
നമ്മുടെ ബാങ്ക് അക്കൗണ്ടിൽ പെട്ടെന്നൊരു ദിവസം 10 കോടി രൂപ വന്നാൽ എന്തുണ്ടാവും? അത് നമുക്ക് കിട്ടിയെങ്കിൽ എന്ന് തന്നെ ചിന്തിക്കുന്നവരായിരിക്കും ബഹുഭൂരിപക്ഷവും. എന്നാൽ, ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ നിന്നുള്ള ഒരു സാധാരണ വീട്ടമ്മ ചെയ്തത് അതല്ല. അക്കൗണ്ടിൽ അപ്രതീക്ഷിതമായി വന്ന വൻതുകയിൽ നിന്ന് ഒരു രൂപാ പോലും പിൻവലിക്കാതെ അധികൃതരെ വിവരമറിയിച്ച റീത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഒരു കര്‍ഷകന്‍റെ ഭാര്യയാണ് അവര്‍. മെയിൻപുരി ബിച്വാൻ സ്വദേശിയായ റീത്ത, പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയതായിരുന്നു. എന്നാൽ, ബാങ്ക് അവധിയായതിനാൽ അടുത്തുള്ള എടിഎമ്മിൽ കയറി ബാലൻസ് പരിശോധിച്ച അവർക്ക് താൻ കണ്ടത് വിശ്വസിക്കാനായില്ല. അക്കൗണ്ടിൽ കൃത്യം 9,99,49,588 രൂപ ഉണ്ടായിരുന്നു! പലവട്ടം ബാലൻസ് പരിശോധിച്ചിട്ടും തുകയിൽ മാറ്റമില്ലെന്ന് കണ്ടതോടെ അവർ എടിഎം സ്ക്രീനിന്റെ വീഡിയോ പകർത്തി. ഈ വീഡിയോയാണ് പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.
അക്കൗണ്ടിൽ കോടികളുണ്ടെങ്കിലും അത് തന്റെ അധ്വാനഫലമല്ലെന്ന ബോധ്യത്തിൽ അതിൽ നിന്നും ഒരു രൂപ പോലും പിൻവലിക്കില്ലെന്ന് റീത്ത തീരുമാനിച്ചു. മാത്രമല്ല, തുകയെക്കുറിച്ച് അധികൃതരിൽ നിന്നും കൃത്യമായ വിശദീകരണം ലഭിക്കുന്നത് വരെ പണത്തിൽ തൊടരുതെന്ന് അവർ തന്റെ കുടുംബാംഗങ്ങൾക്കും കർശനമായ നിർദ്ദേശം നൽകി. റീത്തയുടെ ഈ സത്യസന്ധതയെ പ്രശംസിക്കുകയാണ് ഇപ്പോൾ നാട്ടുകാരും സോഷ്യൽ മീഡിയയും.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ബാങ്ക് ഓഫ് ഇന്ത്യ കരീംഗഞ്ച് ബ്രാഞ്ച് മാനേജർ ഋഷികാന്ത് പാണ്ഡെ വിഷയത്തിൽ പ്രതികരണവുമായി എത്തി. സാങ്കേതിക തകരാറോ അല്ലെങ്കിൽ ഇടപാടിലെ പിഴവോ ആകാം ഇത്രയും വലിയ തുക അക്കൗണ്ടിൽ കാണിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. കഷ്ടപ്പാടുകളുണ്ടെങ്കിലും ആ തുകയിൽ നിന്നും ഒരു രൂപാ പോലും തൊടില്ലെന്ന് തീരുമാനിച്ച റീത്തയുടെ നിലപാടിനെ കയ്യടിയോടെയാണ് ആളുകൾ സ്വീകരിക്കുന്നത്.