ബൈക്കറെ തള്ളിയിട്ട് നെഞ്ചിലും വയറ്റിലും ചവിട്ടി കാട്ടാന! മരണത്തെ മുഖാമുഖം കണ്ടിട്ടും എഴുന്നേറ്റ് നിന്ന് ബൈക്കർ, ഞെട്ടിക്കുന്ന ദൃശ്യം വൈറൽ

Published : Nov 13, 2026, 09:36 AM IST
Eephant attack biker

Synopsis

ഉത്തരാഖണ്ഡിൽ ഹരിദ്വാർ-ഡെറാഡൂൺ ദേശീയപാതയിൽ കാട്ടാനയുടെ ആക്രമണത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ആന നെഞ്ചിലും വയറ്റിലും ചവിട്ടിയിട്ടും ഇയാൾ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വന്യജീവികളുടെ ആവാസമേഖലയിലൂടെ യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ഉത്തരാഖണ്ഡിൽ കാട്ടാനയുടെ കാലിനടിയിൽപ്പെട്ടിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ബൈക്ക് യാത്രക്കാരന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഹരിദ്വാർ – ഡെറാഡൂൺ ദേശീയപാതയിൽ നേപ്പാളി ഫാമിന് സമീപം വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

നെ‌ഞ്ചത്തും വയറ്റിലും ചവിട്ടി ആന

റോഡിലൂടെ യാത്ര ചെയ്യുകയായിരുന്ന ബൈക്കർ പെട്ടെന്ന് കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. പിന്നാലെ ആന ഇയാളെ ബൈക്കിൽ നിന്നും താഴെയ്ക്ക് തള്ളിയിട്ട് വയറിലും നെഞ്ചിലും രണ്ടുതവണ ചവിട്ടുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. ആനയുടെ കാലിനടിയിൽപ്പെട്ട് റോഡിൽ കിടന്ന ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റെന്ന് കാഴ്ചക്കാരെല്ലാവരും കരുതി. പിന്നാലെ അവർ വാഹനങ്ങളുടെ ഹോൺ മുഴക്കിയും ശബ്ദമുണ്ടാക്കിയും ആനയെ ഓടിക്കാൻ ശ്രമിച്ചു. ഒടുവിൽ ആന മാറിയതോടെ മറ്റ് യാത്രക്കാർ അടുത്തെട്ടുന്നതിന് മുമ്പ് തന്നെ ബൈക്കർ എഴുന്നേറ്റു. ദൃശ്യങ്ങളിൽ ഇയാൾക്ക് കാര്യമായ പരിക്കുകളൊന്നും കാണുന്നില്ലെങ്കിലും ആരോഗ്യനില സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

ഭയപ്പെടുത്തുന്ന വീഡിയോ

ഈ സമയം അതുവഴി കാറിൽ സഞ്ചരിക്കുകയായിരുന്ന ക്യാബ് ഡ്രൈവറും ഡിജിറ്റൽ കണ്ടന്‍റ് ക്രിയേറ്ററുമായ ശിവ ശർമയാണ് സംഭവം മൊബൈലിൽ പകർത്തിയത്. അദ്ദേഹം ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചതോടെയാണ് സംഭവം വ്യാപക ശ്രദ്ധനേടിയത്. ആളുകൾ ബഹളംവെച്ച് ആനയെ തുരത്താൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കേൾക്കാം. ഒടുവിൽ ആന ഹൈവേയിലെ സുരക്ഷാവേലി കടന്ന് കാട്ടിലേക്ക് മടങ്ങി. തുടർന്ന് വഴിയാത്രക്കാർ ബൈക്കറെ സഹായിക്കാനെത്തുകയായിരുന്നു. രാജാജി കടുവാ സങ്കേതത്തിന് സമീപമുള്ള ഈ പാതയിലൂടെ ആനകൾ പതിവായി സഞ്ചരിക്കാറുണ്ട്. ജോളി ഗ്രാന്‍റ് വിമാനത്താവള പരിസരവും ആനകളുടെ സഞ്ചാരപാതയുടെ ഭാഗമാണ്. പ്രദേശത്തെ പ്രധാന ആനത്താരയിലാണ് ഈ വികസന പ്രവർത്തനെങ്ങളെല്ലാം നടന്നതെന്ന് നാട്ടുകാർ പറയുന്നു. വന്യജീവികളുടെ ആവാസമേഖലയിലൂടെ യാത്ര ചെയ്യുമ്പോൾ പുലർച്ചെയും രാത്രിയും വാഹനയാത്രക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

PREV
Read more Articles on
click me!

Recommended Stories

'അമേരിക്കയിൽ കുറ്റകൃത്യങ്ങളേയില്ലെന്ന് കരുതി'; സഹോദരന്‍റെ കാറിന്‍റെ നാല് ടയറുകളും കവർന്നു, ഇന്ത്യൻ യുവതിയുടെ പോസ്റ്റ് വൈറൽ
സ്വർണക്കടയിൽ അതിവിദഗ്ദ്ധ കവർച്ച,10 മോതിരവും മാലകളും 'കവർന്നു', സിസിടിവി നോക്കിയ ഉടമ ഞെട്ടി; കള്ളൻ ഒരു വിഐപി പെരുച്ചാഴി