Asianet News MalayalamAsianet News Malayalam

മഞ്ഞുമൂടിയ മലഞ്ചെരിവുകൾ നഗ്നപാദനായി കീഴടക്കിയ 'മഹാ വീർ ചക്ര' ക്യാപ്റ്റൻ കെൻഗുരുസ്‌

ആ മലയിടുക്കുകളിലൂടെ, തന്റെ സംഘത്തോടൊപ്പം കയറിൽ തൂങ്ങി മുകളിലേക്ക് കേറിക്കൊണ്ടിരിക്കെ ക്യാപ്റ്റൻ കെൻഗുരുസിന് വയറ്റിൽ വെടിയേൽക്കുന്നു. ഏറെ നിർണായകമായ ആ ദൗത്യം താൻ കാരണം പരാജയപ്പെട്ടുകാണാൻ ക്യാപ്റ്റൻ ആഗ്രഹിച്ചിരുന്നില്ല.  

kargil diary sixth
Author
Thiruvananthapuram, First Published Jul 25, 2019, 12:33 PM IST

കവി പ്രദീപിന്റെ സുപ്രസിദ്ധമായ ഏ മേരെ വതൻ കെ ലോഗോം എന്ന് തുടങ്ങുന്ന സുപ്രസിദ്ധ ദേശഭക്തി ഗാനത്തിലെ ഒരു ഈരടി ഇപ്രകാരമാണ്, 

"ജോ ഖൂൺ ഗിരാ പർബത് പർ, വോ ഖൂൺ ഥാ ഹിന്ദുസ്ഥാനി 
  ജോ ശഹീദ് ഹുവേ ഹേ ഉൻകി സറാ യാദ് കരോ കുർബാനീ..."

'മലമുകളിൽ ചിന്തിയ ചോര, 
അതൊരു ഭാരതീയന്റേതായിരുന്നു.
ധീരരക്തസാക്ഷികളായവരുടെ 
ജീവത്യാഗങ്ങളെ നന്ദിപൂർവം സ്മരിക്കുക നിങ്ങൾ'

ഈ വരികളെ അന്വർത്ഥമാക്കിയ ഒരു സൈനികനുണ്ടായിരുന്നു രണ്ടാം രാജപുത്താനാ ബറ്റാലിയനിൽ. പേര്, ക്യാപ്റ്റൻ നെയ്‌കേസാക്വൊ കെൻഗുരുസ്‌. ജന്മനാട് നാഗാലാൻഡ്. ഇന്ത്യൻ സൈന്യവുമായി നിരന്തരം സംഘർഷങ്ങൾ നടക്കുന്ന നാഗാ മണ്ണിൽ നിന്നും ഇന്ത്യൻ സൈന്യത്തിന് ലഭിച്ച ഒരു തീപ്പൊരി പോരാളിയായിരുന്നു ക്യാപ്റ്റൻ  കെൻഗുരുസ്‌. അദ്ദേഹത്തിന്റെ ചോര വീണ് അന്ന് കാർഗിലിന്റെ മഞ്ഞുപുതച്ച കൊടുമുടികൾ ചുവന്നു.  കാർഗിൽ യുദ്ധഭൂമിയിൽ കമാണ്ടർ ഇൻ ചാർജായി തന്റെ പ്ലാറ്റൂണിനെ നയിച്ച് ദ്രാസ്സ് സെക്ടറിലെ ബ്ലാക്ക് റോക്ക് എന്നറിയപ്പെട്ടിരുന്ന പീക്ക് കീഴടക്കാനുള്ള പോരാട്ടത്തിനിടെ തന്റെ സ്വന്തം ജീവൻ പരിത്യജിച്ച അദ്ദേഹത്തെ രാഷ്ട്രം മരണാനന്തരം മഹാവീർ ചക്ര നൽകി ആദരിച്ചു. 

