നിഖാബ് വിമര്‍ശിക്കപ്പെടണം; അതിനെതിരായ അടിച്ചേല്‍പ്പിക്കലുകളും

By Babu RamachandranFirst Published May 16, 2019, 1:57 PM IST
Highlights

നിഖാബ് അണിയുന്ന ഒരു സ്ത്രീ ആശയ സംവാദത്തിന്റെ ഭാഗമായി ചിന്തയുടെ ഒരു ലോകത്തിലൂടെ കടന്നു പോവുകയാണെങ്കില്‍, അതില്‍ നിന്നും അവര്‍ പുറത്തുവരാനുള്ള സാധ്യത നവോത്ഥാനത്തിന്റെ ചരിത്രം നമുക്ക് മുന്നില്‍ തെളിയിച്ച ഒന്നായിരുന്നു. 

എം ഇ എസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍  നിഖാബ് നിരോധിച്ചതുമായി ബന്ധപ്പെട്ട് പ്രമുഖ ഇടതു ചിന്തകനും പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ഭാരവാഹികളില്‍ ഒരാളുമായ കെ ഇ എന്‍ കുഞ്ഞഹമ്മദ് കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രതികരണം ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. 'നിശിതമായ വിമര്‍ശനം അര്‍ഹിക്കുന്നുണ്ടെങ്കിലും മുഖം മറച്ചുള്ള വസ്ത്രം ധരിച്ചതിന്റെ പേരില്‍ വിദ്യാലയ പ്രവേശനം നിരോധിക്കുന്നത് അനീതിയാണെന്ന്' ഒരു ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞതാണ് വിവാദമായത്. അടിച്ചേല്‍പ്പിക്കപ്പെടുന്ന വസ്ത്രമെന്നപോലെ, വസ്ത്രത്തിനെതിരേയുള്ള അടിച്ചേല്‍പ്പിക്കപ്പെടലുകളും വിമര്‍ശിക്കപ്പെടണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഈ പശ്ചാത്തലത്തില്‍ വസ്ത്രധാരണം, മതം, രാഷ്ട്രീയം എന്നീ വിഷയങ്ങളില്‍ അദ്ദേഹം സംസാരിക്കുന്നു. ബാബു രാമചന്ദ്രന്‍ നടത്തിയ അഭിമുഖം. 

നവോത്ഥാനം എന്നും വ്യക്തിപരമായ തെരഞ്ഞെടുപ്പുകളെ പലതിനെയും അട്ടിമറിച്ചുകൊണ്ടാണ് നടപ്പില്‍ വരുത്തപ്പെട്ടിട്ടുള്ളത്. ഉദാഹരണത്തിന്, ഭൂപരിഷ്‌കരണം.  സര്‍ക്കാര്‍ അംഗീകാരത്തോടെ പൂര്‍ണമായ രേഖകളോടെ ഞാന്‍ കൈവശം വച്ച് തലമുറകളായി അനുഭവിച്ചുകൊണ്ടിരുന്ന ഭൂമി, സര്‍ക്കാര്‍ എന്റെ അവകാശങ്ങളെ ഒരു സുപ്രഭാതത്തില്‍ റദ്ദു ചെയ്തുകൊണ്ട് എനിക്ക് ചുറ്റുമുള്ളവര്‍ക്ക് വീതിച്ചു നല്‍കുന്നു. എന്റെ സ്വാതന്ത്ര്യത്തിന്റെ ലംഘനമല്ലേ അത്..? ഇങ്ങനെ ചില വ്യക്തിസ്വാതന്ത്ര്യങ്ങള്‍  റദ്ദു ചെയ്തുകൊണ്ടല്ലാതെ നവോത്ഥാനം നടപ്പില്‍ വരുത്താനാവുമോ..? ഒരു സ്ഥാപനത്തിന് അതില്‍ പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളെ ആ സ്ഥാപനത്തിന്റെ  തത്വങ്ങള്‍ക്ക് അനുയോജ്യമായ തരത്തിലുള്ള ഒരു യൂണിഫോമിടാന്‍ നിര്‍ദേശിച്ചു കൂടെ...? 

