മരിക്കും മുമ്പ് തന്നെ സ്വന്തം ശവസംസ്കാരച്ചടങ്ങിനെ കുറിച്ച് സംസാരിച്ച് 10 വയസുകാരി, മരണം കാൻസറിനെ തുടർന്ന്...

By Web TeamFirst Published Dec 6, 2022, 4:01 PM IST
Highlights

2015 -ലാണ് കാർഡിഫ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് വെയിൽസിൽ നടത്തിയ വിശദമായ പരിശോധനയിൽ അവൾക്ക് ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തുന്നത്. ഉടനെ തന്നെ കീമോതെറാപ്പി അടക്കം ചികിത്സ തുടങ്ങി.

കുഞ്ഞുങ്ങൾ മരിച്ചു പോവുക എന്നത് ഒരാൾക്കും സഹിക്കാനാവുന്ന കാര്യമല്ല. എങ്കിലും, പല കാരണങ്ങൾ കൊണ്ടും ചിലർക്ക് മരണത്തിന് കീഴടങ്ങേണ്ടി വരാറുണ്ട്. ഇവിടെ വെറും 10 വയസുള്ള ഒരു പെൺകുട്ടിയാണ് കാൻസറിനെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്. എന്നാൽ, താൻ മരിക്കാൻ പോവുകയാണ് എന്നത് അവൾക്കും അറിയാമായിരുന്നു. അതുകൊണ്ട് തന്നെ തന്റെ ശവസംസ്കാര ചടങ്ങുകളിലെന്തെല്ലാം വേണമെന്ന് അവൾ നേരത്തെ തന്നെ പറഞ്ഞിരുന്നു എന്ന് അവളുടെ അമ്മ പറയുന്നു. 

സൗത്ത് വെയിൽസിലെ കാർഡിഫിൽ നിന്നുള്ള ക്രിസ്റ്റൽ സ്മിത്തിന് വെറും ആറ് വയസ് മാത്രമുള്ളപ്പോഴാണ് അവൾക്ക് ന്യൂറോബ്ലാസ്റ്റോമ ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തുന്നത്. മാസങ്ങളോളം അവൾ തനിക്ക് കാലും വയറും വേദനയുണ്ട് എന്ന് പറഞ്ഞിരുന്നു എങ്കിലും ആദ്യമൊന്നും അത് എന്താണ് എന്ന് ഡോക്ടർമാർക്ക് കണ്ടെത്താനായില്ല. 

2015 -ലാണ് കാർഡിഫ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് വെയിൽസിൽ നടത്തിയ വിശദമായ പരിശോധനയിൽ അവൾക്ക് ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തുന്നത്. ഉടനെ തന്നെ കീമോതെറാപ്പി അടക്കം ചികിത്സ തുടങ്ങി. 2017 -ൽ അവൾക്ക് സുഖമായതായി കണക്കാക്കി എങ്കിലും 2018 -ൽ വീണ്ടും കാൻസർ തിരികെ എത്തി. ആ സമയത്ത് അവളുടെ അമ്മ സബ്രീനയ്ക്ക് അവൾക്കൊപ്പമിരിക്കാൻ സാധിച്ചിരുന്നില്ല. കാരണം, ആ സമയത്ത് സബ്രീന ​ഗർഭിണി ആയിരുന്നു. അച്ഛനാണ് ക്രിസ്റ്റലിനെ നോക്കിയത്. ആ വർഷം ഡിസംബറിൽ ക്രിസ്റ്റൽ മരിച്ചു. ആ സമയത്ത് അവളുടെ അനിയൻ കോബിന് ഏഴ് മാസമായിരുന്നു പ്രായം. 

തന്റെ മരണം അടുത്തെത്തി എന്ന് ആ 10 വയസുകാരിക്ക് അറിയാമായിരുന്നു. വളരെ പക്വതയോടെ ആ സത്യത്തെ അവൾ അം​ഗീകരിക്കുകയും ചെയ്തു. അതിനാൽ തന്നെ തന്റെ ശവസംസ്കാര ചടങ്ങുകളെ കുറിച്ചും അവൾ തന്നെ അമ്മയോടും അച്ഛനോടും സംസാരിച്ചു. തന്നെ തന്റെ മുത്തശ്ശിയുടെ അടുത്ത് അടക്കണം എന്നതായിരുന്നു അതിൽ ആദ്യത്തെ കാര്യം. അതുപോലെ കുതിര വലിക്കുന്ന തരത്തിലുള്ള ശവപ്പെട്ടിയാണ് തനിക്ക് വേണ്ടത് എന്നും അവൾ പറഞ്ഞിരുന്നു എന്നും സബ്രീന പറയുന്നു. 

click me!