈവിധ്യ സംരക്ഷണ മേഖലയിലെ ഗവേഷണങ്ങളിലേക്ക് കടന്നു. കേരളാ ഫോറസ്റ്റ് റിസ‍ർച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്നും ഡോക്ടറേറ്റ് നേടി. പിഎച്ച്ഡി ഗവേഷണത്തിന്‍റെ ഭാഗമായി കേരളത്തിൽ വരയാടുകളുടെ ആവാസവ്യവസ്ഥയിൽ വനം വകുപ്പ് നടത്തുന്ന ഇടപെടലുകൾ മറ്റ് ജീവികളെ എങ്ങനെ ബാധിക്കുന്നുവെന്ന ധനീഷിന്‍റെ പഠനം ശ്രദ്ധേയമായിരുന്നു. ഇരവികുളം നാഷണൽ പാർക്കിലെ വരയാടുകളെ സംരക്ഷിക്കാനായി പുൽമേടുകൾക്ക് തീയിടുമ്പോൾ നശിക്കുന്ന പുൽച്ചാടികൾ ഉൾപ്പടെയുള്ള ജീവികളെ കുറിച്ചുള്ളതാണ് ധനീഷിന്‍റെ പ്രധാന പഠനം. ഇത് അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധേയമായി. പശ്ചിമഘട്ടത്തിലെ ഷഡ്പദങ്ങളുടെ പരിസ്ഥിതി ശാസ്ത്രം, ആവാസവ്യവസ്ഥാ മാറ്റങ്ങൾ, മനുഷ്യ ഇടപെടലുകൾ എന്നിവയുടെ പഠനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഒപ്പം കേരളത്തിലും തമിഴ്നാട്ടിലുമുള്ള വനമേഖലകളിൽ മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കാനുള്ള വിവിധ പഠന സംഘങ്ങൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ ചന്ദ്രശേഖരന്‍ മെമ്മോറിയല്‍ യങ് സൈന്‍റിസ്റ്റ് അവാര്‍ഡിന് ഡോ ധനീഷ് ഭാസ്കർ അർഹനായിട്ടുണ്ട്.

 

PREV
BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇനിയും പഠിക്കണോ, കല്യാണം കഴിച്ച് അടങ്ങിയൊതുങ്ങി ജീവിക്കൂ' എന്ന് സമൂഹം, പക്ഷേ മകളെ ചേർത്തുപിടിച്ച് ഉമ്മ, ജസീല പഠിപ്പിക്കുന്ന പാഠം
മനുഷ്യ പരിണാമത്തിലെ പുതിയ കണ്ണി 'ഹോമോ ജൂലുവെൻസിസ്'; മൂന്ന് ലക്ഷം വ‍ർഷം മുമ്പ് ജീവിച്ചിരുന്ന ആദിമ മനുഷ്യൻ