അത് ശരിയാണ്. നവോത്ഥാനത്തിന്റെ ഏറ്റവും സൂക്ഷ്മമായ തലം എന്ന് പറയുന്നത് ഒരു സമൂഹത്തില്‍ നടക്കുന്ന നിരന്തരമായ ആശയാന്വേഷണങ്ങളാണ്. സംവാദങ്ങളാണ്. അതുതന്നെയാണ് നവോത്ഥാനത്തിന്റെ ഏറ്റവും വലിയ ബലവും. മുന്നോട്ടു പോവാനുള്ള പ്രവണത സമൂഹത്തില്‍ എന്നുമുണ്ട്. പിറകോട്ടു പോവാനുള്ള പ്രവണതയും സമൂഹത്തില്‍ എന്നുമുണ്ട്. നിന്ന നില്‍പ്പില്‍ നില്‍ക്കാനുള്ള പ്രവണതയും സമൂഹത്തില്‍ എന്നുമുള്ളതാണ്. ഇതില്‍ മുന്നോട്ടുപോവാനുള്ള പ്രവണതയ്ക്ക് ഊര്‍ജ്ജം പകരുക എന്ന ദൗത്യം മാത്രമാണ് സാമൂഹ്യപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും നിര്‍വഹിക്കാനുള്ളൂ. 

ഈ പിറകോട്ട് പോവാനുള്ള പ്രവണതയെ ആണ് നമ്മള്‍ പുനരുത്ഥാനം ( revivalism) എന്ന് വിളിക്കുന്നത്. അങ്ങനെ പിറകോട്ടു പോവാനുള്ള പ്രവണത വെച്ചു പുലര്‍ത്തുന്ന വ്യക്തികള്‍ക്കും, സംഘടനകള്‍ക്കും മുന്നില്‍ നമ്മള്‍ അതിനു വ്യത്യസ്തമായ ആശയങ്ങളുടെ ഒരു ലോകം നിരന്തരം അവതരിപ്പിച്ചുകൊണ്ടിരിക്കണം. ഏറ്റവും യാഥാസ്ഥിതികരാവാന്‍ ചരിത്രത്തില്‍ സാധ്യതയുള്ളത് നിന്ന നില്‍പ്പില്‍ നില്‍ക്കുന്ന വിഭാഗമാണ്. പിന്നിലായിപ്പോയവരെ സംബന്ധിച്ചിടത്തോളം, പിന്നില്‍ നില്‍ക്കാനുള്ള ആഗ്രഹം, അതിലുള്ള സന്തോഷം അതൊക്കെ അവരില്‍ ഉണ്ടാക്കുന്നത് മുന്‍വിധി, അജ്ഞത, വ്യക്തതക്കുറവ് എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാവാം . എന്നാല്‍ നിന്ന നില്‍പ്പില്‍ നിന്നുപോയവരെ സംബന്ധിച്ചിടത്തോളം അവരുടെ ആ പ്രവണത അവരുടെ ചില താത്പര്യങ്ങള്‍, ചില വ്യാജ സംതൃപ്തികള്‍ തുടങ്ങിയവയുടെ പ്രകാശനമാണ്. 

ഞാന്‍ പറഞ്ഞു വരുന്നത്, ചരിത്രത്തില്‍ നവോത്ഥാനം എന്ന് നമ്മള്‍ പറയുന്നത് പലതരം  പ്രവണതകളുടെ ഒരു സമുച്ചയമാണ്. നാടുവാഴിത്തത്തില്‍ നിന്നും മുതലാളിത്തത്തിലേക്കുള്ള സാമൂഹിക പരിവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന ആശയങ്ങളുടെയും സ്ഥാപനങ്ങളുടെയും ഒക്കെ ഒരു ആവിഷ്‌കാരമാണ്. അതില്‍ കലയുണ്ട്, സാഹിത്യമുണ്ട്, പുതിയ സ്ഥാപനങ്ങളുണ്ട്. ഇതെല്ലാം ചേര്‍ന്നതാണ് നവോത്ഥാനം. ഇതിന്റെയെല്ലാം കേന്ദ്രമായിട്ട്.. ന്യൂക്ലിയസ് ആയിട്ട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ആശയങ്ങള്‍ തന്നെയാണ്.  ആശയങ്ങള്‍ എന്നും മുന്‍പേ പറക്കുന്ന പക്ഷികളാണ്. നിലവിലുള്ള അവസ്ഥയ്ക്ക്  ഒരിക്കലും ഈ ആശയങ്ങള്‍ക്കൊപ്പം തത്സമയം മുന്നോട്ടുപോവാന്‍ കഴിയണമെന്നില്ല. എന്നല്ല, കഴിയില്ല..! എന്നാല്‍ മുന്‍പേ പറക്കുന്ന ഈ ആശയങ്ങള്‍ ഇല്ലാതിരുന്നാല്‍  സമൂഹത്തിന് ആരോഗ്യകരമായി നിലനില്‍പ്പില്ല. ഈ ഒരു വൈരുദ്ധ്യമാണ്, ഈ ഒരു ഇടവേളയാണ് സമൂഹത്തില്‍ തിളച്ചുമറിയുന്ന ഒരു ആശയസംവാദത്തിന്റെ ഒരു ലോകമായി വരുന്നത്. 

