Asianet News MalayalamAsianet News Malayalam

നാം പൊരുതി നേടിയ വിജയത്തിന് ഇന്ന് ഇരുപതു തികയുന്നു...

1971 -ലെ യുദ്ധത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ താരതമ്യേന ശാന്തിയിൽ കഴിഞ്ഞു പോന്ന കാലത്ത് നടന്ന ഈ യുദ്ധം ഇന്തോ പാക് ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തി. വല്ലാത്തൊരു വിശ്വാസവഞ്ചനയായിരുന്നു പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടായത്. 

kargil vijay divas
Author
Thiruvananthapuram, First Published Jul 26, 2019, 1:05 PM IST

1999  ജൂലൈ 26 -ന് കാർഗിൽ യുദ്ധം അവസാനിച്ചു. ഇന്തോ പാക് യുദ്ധങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ 'ടെലിവൈസ്ഡ്' യുദ്ധമായിരുന്നു കാർഗിൽ യുദ്ധം. മെയ് മാസത്തിൽ തുടങ്ങിയ ഓപ്പറേഷൻ വിജയ് അവസാനിച്ചു. പാക്കിസ്ഥാന്റെ 700 സൈനികർക്കും ഇന്ത്യയുടെ 527 സൈനികർക്കും ജീവനാശം സംഭവിച്ചു. നമ്മുടെ 1300 -ലധികം ഭടന്മാർക്ക് പരിക്കേൽക്കുകയുണ്ടായി.  സൈന്യത്തിൽ നിന്നും നാലുപേർക്ക് പരം വീർ ചക്രയും, രണ്ടുപേർക്ക് മഹാ വീർ ചക്രയും ആറുപേർക്ക് വീരചക്രയും നൽകപ്പെട്ടു. 

മഞ്ഞുവീണുകൊണ്ടിരുന്നപ്പോൾ, ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ സമാധാനത്തിന്റെ ചർച്ചകൾ നടന്നുകൊണ്ടിരിക്കെ, പാക്കിസ്ഥാൻ സൈന്യം ഇന്ത്യയോട് ചെയ്ത ഒരു കൊടുംചതിയായിരുന്നു കാർഗിലിലെ നുഴഞ്ഞുകയറ്റം. ലേയ്ക്കടുത്തുള്ള ഏകദേശം 160  കിലോമീറ്റർ നീണ്ടുകിടക്കുന്ന ഒരു പ്രദേശം. അതിലെയായിരുന്നു നുഴഞ്ഞുകയറ്റം. ഡ്രസ്സും, ബറ്റാലികും, മുഷ്‌കോ താഴ്വരയും ഒക്കെ വഴി നുഴഞ്ഞുകയറിയത് കശ്മീരിലെ തീവ്രവാദികളാണ് എന്നായിരുന്നു പാക്കിസ്ഥാന്റെ വാദം എന്നാൽ അവരിൽ പലരും പാക്കിസ്ഥാൻ സൈന്യത്തിലെ ട്രെയിൻഡ് ഓഫീസര്‍മാരായിരുന്നു എന്ന് പിന്നീട് പാകിസ്ഥാന് സമ്മതിക്കേണ്ടി വന്നു. 16000  മുതൽ 18000  വരെ അടി ഉയരത്തിൽ നടന്ന നുഴഞ്ഞുകയറ്റം ഓപ്പറേഷൻ ബദ്ർ എന്ന രഹസ്യനാമത്തിൽ കുപ്രസിദ്ധമായി. സിയാ ഉൾ ഹാക്കിന്റെയും ബേനസീർ ഭൂട്ടോയുടെയും കാലത്ത്‌തൊട്ടേ പാക് മിലിട്ടറി സ്വപ്നം കണ്ടിരുന്ന ഈ പദ്ധതി നടപ്പിലാക്കാൻ പർവേസ് മുഷറഫിനെപ്പോലെ ഒരു യുദ്ധവെറിയൻ പാക് പട്ടാളത്തിന്റെ തലപ്പത്തുവരും വരെ ആരും ധൈര്യപ്പെട്ടില്ല.

