10 കോടി വർഷം പഴക്കമുള്ള ദിനോസറുകളുടെ ഫോസിൽ മേഘാലയയിൽ കണ്ടെത്തി

By Web TeamFirst Published May 5, 2021, 12:24 PM IST
Highlights

"ഇപ്പോഴത്തെ എല്ലുകൾ 2019-2020, 2020-21 എന്നീ വർഷങ്ങളിലെ ഫീൽഡ് വർക്ക് സമയത്താണ് കണ്ടെത്തിയത്. ടീമിന്റെ അവസാന സന്ദർശനം 2021 ഫെബ്രുവരിയിലായിരുന്നു. ഫോസിലുകൾ ഏകദേശം 100 കോടി വർഷങ്ങൾക്ക് മുമ്പ് അപ്രത്യക്ഷമായ ക്രിറ്റേഷ്യസിൻ കാലഘട്ടത്തിലേതാണ്” റോയ് പറഞ്ഞു. 

ഏകദേശം 10 കോടി വർഷം പഴക്കമുള്ള ദിനോസറിന്റെ ഫോസിലുകൾ പശ്ചിമ ഖാസി ഹിൽസ് ജില്ലയായ മേഘാലയയ്ക്ക് സമീപം നിന്ന് കണ്ടെത്തി. നീളമുള്ള കഴുത്തുള്ള ഈ ദിനോസറുകളെ സോറാപോഡ് എന്ന് വിളിക്കുന്നു. നോർത്ത് ഈസ്റ്റിലെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പാലിയന്റോളജി വിഭാഗത്തിലെ ഗവേഷകർ അടുത്തിടെ നടത്തിയ ഫീൽഡ് ട്രിപ്പിലാണ് ഇതുവരെ പ്രസിദ്ധീകരിക്കാത്ത ഈ കണ്ടെത്തലുകൾ നടന്നത്. ജി‌എസ്‌ഐ ഗവേഷകരുടെ അഭിപ്രായത്തിൽ, ഇതാദ്യമായാണ് സോറാപോഡിന്റെ അസ്ഥികൾ ഈ പ്രദേശത്ത് നിന്ന് കണ്ടെത്തുന്നത്.  

ടൈറ്റനോസറിയൻ കുടുംബത്തിൽപെട്ട സോറാപോഡുകൾക്ക് വളരെ നീളമുള്ള കഴുത്തും, നീളമുള്ള വാലുകളും, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറിയ തലകളും, കട്ടിയുള്ള തൂണുപോലുള്ള നാല് കാലുകളുമുണ്ടായിരുന്നു. വലുപ്പത്തിന്റെ കാര്യത്തിൽ മറ്റ് ചില ജീവിവർ​ഗങ്ങളെക്കാൾ ഇവ മുന്നിലായിരുന്നു. കരയിൽ ഇതുവരെ ജീവിച്ചിരുന്ന ഏറ്റവും വലിയ മൃഗങ്ങളുടെ പട്ടികയിൽ ഇവയും ഉൾപ്പെടുന്നു. സോറാപോഡുകളുടെ അസ്ഥികൾ കണ്ടെത്തുന്ന രാജ്യത്തെ അഞ്ചാമത്തെ സംസ്ഥാനമാണ് മേഘാലയ. ഇതിന് മുൻപ്  ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഇതിന്റെ ഫോസിലുകൾ കണ്ടെത്തിയത്.  

ആഫ്രിക്ക, ഏഷ്യ, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, അന്റാർട്ടിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിവിധതരം സോറാപോഡ് ദിനോസറുകളാണ് ടൈറ്റനോസറുകൾ. “മേഘാലയയിൽ നിന്നുള്ള ദിനോസർ അസ്ഥികൾ 2001 -ൽ ജി‌എസ്‌ഐ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും അവ ഏത് ഇനത്തിൽ പെട്ടതാണ് എന്ന് തിരിച്ചയറിയാൻ സാധിക്കാത്ത വിധം പൊടിഞ്ഞതും ഒട്ടും സംരക്ഷിക്കപ്പെടാത്ത അവസ്ഥയിലും ആയിരുന്നു” ജി‌എസ്‌ഐയിലെ പാലിയന്റോളജി വിഭാഗത്തിലെ സീനിയർ ജിയോളജിസ്റ്റ് അരിന്ദം റോയ് പറഞ്ഞു.