ഈ ആശയസമരത്തില്‍ സര്‍ക്കാരുകള്‍, സംഘടനകള്‍ എന്നിവയുടെ ഇടപെടല്‍, നിയമനിര്‍മ്മാണങ്ങള്‍ എന്നിവയ്ക്ക് പങ്കില്ലേ എന്ന ചോദ്യമാണ് അടുത്തത്. ഇങ്ങനെയുള്ള ചോദ്യങ്ങള്‍ വരുമ്പോള്‍ സ്ഥിരം എടുത്തിടുന്ന ഒന്ന് സതി എന്ന ആചാരത്തെ നിരോധിച്ച ചരിത്ര ഘട്ടമാണ്. സതി നിരോധിക്കുന്നത്തിനു മുമ്പ് ആശയസംവാദത്തിന്റേതായ ഒരു ഘട്ടമുണ്ട്. സതി എന്നത് തുടര്‍ സംവാദങ്ങളെ അസാധ്യമാക്കുന്ന, ഒരു സ്ത്രീയുടെ ജീവിതം എന്ന സാധ്യതയെ ഒറ്റയടിക്ക് അവസാനിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഇങ്ങനെ ഉന്മൂലന സ്വഭാവമുള്ള ഒരു ആശയത്തിനെതിരെ ആശയ സമരത്തോടൊപ്പം സര്‍ക്കാര്‍ തലത്തിലെ നിയമനിര്‍മ്മാണത്തിലൂടെയുള്ള നിരോധനവും അത്യാവശ്യമാണ്.  അതാവശ്യമില്ലാത്തിടത്തെല്ലാം, ആശയ സമരങ്ങളിലൂടെയാണ് തീരുമാനങ്ങള്‍ വരേണ്ടത്. ഒറ്റയടിക്കുള്ള നിരോധനങ്ങളിലൂടെ അല്ല. 

പൂണൂല്‍ വ്യക്തിപരമായ ഒരു സമുദായത്തിലെ പുരുഷന്മാരുടെ ചോയ്സ് ആയിരുന്നില്ലെ..? അത് മിക്കവാറും പേരുടെ വസ്ത്രങ്ങള്‍ക്ക് ഉള്ളില്‍ മറഞ്ഞിരിക്കുന്ന ഒന്നുമായിരുന്നു.  അതുപോലെ മറക്കുട.. അത് തങ്ങളെ സംരക്ഷിക്കാനുള്ള ഒരു കവചമാണെന്ന് അന്നത്തെ സ്ത്രീകള്‍ വിശ്വസിച്ചിരുന്നില്ലെ..? എന്നിട്ടും കമ്യൂണിസ്റ്റുകാര്‍ ഒരു കാലത്ത് അതൊക്കെ ഉപേക്ഷിച്ച് വെറും മനുഷ്യരാവുക എന്ന മട്ടിലുള്ള മുദ്രാവാക്യങ്ങളുമായി വന്നിരുന്നല്ലോ...