kargil diary sixth

വീട്ടുകാർക്കും സ്നേഹിതർക്കും ക്യാപ്റ്റൻ കെൻഗുരുസ്‌ പ്രിയപ്പെട്ട നെയ്ബു ആയിരുന്നു. അദ്ദേഹത്തിന്റെ സൈനികസംഘത്തിലുള്ളവർക്ക് നിംബു സാഹിബും. കൊഹിമയിലെ നെഹെർമ ഗ്രാമത്തിലായിരുന്നു ജനനം. നാഗാ പോരാളികളുടെ ഗ്രാമമായിരുന്നു നെഹെർമ. അച്ഛൻ നീസെലി കെൻഗുരുസ്‌ ഒരു പ്യൂണായിരുന്നു. തികഞ്ഞ സാത്വികനും അഹിംസാവാദിയും ഒക്കെയായിരുന്ന അദ്ദേഹത്തിന് മകൻ സൈന്യത്തിൽ ചേരുന്നതോ, യുദ്ധംചെയ്യുന്നതോ ഒന്നും ഇഷ്ടമായിരുന്നില്ല. എന്നാൽ, തന്റെ രാജ്യത്തെ സേവിക്കുക എന്നത് മറ്റേതൊരു ജോലിയെക്കാളും മഹത്വമുള്ളതാണെന്നും, അതാണ് തന്റെ സ്വപ്നമെന്നും മകൻ ഒരേ വാശി പിടിച്ചപ്പോൾ ആ അച്ഛൻ വഴങ്ങി. ബിരുദപഠനത്തിനു ശേഷം കുറച്ചുകാലം കൊഹിമയിലെ ഒരു സർക്കാർ സ്‌കൂളിൽ അധ്യാപകനായും നെയ്ബു പ്രവർത്തിച്ചു ഒടുവിൽ 1998  ഡിസംബർ 12 -ന് ഇന്ത്യൻ സൈന്യത്തിൽ ലെഫ്റ്റനന്റായി കമ്മീഷൻ ചെയ്തു. 

1999 ജൂണിൽ കാർഗിൽ യുദ്ധം തുടങ്ങുമ്പോൾ ക്യാപ്റ്റൻ കെൻഗുരുസ്‌ രാജപുത്താനാ റൈഫിൾസ് ബറ്റാലിയനിൽ ഒരു ജൂനിയർ കമാൻഡർ ആയിരുന്നു. അദ്ദേഹത്തിന്റെ കർമ്മകുശലതയും, ദൃഢനിശ്ചയവും അദ്ദേഹത്തെ താമസിയാതെ ഘാതക് പ്ലേറ്റോണിന്റെ ലീഡ് കമാൻഡർ ആക്കി മാറ്റി. ഏറ്റവും ശാരീരിക ക്ഷമതയുള്ള, ഏറ്റവും രണാവേശമുളള സൈനികരെ മാത്രമാണ് അന്നൊക്കെ ഘാതക് പ്ലാറ്റൂണിന്റെ ഭാഗമാക്കിയിരുന്നത്. ഇന്ത്യൻ സൈന്യത്തിലെ കൗണ്ടർ സ്ട്രൈക്ക് സംഘങ്ങളിൽ ഏറ്റവും ആദ്യത്തേതായിരുന്നു ഘാതക് പ്ലാറ്റൂൺ. ഘാതക് എന്ന വാക്കിന്റെ അർഥം തന്നെ ഇംഗ്ലീഷിൽ 'deadly' എന്നാണ്. അതായത് മാരകം. 

ക്യാപ്റ്റൻ കെൻഗുരുസിനും സംഘത്തിനും ജൂൺ 28 -ന് രാത്രി ഏറ്റെടുക്കേണ്ടി വന്നത് വളരെ അപകടകരമായ ഒരു കമാൻഡോ ഓപ്പറേഷനായിരുന്നു. ക്ലിഫ് ടോപ്പിലുള്ള ഒരു മെഷീൻ ഗണ്‍ പോസ്റ്റാണ് ബ്ലാക്ക് റോക്ക്. അവിടെ കയ്യേറി ഇരിപ്പുറപ്പിച്ചിരുന്ന പാക് സംഘം അവിടെ നിന്നും താഴെയുള്ള പാതയിലേക്ക് നിരന്തരം വെടിയുതിർത്തത് അതിലേക്കുള്ള ഗതാഗതം തടസ്സപ്പെടുത്താൻ തുടങ്ങി. ആ പോസ്റ്റിനെ കീഴടക്കാതെ യുദ്ധത്തിൽ ഇന്ത്യക്ക് മുന്നോട്ടുപോകാൻ സാധിക്കില്ല എന്ന അവസ്ഥ വന്നു. അതോടെയാണ്, ഏറെ ദുഷ്കരമായ ആ മലയിടുക്കിലൂടെ ബ്ലാക്ക് റോക്കിലേക്ക് വലിഞ്ഞു കേറി അവിടെ ഇരിപ്പുറപ്പിച്ച എതിരാളികളെ തുരത്തുക എന്ന, കാർഗിൽ യുദ്ധത്തിന്റെ ഗതി പോലും നിർണയിക്കാൻ പോന്ന ആ സുപ്രധാന ദൗത്യം, സൈനികനേതൃത്വം ഘാതക് പ്ലാറ്റൂണിനെ ഏൽപ്പിക്കുന്നത്. 16000  അടിയിലധികം ഉയരത്തിൽ, -10 ഡിഗ്രി തണുപ്പിൽ ആണ് ആ മിഷൻ നടപ്പിലാക്കേണ്ടിയിരുന്നത് എന്നോർക്കണം. തുരുതുരാ വന്നുവീണുകൊണ്ടിരുന്ന ഷെല്ലുകൾക്കും, നിരന്തരം ഗർജ്ജിച്ചുകൊണ്ടിരുന്ന മോർട്ടാറുകൾക്കും യന്ത്രത്തോക്കുകൾക്കുമിടയിലൂടെ ചെങ്കുത്തായ ഒരു മലയിടുക്കിലൂടെ അങ്ങ് മുകളിലെ കൊടുമുടിയുടെ തുഞ്ചത്തേക്ക് വലിഞ്ഞു കയറുക എന്നത് ഏറെക്കുറെ അസാധ്യമെന്നുതന്നെ കരുതപ്പെട്ടിരുന്നു.   