1971 -ലെ യുദ്ധത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ താരതമ്യേന ശാന്തിയിൽ കഴിഞ്ഞു പോന്ന കാലത്ത് നടന്ന ഈ യുദ്ധം ഇന്തോ പാക് ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തി. വല്ലാത്തൊരു വിശ്വാസവഞ്ചനയായിരുന്നു പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടായത്. കാർഗിൽ സെക്ടറിലെ 130  പോസ്റ്റുകളാണ് അന്ന് പാക് സൈന്യം കയ്യടക്കി വെച്ചത്. നുഴഞ്ഞുകയറ്റക്കാരുടെ കൂട്ടത്തിൽ സ്‌പെഷ്യൽ സർവീസസ് ഗ്രൂപ്പ്, കാശ്മീരി ഗറില്ലകൾ, അഫ്‌ഘാനി തീവ്രവാദികൾ അങ്ങനെ പലരും ഉണ്ടായിരുന്നു. ഇന്ത്യക്കാരില്ലാത്ത തക്കം നോക്കി ഉയരത്തിലുള്ള പോസ്റ്റുകൾ കയ്യടക്കി ഇരിപ്പുറപ്പിച്ചു... അവർക്ക് വളരെ അനുകൂലമായ ഒരു പൊസിഷനായിരുന്നു യുദ്ധത്തിന്റെ തുടക്കം മുതലേ ഉണ്ടായിരുന്നത്. 

ഓപ്പറേഷൻ വിജയ് എന്നപേരിൽ ഇന്ത്യൻ സർക്കാർ ലോഞ്ച് ചെയ്ത പ്ലാനിൽ രണ്ടുലക്ഷത്തിൽ പരം ഇന്ത്യൻ സൈനികർ പങ്കെടുത്തു. ഡിവിഷനുകളും കോർപ്‌സുമെല്ലാം തൽക്കാലത്തേക്ക് വിസ്മരിച്ചുകൊണ്ട് റെജിമെന്റൽ തലത്തിലുള്ള, അല്ലെങ്കിൽ ഒരു ബറ്റാലിയൻ ലെവലിൽ ഉള്ള പോരാട്ടമായിരുന്നു അവിടെ നടന്നത്. ഇരുപത്തിനായിരത്തിൽപരം വരുന്ന ഇന്ത്യൻ പാരാ മിലിട്ടറി സർവീസ്, എയർഫോഴ്സ് ഓഫീസർമാരും ഈ ബൃഹത്തായ ഓപ്പറേഷനിൽ പങ്കെടുക്കുകയുണ്ടായി. 

അന്താരാഷ്ട്ര സമാധാനവും ഏജൻസികളുടെ ഇടപെടലും കാരണം മൂന്നുമാസം നീണ്ടുനിന്ന യുദ്ധത്തിനൊടുവിൽ പാക്കിസ്ഥാന് കാർഗിലിൽ നിന്നും തങ്ങളുടെ സൈന്യത്തെ പൂർണ്ണമായും പിൻവലിക്കേണ്ടി വന്നു. ഏകദേശം  5000  നുഴഞ്ഞുകയറ്റക്കാർ ഉണ്ടായിരുന്നതിൽ ഒരാളെപ്പോലും പോസ്റ്റുകളിൽ ബാക്കി നിർത്താതെ സകലരെയും തുരത്തുകയോ, കൊന്നുതള്ളുകയോ ചെയ്തു അന്ന് ഇന്ത്യൻ സൈന്യം. അതിന് ഇന്ത്യൻ കരസേനയ്ക്ക് വായുസേനയുടെയും നാവിക സേനയുടെയും നിരന്തരമായ പിന്തുണ കിട്ടുകയുമുണ്ടായി. കറാച്ചിയിലേക്കും, മറ്റുള്ള പാക് തുറമുഖങ്ങളും ലക്ഷ്യമാക്കി ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ ഏത് നിമിഷവും ആക്രമിക്കാൻ കണക്കാക്കി ചെന്നുനിന്നിരുന്നു അന്ന്. 