നിഖാബ് അണിയുന്ന ഒരു സ്ത്രീ ആശയ സംവാദത്തിന്റെ ഭാഗമായി ചിന്തയുടെ ഒരു ലോകത്തിലൂടെ കടന്നു പോവുകയാണെങ്കില്‍, അതില്‍ നിന്നും അവര്‍ പുറത്തുവരാനുള്ള സാധ്യത നവോത്ഥാനത്തിന്റെ ചരിത്രം നമുക്ക് മുന്നില്‍ തെളിയിച്ച ഒന്നായിരുന്നു. ഉദാഹരണത്തിന്, അന്തര്‍ജനങ്ങള്‍ക്കിടയില്‍ അവരെ അടിച്ചമര്‍ത്താന്‍ ഉപയോഗിച്ചിരുന്ന ഉടലാകെ മറച്ചിരുന്ന  'ഘോഷ' എന്ന വസ്ത്രം. പുരോഗമനാശയങ്ങളുടെ സ്വാധീനത്താല്‍ പുരുഷന്മാര്‍ പൂണൂല്‍ ഉപേക്ഷിച്ചു, സ്ത്രീകള്‍ ഈ ഘോഷ ഉപേക്ഷിച്ചു. ഈ വിഷയത്തില്‍ ഇഎംഎസ് നടത്തിയ വളരെ പ്രസക്തമായ ഒരു നിരീക്ഷണമുണ്ട്. പൂണൂലുപേക്ഷിച്ച നമ്പൂതിരി പുരുഷന്മാര്‍ മാറിയ സാഹചര്യങ്ങളില്‍ ചിലപ്പോള്‍ നാളെ പൂണൂല്‍ തിരിച്ചെടുത്ത് ഇട്ടെന്ന് വരാം.. എന്നാല്‍, ജീവിതത്തില്‍ ഒരു ആശയ സമരത്തിന്റെ സ്വാധീനത്തില്‍ ഘോഷ ഉപേക്ഷിച്ച സ്ത്രീകള്‍ ഒരിക്കലും അത് രണ്ടാമതും എടുത്ത് അണിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അതിന്റെ സാരമെന്താ.. ആശയസംവാദത്തിലൂടെ ഒരു സമൂഹം എടുക്കുന്ന തീരുമാനം ഒരിക്കലും മാറ്റപ്പെടില്ല.

അതാണ് ഞാന്‍ പറഞ്ഞത്, മുഖം മറയ്ക്കുന്ന നിഖാബ് എന്ന വസ്ത്രം നിശിതമായിത്തന്നെ വിമര്‍ശിക്കപ്പെടേണ്ടതാണ്. എന്നാല്‍ അതിന്റെ ആദ്യഘട്ടം ആശയ സമരത്തിന്റേതാണ്. ഇങ്ങനെ ഒറ്റയടിക്ക് ആ വസ്ത്രധാരണത്തെ നിരോധിക്കുക വഴി ഒരു വിദ്യാഭ്യാസ സ്ഥാപനം തെറ്റായ സന്ദേശമാണ് സമൂഹത്തിന്  നല്‍കുന്നത്. ഒറ്റയടിക്കുള്ള നിരോധനത്തിന് പകരം വിശദമായ ഒരു ആശയ സംവാദം കാമ്പസുകളില്‍ ഉയര്‍ന്നുവരണം. ആരോഗ്യകരമായ ജീവിതത്തെ സംബന്ധിക്കുന്ന ഏതൊരു വിഷയത്തിന്മേലും ഇത്തരം സംവാദങ്ങള്‍ വരണം. ആശയപരമായ ഇടപെടലുകള്‍ വേണം 

റഫീക്ക് അഹമ്മദിന്റെ ഹൃദയസ്പര്‍ശിയായ ഒരു കവിതയുണ്ട് നികാബിനെപ്പറ്റി. 'മതദേഹം' എന്ന പേരില്‍. മുഖം മൂടുന്ന വസ്ത്രധാരണത്തെപ്പറ്റി മലയാളത്തില്‍ വന്ന ഏറ്റവും ശ്രേഷ്ഠമായ ഒരു കവിതയാണ്. അത് മനുഷ്യരോട് സംവദിക്കുന്നതാണ്. ഇതേപോലെ ആശയങ്ങള്‍ സിനിമകളും, നോവലുകളും ഒക്കെ വരണം. മതത്തിന് അകത്തും ഇപ്പോള്‍ തന്നെ വലിയൊരു ആശയ സംവാദം നടക്കുന്നുണ്ട്. അങ്ങനെയുള്ള ആശയസംവാദങ്ങള്‍ക്ക് മുന്‍കൈ എടുക്കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിഖാബ് മാത്രമല്ല, മറ്റു പല സ്വാഭാവിക വസ്ത്രങ്ങളും നിരോധിച്ചിരുന്നു. അതൊന്നും ചര്‍ച്ചചെയ്തുണ്ടായ കല്‍പനകളല്ല. ഒരു ജനാധിപത്യ സമൂഹം നിലകൊള്ളേണ്ടത്,  കല്‍പനയ്ക്കും അനുസരണയ്ക്കും ഇടയില്‍ പുലരേണ്ടുന്ന ഒന്നല്ല. 