ആ മലയിടുക്കുകളിലൂടെ, തന്റെ സംഘത്തോടൊപ്പം കയറിൽ തൂങ്ങി മുകളിലേക്ക് കേറിക്കൊണ്ടിരിക്കെ ക്യാപ്റ്റൻ കെൻഗുരുസിന് വയറ്റിൽ വെടിയേൽക്കുന്നു. ഏറെ നിർണായകമായ ആ ദൗത്യം താൻ കാരണം പരാജയപ്പെട്ടുകാണാൻ ക്യാപ്റ്റൻ ആഗ്രഹിച്ചിരുന്നില്ല.  ചോര വാർന്നൊലിച്ച് ശക്തി ചോർന്നുപോകാൻ തുടങ്ങിയെങ്കിലും അദ്ദേഹം മുന്നോട്ടുതന്നെ നീങ്ങാനുള്ള ഓർഡറുകൾ നൽകി. അങ്ങനെ അവർ ആ കൊടുമുടിയുടെ തുഞ്ചത്തിന്‌ തൊട്ടു താഴെയുള്ള ഒരു ലാന്‍ഡിങ്ങ് പോയിന്റിൽ എത്തി. ഇനി അല്‍പം കൂടെ കയറി, ഒന്നു മറിഞ്ഞാൽ മുകളിൽ ശത്രുക്കൾ തമ്പടിച്ചിരിക്കുന്ന പോസ്റ്റാണ്. അതുവരെ കയറിയ ചെരിവുകളെക്കാളൊക്കെ ചെങ്കുത്തായ ഒന്നായിരുന്നു അവസാനത്തേത്. അതിലേക്ക് വലിഞ്ഞു കേറും വഴി, മഞ്ഞുമൂടിയ ആ മലഞ്ചെരുവിൽ അദ്ദേഹത്തിന്റെയും കൂട്ടാളികളുടെയും മിലിട്ടറി ബൂട്ടുകൾ വഴുക്കാൻ തുടങ്ങി. ഗ്രിപ്പുകിട്ടാത്തതിനാൽ കയറാൻ വയ്യാത്ത അവസ്ഥയായി.

ക്യാപ്റ്റൻ കെൻഗുരുസിനു വേണമെങ്കിൽ ആ മിഷൻ അവിടെ വെച്ച് ഉപേക്ഷിക്കാമായിരുന്നു. അവനവന്റെ ആരോഗ്യാവസ്ഥ പരിഗണിച്ച്, തിരികെച്ചെന്ന് അടിയന്തര ചികിത്സ തേടാമായിരുന്നു. എന്നാൽ, അപ്പോൾ ക്യാപ്റ്റൻ ചെയ്തത്, ആരും പ്രതീക്ഷിക്കാത്ത ഒരു കാര്യമായിരുന്നു. -10  ഡിഗ്രിയിൽ താഴെ മഞ്ഞുറഞ്ഞു കിടക്കുന്ന ആ മലഞ്ചെരുവിൽ വെച്ച്, ക്യാപ്റ്റൻ തന്റെ ഷൂസ് ഊരിമാറ്റി. ഗ്രിപ്പുകിട്ടാതെ വഴുതുന്ന ഷൂസിന്റെ സോളിന് പകരം തന്റെ നഗ്നമായ കാലടികൾ കൊണ്ട് അദ്ദേഹം ആ മഞ്ഞുമലഞ്ചെരുവിൽ അള്ളിപ്പിടിച്ചു. ഇത്തവണ അദ്ദേഹത്തിന് കേറാൻ വേണ്ട ഗ്രിപ്പ് കിട്ടി. തോളിൽ ഒരു റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ഗണ്ണും (RPG) ഏന്തിയായിരുന്നു ക്യാപ്റ്റന്റെ മലകയറ്റം. 

