
വിദേശത്തെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ധാരണകളെ തിരുത്തിക്കുറിച്ച് അമേരിക്കയിൽ പ്രവാസി യുവതിക്ക് നേരിടേണ്ടി വന്നത് വിചിത്രമായ അനുഭവം. റോഡരികിൽ പാർക്ക് ചെയ്തിരുന്ന സഹോദരന്‍റെ കാറിന്‍റെ നാല് ടയറുകൾ കള്ളന്മാർ മോഷ്ടിച്ചുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. മോഷണം നടത്തുക മാത്രമല്ല, സ്ഥലത്തെ അപ്പാർട്ട്മെന്‍റ് മാനേജ്‌മെന്‍റിന് ഒരു മുന്നറിയിപ്പ് കുറിപ്പും എഴുതിവച്ചാണ് കള്ളന്മാർ നാല് ടയറുകളുമായി കടന്നതെന്നും യുവതി വിവരിക്കുന്നു.
സോഷ്യൽ മീഡിയയിൽ യുവതി പങ്കുവെച്ച വീഡിയോയിലൂടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. രാവിലെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് അപ്പാർട്ട്മെന്‍റ് പാർക്കിംഗിൽ കിടന്നിരുന്ന കാറിന്‍റെ നാല് ടയറുകളും നഷ്ടപ്പെട്ടതായി കണ്ടത്. "അമേരിക്കയിൽ മോഷണം നടക്കില്ലെന്ന് ആരാണ് പറഞ്ഞത്?" എന്ന ചോദ്യത്തോടെയാണ് യുവതി തങ്ങൾക്ക് നേരിട്ട അനുഭവം വിഡിയോയിൽ വ്യക്തമാക്കുന്നത്. കള്ളന്മാർ വണ്ടിക്ക് സമീപം ഉപേക്ഷിച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാ വിഷയം.
An Indian girl living in USA thought their is no crime and theft in USA.
But yesterday She found someone has stolen all four wheels of her brother's car.
And They even left a note on the car 😭 pic.twitter.com/3sJmCbbWds— Gagan Choudhary (@trigguuuu) September 9, 2026
"കഴിഞ്ഞ വാരാന്ത്യത്തിൽ ക്രിസ്റ്റൽ ഹൗസ് പ്രോപ്പർട്ടിയിലെ കുറഞ്ഞത് 3 കാറുകളെങ്കിലും നശിപ്പിക്കപ്പെട്ടിരുന്നു. ഈ വാരാന്ത്യത്തിൽ കുറഞ്ഞത് 3 കാറുകളുടെ ടയറുകൾ മോഷണം പോയിട്ടുണ്ട്. പാർക്കിംഗ് ഏരിയയിലെ കുറ്റകൃത്യങ്ങളെക്കുറിച്ച് ക്രിസ്റ്റൽ ഹൗസ് മാനേജ്‌മെന്‍റ് ഗൗരവമായി ചിന്തിക്കാതെ ഇത് തടയാൻ കഴിയില്ല. ഇക്കാര്യം അവരെ അറിയിക്കുക" - എന്നായിരുന്നു കുറിപ്പിലെ ഉള്ളടക്കം.
വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. അമേരിക്കയിലെ പ്രമുഖ നഗരങ്ങളിൽ വാഹനങ്ങളുടെ വീലുകളും മറ്റ് ഭാഗങ്ങളും അഴിച്ചെടുക്കുന്ന മോഷണം വ്യാപകമാണെന്ന് പലരും ചൂണ്ടിക്കാട്ടി. വീൽ ലോക്കുകളും പാർക്കിംഗ് സെക്യൂരിറ്റി ക്യാമറകളും ഉപയോഗിക്കണമെന്ന് സുരക്ഷാ മുൻകരുതലായി ഉപയോക്താക്കൾ നിർദ്ദേശിക്കുന്നു. അതേസമയം, സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പോലീസിൽ പരാതി നൽകാത്തതിനാലും പ്രാദേശിക ഭരണകൂടത്തിന്‍റെ പ്രസ്താവനകൾ വരാത്തതിനാലും സംഭവം നടന്ന കൃത്യമായ സ്ഥലം വ്യക്തമല്ലെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.