ഒരു ക്ളാസ് മുറിയ്ക്കുള്ളില്‍ അധ്യാപനത്തിന് കുട്ടികളുമായി ഐ കോണ്‍ടാക്ട് വേണ്ടേ..?  ഓരോ തവണയും അത് ആവശ്യപ്പെടുകയും, മറ നീക്കി സംവദിക്കുകയും ചെയ്യുന്നത് പ്രാവര്‍ത്തികമാണോ..? 
 
അഭിമുഖം എന്നത് ജനാധിപത്യത്തിന്റെ പ്രാഥമികമായ ആവശ്യമാണ്. കണ്ണുകള്‍ തമ്മില്‍ അഭിമുഖീകരിക്കണം. സംവദിക്കണം. എങ്കിലേ ജനാധിപത്യത്തിന് നിലനില്‍പ്പുള്ളൂ. കുറ്റം ചെയ്തവരാണ് പൊതുവെ മുഖം മറയ്ക്കാന്‍ താത്പര്യപ്പെടുന്നത്. പോലീസ് കുറ്റവാളികളെ മുഖം മറച്ചുകൊണ്ട് മാധ്യമങ്ങള്‍ക്കു മുന്നില്‍ കൊണ്ട് നിര്‍ത്തുന്നത് കണ്ടിട്ടില്ലേ? വിദ്യാഭ്യാസം എന്ന പരസ്പര സമ്പര്‍ക്കം വേണ്ടുന്ന പ്രക്രിയയ്ക്ക് അദ്ധ്യാപകന്‍ അധ്യയനത്തിനിടെ മുഴുവന്‍ സമയവും വിദ്യാര്‍ത്ഥിയുടെ മുഖം കാണണം. അത് വളരെ അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്. 

എന്നാല്‍ അവിടെയൊക്കെ മുന്നില്‍ നില്‍ക്കേണ്ടത് ആശയ സംവാദങ്ങളാണ്. ചര്‍ച്ചകളാണ്. ചിന്തകളാണ്. മാര്‍ക്‌സിന്റെ ഒരു പ്രസിദ്ധമായ നിരീക്ഷണമുള്ളത്, ഒരു ദ്രോഹിയുടെ ദുഷ്ട ചിന്ത പോലും സ്വര്‍ഗത്തേക്കാള്‍ മഹത്തരമാണ്. ചിന്ത, അത് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയിരുന്നാലും മാറാന്‍ സാധ്യതയുണ്ട്. ചിന്ത നെഗറ്റീവ് ആയാലും തുടര്‍ന്നാല്‍ അത് കാലക്രമേണ പോസിറ്റീവ് ആയി മാറും. അങ്ങനെ മാറാന്‍ അനുവദിക്കണം. അതാണ് വേണ്ടത്, അല്ലാതെ നിരോധനങ്ങളല്ല. 

വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ ഇവിടെ മതത്തില്‍ ജീവിക്കുന്ന സ്ത്രീകള്‍ക്ക് എത്രമാത്രം തെരഞ്ഞെടുപ്പുകള്‍ സാധ്യമാവുന്നുണ്ട്..? 