"ഇപ്പോഴത്തെ എല്ലുകൾ 2019-2020, 2020-21 എന്നീ വർഷങ്ങളിലെ ഫീൽഡ് വർക്ക് സമയത്താണ് കണ്ടെത്തിയത്. ടീമിന്റെ അവസാന സന്ദർശനം 2021 ഫെബ്രുവരിയിലായിരുന്നു. ഫോസിലുകൾ ഏകദേശം 100 കോടി വർഷങ്ങൾക്ക് മുമ്പ് അപ്രത്യക്ഷമായ ക്രിറ്റേഷ്യസിൻ കാലഘട്ടത്തിലേതാണ്” റോയ് പറഞ്ഞു. അതിൽ ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ഫോസിലുകൾ ലിംബ് അസ്ഥികളാണെന്ന് അദ്ദേഹം പറഞ്ഞു.  

ഇരുപത്തിയഞ്ചിലധികം പൊട്ടിയ അസ്ഥി മാതൃകകളാണ് കണ്ടെടുത്തിരിക്കുന്നത്. അവ വ്യത്യസ്ത വലുപ്പത്തിലുള്ളവയും, ഒറ്റപ്പെട്ട മാതൃകകളായും കാണപ്പെടുന്നു. എന്നാൽ, അവയിൽ ചിലത് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് അടുത്തിടെ കണ്ടെത്തിയതായി ഗവേഷകർ പറയുന്നു. അസ്ഥികളുടെ മോശം അവസ്ഥ കാരണം അവയുടെ വംശം തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്നും, വീണ്ടെടുക്കപ്പെട്ട എല്ലുകളിൽ ഭൂരിഭാഗവും ഭാഗികമായി ഉറപ്പിക്കുകയും, ഭാഗികമായി മാറ്റിസ്ഥാപിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ, ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടിട്ടുള്ളവയിൽ നിന്ന് മൂന്നെണ്ണം മാത്രമേ പഠനത്തിനായി ഉപയോഗിക്കൂ. അവയിൽ 55 സെന്റിമീറ്റർ (സെ.മീ) നീളമുള്ള ഭാഗികമായി സംരക്ഷിക്കപ്പെടുന്ന ലിംബ് അസ്ഥിയാണ് ഏറ്റവും വലുത്. എന്നിരുന്നാലും, പ്രാഥമിക പഠനങ്ങളിൽ നിന്നുള്ള നിഗമനങ്ങളാണ് ഇതെന്നും, വിശദമായ പഠനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ തെക്കൻ അർദ്ധഗോളത്തിലെ ഭൂപ്രദേശങ്ങളിൽ കണ്ടിരുന്ന ഏറ്റവും വൈവിധ്യമാർന്ന സസ്യഭുക്കുകളായിരുന്നു ടൈറ്റനോസൗറിയൻ സോറാപോഡ് ദിനോസറുകൾ. പക്ഷേ, അവ ഗോണ്ട്വാനൻ ലാൻഡ്‌മാസ്സുകളിൽ നിന്നുള്ളവയല്ലെന്ന് ഗവേഷകർ പറഞ്ഞു.

ഏകദേശം 300 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് നിലവിലുണ്ടായിരുന്ന പാംഗിയൻ സൂപ്പർ ഭൂഖണ്ഡത്തിന്റെ തെക്ക് ഭാഗമാണ് ഗോണ്ട്വാനലാന്റ്. ഇത് തെക്കേ അമേരിക്ക, ആഫ്രിക്ക, അറേബ്യ, മഡഗാസ്കർ, ശ്രീലങ്ക, ഇന്ത്യ, അന്റാർട്ടിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ പ്രധാന ഭൂഖണ്ഡങ്ങളെ ഉൾക്കൊള്ളുന്നു. ഇന്ത്യയിൽ, ക്രിറ്റേഷ്യസ് സോറാപോഡ് ദിനോസർ സാധാരണയായി ടൈറ്റനോസറിയൻ വംശത്തിൽ നിന്നുള്ളവയാണ്. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ളവയാണ് അവ എന്ന് റിപ്പോർട്ടുകൾ പറയുന്നു.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!