ചെരിവുകേറി, മലമുകളിലെ പരപ്പിലേക്ക് ചെരിഞ്ഞ ആ നിമിഷം തന്നെ, തന്റെ കണ്മുന്നിൽ കണ്ട ഏഴു പാക്കിസ്ഥാനി ബങ്കറുകൾ ലക്ഷ്യമാക്കി ക്യാപ്റ്റൻ കെൻഗുരുസ്‌ തന്റെ തോക്കിലെ ഗ്രനേഡ് തൊടുത്തുവിട്ടു. യന്ത്രത്തോക്കുകളായിരുന്നു ആ ബങ്കറുകളിൽ നിന്നും മറുപടി പറഞ്ഞത്. പക്ഷേ, തന്റെ റൈഫിളിൽ നിന്നും അദ്ദേഹവും നിരന്തരം വെടിയുതിർത്തുകൊണ്ടിരുന്നു. ബങ്കറുകൾ വെടിഞ്ഞ് തന്നെ ആക്രമിക്കാൻ വന്ന രണ്ടു ശത്രു സൈനികരെ തന്റെ ഹാൻഡ്-റ്റു-ഹാൻഡ് കോംബാറ്റ് ടെക്നിക്കുകളാൽ അദ്ദേഹം തറപറ്റിച്ചു. രണ്ടുപേരെയും തന്റെ കമാൻഡോ നൈഫുകൊണ്ട് അദ്ദേഹം നേരെ കാലപുരിക്കയച്ചു. തുടർന്ന് തന്നെ ആക്രമിക്കാൻ വന്ന രണ്ടു സൈനികരെ അദ്ദേഹം തന്‍റെ റൈഫിളുകൊണ്ടും വെടിവെച്ചു വീഴ്ത്തി. എന്നാൽ, ആ ബങ്കറുകളിൽ അദ്ദേഹത്തിന് തടുത്തു നിർത്താവുന്നതിലും അധികം സായുധരായ നുഴഞ്ഞുകയറ്റക്കാരുണ്ടായിരുന്നു. അവർ ഒന്നടങ്കം വെളിയിലിറങ്ങി അദ്ദേഹത്തിന് നേരെ യന്ത്രത്തോക്കുകളാൽ വെടിയുതിർത്തപ്പോൾ അദ്ദേഹത്തിന് പിടിച്ചു നിൽക്കാനായില്ല. അങ്ങനെ ആ ധീരസൈനികൻ ശത്രുക്കളുടെ വെടിയുണ്ടകളേറ്റ്, താൻ കയറിവന്ന അതേ ചെങ്കുത്തായ മലനിരകളിലൂടെ, അങ്ങ് താഴെയുള്ള താഴ്വരയിലേക്ക് തെറിച്ചുവീണു. പക്ഷേ, അപ്പോഴേക്കും, പിന്നാലെ വന്ന അദ്ദേഹത്തിന്റെ സംഘാംഗങ്ങൾക്ക് ബാക്കിയുള്ളവരെ വധിക്കാനും, ആ ബ്ലാക്ക് റോക്ക് പിടിച്ചടക്കാനും വേണ്ട സാവകാശം കിട്ടിക്കഴിഞ്ഞിരുന്നു. 