പ്രത്യക്ഷമോ പ്രച്ഛന്നമോ ആയ പുരുഷാധിപത്യത്തിന് വഴിപ്പെട്ടുകൊണ്ടാണ് വസ്ത്രധാരണം ഇന്നും  തീരുമാനിക്കപ്പെടുന്നത്. അതിനെ നിയന്ത്രിക്കുന്നത്  പ്രധാനമായും നാലു കാര്യങ്ങളാണ്. ഒന്ന്, വിപണി. വിപണി നല്‍കുന്ന വൈവിധ്യത്തില്‍ നിന്നും ഒന്ന് തെരഞ്ഞെടുക്കാന്‍ മാത്രമേ നമുക്കാവൂ. രണ്ട്, വ്യക്തികളുടെ വിശ്വാസമാണ്. അതില്‍ ചിലപ്പോള്‍ നിര്‍ബന്ധം വരാം, വരാതിരിക്കാം. അടിച്ചേല്‍പ്പിക്കപ്പെടുന്ന ഏതൊരു വസ്ത്രവും, വസ്ത്രത്തിനു നേര്‍ക്കുള്ള അടിച്ചേല്‍പ്പിക്കല്‍ പോലെ തന്നെ വിമര്‍ശിക്കപ്പെടേണ്ടേ ഒന്നാണ്. ഒന്നും അടിച്ചേല്‍പ്പിക്കാന്‍ പാടില്ല, ചുരുക്കത്തില്‍. ഉദാഹരണത്തിന് എ ആര്‍ റഹ്മാന്‍  എന്ന സംഗീത സംവിധായകന്റെ രണ്ടു മക്കളും അവരുടെ വിശ്വാസപ്രകാരം, താത്പര്യപ്രകാരം അവരവരുടെ ഇഷ്ടത്തിനാണ് രണ്ടറ്റത്തു നില്‍ക്കുന്ന വസ്ത്രധാരണ രീതികളാണ് അവലംബിച്ചിരിക്കുന്നത്. അതൊക്കെ അവരുടെ തെരഞ്ഞെടുപ്പാവണം. ആരും നിര്‍ബന്ധിക്കുന്ന അവസ്ഥ വരരുത്. മൂന്നാമത്തേത് ഓരോ രാജ്യത്തെയും കാലാവസ്ഥ, വിശ്വാസം എന്നിവ സ്വാധീനിക്കാം.. നാലാമത്തേത്, ഒരു വ്യക്തിയുടെ അഭിരുചി, അഥവാ ഫാഷന്‍ സെന്‍സ്  അതും ഒരാളുടെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. പര്‍ദ്ദ എന്ന പേരില്‍ മതാധികാരികള്‍ സങ്കല്പിച്ച അടിച്ചമര്‍ത്തലിനെ പൊളിച്ചടുക്കുന്ന ഡിസൈനുകളില്‍ ഇന്ന് പര്‍ദ്ദ വിപണിയില്‍ വരുന്നില്ലേ..? വിചാര ധീരത കൊണ്ട് വേണം തീരുമാനമെടുക്കാന്‍, അല്ലാതെ വൈകാരികതയുടെ നുരയും പാതയും കൊണ്ട് സാമൂഹിക അന്തരീക്ഷത്തെ മലിനമാക്കുകയല്ല വേണ്ടത്. 

പുരുഷന്റെ വസ്ത്ര ധാരണത്തെപ്പറ്റി ആര്‍ക്കും ഇവിടെ ഒരു ആശങ്കയുമില്ല. ചര്‍ച്ചകളൊക്കെ സ്ത്രീകളുടെ വസ്ത്രത്തെപ്പറ്റി മാത്രമാണ്. വിഷയം ശരിക്കും ആത്മാഭിമാനത്തിന്റേതാണ്. ഒരു പ്രത്യേക വിശ്വാസം, ഒരു സ്ത്രീയോട് ശരീരം മറയ്ക്കാനോ, വെളിപ്പെടുത്താമോ ആവശ്യപ്പെടുകയും അതില്‍ ആ സ്ത്രീ സന്തോഷം കണ്ടെത്തുകയും ചെയുമ്പോള്‍, അതിനെ നിലവിലുള്ള പൊതുബോധവുമായി അതിനുള്ള പൊരുത്തമാവും ചര്‍ച്ച ചെയ്യപ്പെടേണ്ടി വരിക. അവിടെയും വേണ്ടത് ചര്‍ച്ച തന്നെ. 

മനുഷ്യന്റെ മൗലികാവകാശങ്ങളില്‍ ഒന്നാണല്ലോ മതം അനുശാസിക്കുന്ന ജീവിതശൈലി പിന്തുടരാനുള്ള അവകാശം. രാഷ്ട്ര സുരക്ഷയുടെ പേരില്‍ ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞു കയറി, അയാളറിയാതെ അയാളെ നിരീക്ഷിക്കാനും, അയാളുടെ മതപരമായ അവകാശങ്ങള്‍ നിഷേധിക്കാനും ഒക്കെ രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നത് ശരിയാണോ..? ശ്രീലങ്കയില്‍ സ്ഫോടനത്തിനു ശേഷം ബുര്‍ഖ നിരോധിച്ചതിനു പിന്നാലെ എംഇഎസ് നിഖാബ് നിരോധനവുമായി വന്നത് ജനപ്രിയതയുടെ ലാസ്റ്റ് ബസ് പിടിക്കാനുള്ള വെപ്രാളമായി കാണാനാവുമോ..?

അവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഭീകരവാദത്തെ ഒരു വസ്ത്രധാരണവുമായി തുല്യപ്പെടുത്തുന്നത് ബാലിശമാവും. അമേരിക്കയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തത് ബുര്‍ഖയണിഞ്ഞ, താടി നീട്ടി വളര്‍ത്തിയ, മതചിഹ്നങ്ങള്‍ പേറുന്ന ആരും വന്നിട്ടല്ല. അവിടെ എല്ലാം പ്രവര്‍ത്തിച്ചത് പാശ്ചാത്യ അളവുകോലുകള്‍ പ്രകാരം മാന്യതയുടെ എല്ലാ ലക്ഷണങ്ങളും തികഞ്ഞ ക്‌ളീന്‍ ഷേവ് ചെയ്ത യുവാക്കളാണ്. 

അതുകൊണ്ട് അങ്ങനെ ഒറ്റയടിക്ക് ഭീകരവാദത്തെ മതചിഹ്നങ്ങളുമായി സമീകരിക്കാന്‍ കഴിയില്ല. പിന്നെ, പാശ്ചാത്യമായതു മാത്രം സഭ്യമെന്നും, മറ്റുള്ളതെല്ലാം അപരിഷ്‌കൃതമെന്നും വിളിക്കുന്ന ഒരു സമൂഹമാണ് നമുക്കുചുറ്റും വളര്‍ന്നുവരുന്നത്. ഇവിടെ അഘോരികളുണ്ട്, നഗ്‌നരായ ജൈന സന്യാസികളുണ്ട്. സമൂഹത്തിന്റെ വലിയൊരു ഭാഗം ആളുകള്‍ക്കും ആ രീതികളോട് വിയോജിപ്പുണ്ടായിരുന്നിട്ടും അവരെ നിരോധിച്ചിട്ടില്ല. അവരൊക്കെ അവരവരുടെ വിശ്വാസങ്ങള്‍ നിലനിര്‍ത്തി ഇവിടെത്തന്നെ ജീവിതം തുടരുന്ന മഹത്തരമായ ഒരു ഇടമാണ് ജനാധിപത്യം എന്ന് പറയുന്നത്. 

ഭീകരവാദത്തെപ്പറ്റിയുള്ള സംഘപരിവാറിന്റെ ധാരണകളെ തമാശയായിട്ടാണ് ഞാന്‍ കാണുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ തീവ്രവാദ സംഘടന ആര്‍എസ്എസ് ആണെന്ന് വിചാരിക്കുന്ന ഒരാളാണ് ഞാന്‍. അതോടൊപ്പം, നാളെ ഇത് വായിക്കുന്ന ഒരു ആര്‍എസ് എസുകാരന്‍ എന്റെ എഴുത്തിനോട് വിചാരപരമായി പ്രതികരിക്കില്ല എന്നും എനിക്ക് നല്ല ഉറപ്പുണ്ട്. ധൈഷണിക രംഗത്ത് ഒരു ആള്‍ക്കൂട്ടം നിലവില്‍ വന്നിരിക്കുകയാണ്. ഈ ഫാസിസ്റ്റ് അധിനിവേശ കാലത്ത് ആള്‍ക്കൂട്ടങ്ങളുടെ  ആക്രമണങ്ങള്‍ക്ക് പൊതുജനം ഏറ്റവും കൂടുതല്‍ ഇരയാവുന്ന ഒരു കാലമാണിത്. എന്നാല്‍ ശാരീരികമായ അത്തരം ആക്രമണങ്ങളെക്കാള്‍ എത്രയോ ഭീകരമാണ്  ധൈഷണിക രംഗത്തെ ആള്‍ക്കൂട്ടങ്ങളുടെ ആക്രോശങ്ങള്‍. ആ ആക്രോശങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയാവുന്ന ആള്‍ എന്ന നിലയ്ക്കു കൂടിയാണ് ഞാന്‍ ഈ വിഷയത്തിലെ സുവ്യക്തവും സുചിന്തിതവുമായ എന്റെ ഈ നിലപാടുകള്‍ പറഞ്ഞുവെക്കുന്നത്. 

 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!