ഉടമയില്ല, ജോലിക്കാരില്ല, എന്നാലും ചായ കിട്ടും, ഒരാളും പണം നൽകാതെ പോവുകയുമില്ല, വ്യത്യസ്തം ഈ ചായക്കട!

Published : May 21, 2025, 09:22 PM IST
ഉടമയില്ല, ജോലിക്കാരില്ല, എന്നാലും ചായ കിട്ടും, ഒരാളും പണം നൽകാതെ പോവുകയുമില്ല, വ്യത്യസ്തം ഈ ചായക്കട!

Synopsis

ഇവിടെ വരുന്ന ആളുകൾ ചായ കുടിക്കുക മാത്രമല്ല, ചായ ഇടുകയും, അത് നൽകുകയും ഒക്കെ ചെയ്യും.

നമ്മൾ ഒരു ചായക്കടയിൽ പോകുന്നു, അവിടെ ചായക്കടയിൽ ചായ ഉണ്ടാക്കാനോ തരാനോ ആരും ഇല്ല. കടയുടമ സ്ഥലത്തേ ഇല്ല. എന്ത് ചെയ്യും, ചായ കുടിക്കാതെ തിരികെ പോകും അല്ലേ? എന്നാൽ, ബം​ഗാളിലുള്ള ഈ ചായക്കടയിൽ കാര്യം അല്പം വ്യത്യസ്തമാണ്. അവിടെ ഉടമയോ ജോലിക്കാരനോ ഒന്നും ഇല്ലെങ്കിലും ചായ കിട്ടും. ചായ കുടിച്ച് കഴിഞ്ഞാൽ ആളില്ലെങ്കിലും അതിന്റെ പണം അവിടെ കൊടുക്കാതെ ഒരാളും പോകാറുമില്ല. പശ്ചിമ ബംഗാളിലെ സെറാംപൂരിലാണ് ഒരു നൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ഈ ചായക്കട.

'നരേഷ് ഷോമിന്റെ ചായക്കട' എന്നാണ് ഈ ചായക്കട അറിയപ്പെടുന്നത്. മിക്കവാറും ചായക്കടയിൽ ആളുകൾ ചെല്ലുന്നത് വെറുതെ ഒരു ചായ കുടിച്ച് പോരാനല്ല. മറിച്ച് അല്പം സംസാരിക്കാനും ഒക്കെ കൂടി വേണ്ടിയാണ്. ചായക്കട സൗഹൃദത്തിന്റെയും ആളുകൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെയും ഒക്കെ കഥകൾ പങ്കുവയ്ക്കുന്ന ഇടം കൂടിയാണ്. ഈ ചായക്കടയാവട്ടെ എല്ലാ തരത്തിലും അത്തരത്തിലുള്ള ഒന്നാണ് എന്ന് പറയേണ്ടി വരും. 

ഇവിടെ വരുന്ന ആളുകൾ ചായ കുടിക്കുക മാത്രമല്ല, ചായ ഇടുകയും, അത് നൽകുകയും ഒക്കെ ചെയ്യും. 60 വയസ്സുള്ള അശോക് ചക്രബർത്തിയാണ് കടയുടെ ഉടമ. അദ്ദേഹം രാവിലെ കട തുറന്നുവച്ച ശേഷം ജോലിക്ക് പോകും. എന്നാൽ, പിന്നീട് ആളുകൾ അവിടെ എത്തുകയും ചായ ഇടുകയും കുടിക്കുകയും വിൽക്കുകയും ഒക്കെ ചെയ്യും. ഇങ്ങനെ സ്ഥിരമായി ഇവിടെ എത്തുന്ന, എത്തുന്നവർക്ക് ചായ ഇട്ടുകൊടുക്കുന്ന ആളുകൾ ഇതിന്റെ ചുറ്റുവട്ടത്തുള്ളവരാണ്. 

100 വർഷങ്ങൾക്ക് മുമ്പ് നരേഷ് ചന്ദ്ര ഷോം ആണ് ഈ ചായക്കട തുറന്നത്. ഷോം ബ്രൂക്ക് ബോണ്ട് ചായക്കമ്പനിയിൽ ജോലി ചെയ്തിരുന്ന അദ്ദേഹം ഒരു ഒരു സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്നു.

കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇവിടെ നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിലും വൈറലായി മാറിയിരുന്നു. ആരാധനാ ചാറ്റർജി എന്ന യുവതിയാണ് വീഡിയോ പങ്കുവച്ചിരുന്നത്. അതിൽ ആളുകൾ ചായ ഇടുന്നതും കുടിക്കുന്നതും ഇവിടെയുള്ള പണമിടുന്ന പെട്ടിയിൽ പണമിട്ട് പോകുന്നതും കാണാം. എന്തായാലും, നന്മയുടെയും സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും കഥകൾ പറയുന്ന ഈ ചായക്കട പ്രശസ്തമാണ് ഇവിടെ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!