അന്താരാഷ്ട്ര സമ്മർദ്ദത്തെ തുടർന്ന നവാസ് ശരീഫ് ജൂലൈ 4 -ന്  വാഷിങ്ടൺ ഉടമ്പടിയിൽ ഒപ്പിടാൻ തയ്യാറായി. ദ്രാസ് സബ്സെക്ടറിലെ അവസാന നുഴഞ്ഞുകയറ്റവും ഒഴിപ്പിച്ച  ശേഷം ഔപചാരികമായി പോരാട്ടം അവസാനിപ്പിക്കപ്പെട്ട തീയതി ജൂലൈ 26 ആയതിനാൽ അന്നേദിവസം 'കാർഗിൽ വിജയ് ദിവസ്' എന്നപേരിൽ സമുചിതമായി എല്ലാവർഷവും ആഘോഷിച്ചു പോരുന്നു. ഇക്കുറി അതിന്റെ ഇരുപതാം വാർഷികമാണ്. 

ആഘോഷത്തിന്റെ ഈ സന്തോഷവേളയിലും നമുക്ക് ആദരാഞ്ജലികളോടെ നമ്രശിരസ്കരായി നന്ദിപൂർവം സ്മരിക്കാം, പിറന്ന നാടിനുവേണ്ടി പോരാടി രക്തസാക്ഷികളായ നമ്മുടെ ധീരസൈനികരുടെ നിസ്വാർത്ഥമായ ജീവത്യാഗങ്ങളെ. അവരുടെ ഓർമ്മകൾക്കുമുന്നിൽ ഒരു നിമിഷം മൗനമായി പ്രാർത്ഥിക്കാം. ഒപ്പം, നമ്മുടെ നാടുകാക്കാൻ അതിർത്തിയിലെ മഞ്ഞും, മഴയും വെയിലും വകവെക്കാതെ ഈ നിമിഷവും കാവൽ നിൽക്കുന്ന ആയിരക്കണക്കിന് സൈനികരെയും നമുക്ക് നന്ദിപൂർവം സ്മരിക്കാം... ഒന്നും മറക്കാതിരിക്കാം...! 

കാര്‍ഗില്‍ ഡയറി, ബാബു രാമചന്ദ്രന്‍ എഴുതിയ പ്രത്യേക പരമ്പര ഇവിടെ വായിക്കാം: 

മഞ്ഞിന്റെ മറവിൽ നടന്നത് കടുത്ത വിശ്വാസ വഞ്ചന..!

ക്യാപ്റ്റൻ സൗരഭ് കാലിയയുടെയും പട്രോൾ സംഘത്തിന്റെയും ജീവത്യാഗം

15 വെടിയുണ്ടകളേറ്റിട്ടും മരിച്ചില്ല, പാക് സൈന്യത്തിനു നേരെ ഗ്രനേഡെറിഞ്ഞു; യോഗേന്ദ്ര സിങ് യാദവിന്‍റെ ധീരത

'യുദ്ധമൊക്കെ കഴിഞ്ഞാൽ, എന്നെ എന്റെ മകൻ മരിച്ച ആ സ്ഥലം ഒന്ന് കൊണ്ടുപോയി കാണിക്കണം...'

ഞാനെന്തായാലും തിരിച്ചു വരും... അവിടെ ത്രിവർണ്ണ പതാക പാറിച്ചിട്ടാണെങ്കിൽ അങ്ങനെ, അല്ല അതേ പതാകയിൽ പൊതിഞ്ഞിട്ടാണെങ്കില്‍ അങ്ങനെ...

മഞ്ഞുമൂടിയ മലഞ്ചെരിവുകൾ നഗ്നപാദനായി കീഴടക്കിയ 'മഹാ വീർ ചക്ര' ക്യാപ്റ്റൻ കെൻഗുരുസ്‌

മരിച്ചുവീഴും മുമ്പ് തന്റെ കൂട്ടാളികളോട് അദ്ദേഹം ഉച്ചത്തിൽ വിളിച്ചുപറഞ്ഞു, 'വിടരുത് ഒരുത്തനെയും..!'

Follow Us:
Download App:
  • android
  • ios