മിഷൻ വിജയം കണ്ട്, ആ ബ്ലാക്ക് റോക്കിനു മുകളിൽ ത്രിവർണ്ണ പതാക പാറിച്ച ശേഷം, കെൻഗുരുസിന്റെ സഹപ്രവർത്തകർ തങ്ങളുടെ നിംബു സാഹിബ് അന്ത്യവിശ്രമം കൊള്ളുന്ന ആ മഞ്ഞുമൂടിയ താഴ്വരകളിൽ അദ്ദേഹത്തിന്റെ മൃതദേഹത്തിനായി തിരച്ചിൽ നടത്തി. ഒടുവിൽ അദ്ദേഹത്തിന്റെ മരവിച്ച ശരീരം കണ്ടെത്തി. അവർ അദ്ദേഹത്തോട് നിറകണ്ണീരോടെ ഇങ്ങനെ പറഞ്ഞു, "ഇത് അങ്ങയുടെ വിജയമാണ് നിംബു സാഹിബ്... അങ്ങയുടെ മാത്രം..!" 

kargil diary sixth

തന്റെ ഇരുപത്തഞ്ചാമത്തെ വയസ്സിലാണ് ക്യാപ്റ്റൻ കെൻഗുരുസ്‌ എന്ന ധീരനായ യോദ്ധാവ് ജന്മനാടിന്റെ അഭിമാനം ഉയർത്തിപ്പിടിക്കാനായി തന്റെ ജീവൻ ബലിനൽകിയത്. അന്ന് ഘാതക് പ്ലാറ്റൂൺ ബ്ലാക്ക് റോക്ക് പിടിച്ചെടുത്തത്, കാർഗിൽ വിജയത്തിലെ ഇന്ത്യയുടെ വിജയത്തിന് നിർണായകമായി. 

ആ പോരാട്ടത്തിന് പുറപ്പെടും മുമ്പ് ക്യാപ്റ്റൻ തന്റെ അച്ഛനെഴുതിവെച്ച കത്തിൽ ഇങ്ങനെ എഴുതി, "ഡാഡ്... ഞാൻ ചിലപ്പോൾ തിരിച്ചു നാട്ടിലേക്കു വന്നില്ലെന്നിരിക്കും. നമ്മൾ ഇനി ഒന്നിച്ചിരുന്നില്ല എന്നും വരാം. എന്നാലും, എന്നെയോർത്ത് നിങ്ങൾ ദുഃഖിക്കരുത്... കാരണം രാജ്യത്തിനുവേണ്ടി എന്നെത്തന്നെ സമർപ്പിക്കുക എന്നത് എന്റെ മാത്രം തീരുമാനമായിരുന്നു..." 

കൊഹിമയിലേക്ക് അവരുടെ പ്രിയ പുത്രൻ നെയ്ബുവിന്റെ മൃതദേഹം കൊണ്ടുവന്നപ്പോൾ അന്ത്യോപചാരമർപ്പിക്കാനായി തടിച്ചുകൂടിയത് പതിനായിരക്കണക്കിന് തദ്ദേശവാസികളായിരുന്നു. ക്യാപ്റ്റൻ നെയ്കെസാക്വോ കെൻഗുരുസിനെപ്പോലുള്ള ധീരരായ സൈനികർ എന്നും പിറന്നുവീഴുന്നില്ല.  കാർഗിൽ യുദ്ധചരിത്രത്തിൽ മായാത്ത ഓർമകളായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു നിംബു സാബ് എന്ന ക്യാപ്റ്റൻ കെൻഗുരുസിന്റെ ജീവത്യാഗത്തിന്റെ കഥ.

മഞ്ഞിന്റെ മറവിൽ നടന്നത് കടുത്ത വിശ്വാസ വഞ്ചന..!

ക്യാപ്റ്റൻ സൗരഭ് കാലിയയുടെയും പട്രോൾ സംഘത്തിന്റെയും ജീവത്യാഗം

15 വെടിയുണ്ടകളേറ്റിട്ടും മരിച്ചില്ല, പാക് സൈന്യത്തിനു നേരെ ഗ്രനേഡെറിഞ്ഞു; യോഗേന്ദ്ര സിങ് യാദവിന്‍റെ ധീരത

'യുദ്ധമൊക്കെ കഴിഞ്ഞാൽ, എന്നെ എന്റെ മകൻ മരിച്ച ആ സ്ഥലം ഒന്ന് കൊണ്ടുപോയി കാണിക്കണം...'

ഞാനെന്തായാലും തിരിച്ചു വരും... അവിടെ ത്രിവർണ്ണ പതാക പാറിച്ചിട്ടാണെങ്കിൽ അങ്ങനെ, അല്ല അതേ പതാകയിൽ പൊതിഞ്ഞിട്ടാണെങ്കില്‍ അങ്ങനെ...

Follow Us:
Download App:
  • android
  • ios