വയസ് 102, ഇപ്പോഴും പച്ചക്കറി വിറ്റ് ഉപജീവനം നടത്തി ലക്ഷ്മി, അമ്മ ഒരു ഉരുക്കുവനിതയാണ് എന്ന് മകൻ‌

Published : Jun 06, 2022, 10:53 AM IST
വയസ് 102, ഇപ്പോഴും പച്ചക്കറി വിറ്റ് ഉപജീവനം നടത്തി ലക്ഷ്മി, അമ്മ ഒരു ഉരുക്കുവനിതയാണ് എന്ന് മകൻ‌

Synopsis

ചില ദിവസങ്ങളിൽ, പ്രത്യേകിച്ച് അസുഖമൊക്കെ വരുമ്പോൾ വളരെ ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് അവർ പറഞ്ഞു. അന്നൊക്കെ ലക്ഷ്മി വീട് നടത്താനായി അസുഖവും വച്ച് പച്ചക്കറി വിൽക്കാൻ പോകുമായിരുന്നു. എങ്ങാൻ കിടന്ന് പോയാൽ വീട് പട്ടിണിയാകുമെന്ന് ലക്ഷ്‍മിയ്ക്ക് അറിയാമായിരുന്നു.

ലക്ഷ്മി മൈതി(Lakshmi Maity)ക്ക് വയസ്സ് നൂറ്റിരണ്ടായി. എന്നിട്ടും വീട്ടിൽ ചടഞ്ഞുകൂടി ഇരിക്കാതെ, പണിയ്ക്ക് പോവുന്നു. അവർ ഒരു പച്ചക്കറി (Vegetables) വിൽപ്പനക്കാരിയാണ്. പശ്ചിമബംഗാളിലെ പുർബ മേദിനിപൂർ ജില്ലയിലെ ജോഗിബെർഹ് ഗ്രാമത്തിലാണ് (Jogiberh village in West Bengal's Purba Medinipur district) ലക്ഷ്മി താമസിക്കുന്നത്. എല്ലാ ദിവസവും അവർ വെളുപ്പിന് പച്ചക്കറി വാങ്ങി ചന്തയിൽ കൊണ്ടുപോയി വിൽക്കും. അതും ഇന്നും ഇന്നലെയും ആരംഭിച്ചതല്ല. മറിച്ച് അഞ്ച് പതിറ്റാണ്ടായി അവർ ഈ തൊഴിൽ ചെയ്യുന്നു. തന്റെ കുടുംബം പട്ടിണി കിടക്കരുതെന്ന ഒറ്റ ആഗ്രഹം മാത്രമായിരുന്നു അതിന് പിന്നിൽ.  

പുലർച്ചെ നാല് മണിക്ക് അവർ കൊലാഘട്ടിൽ പോയി പച്ചക്കറികൾ മൊത്തമായി വാങ്ങും. തുടർന്ന് അതൊരു വണ്ടിയിൽ കയറ്റി, ചന്തയിൽ കൊണ്ട് പോയി വിൽക്കും. ഏകദേശം 48 വർഷം മുൻപാണ് താങ്ങും തണലുമായിരുന്നു അവരുടെ ഭർത്താവ് മരിക്കുന്നത്. ഭർത്താവിന്റെ തണലിൽ ജീവിച്ച അവർ പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു. ദിവസങ്ങളോളം ഭക്ഷണമില്ലാതെ അവരും മകനും കഴിഞ്ഞു. അന്ന് മകന് 16 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇങ്ങനെ കഴിഞ്ഞാൽ ഒടുവിൽ പട്ടിണി കിടന്ന് ചത്ത് പോകുമെന്ന് ലക്ഷ്മി ഭയന്നു. മകനെ പോറ്റാൻ അങ്ങനെയാണ് അവർ പച്ചക്കറി വിൽപ്പന ആരംഭിച്ചത്.

ചെറുപ്പകാലത്ത് ഒരുപാട് കഷ്ടപ്പെട്ടുവെന്ന് അവർ പറയുന്നു. ചില ദിവസങ്ങളിൽ, പ്രത്യേകിച്ച് അസുഖമൊക്കെ വരുമ്പോൾ വളരെ ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് അവർ പറഞ്ഞു. അന്നൊക്കെ ലക്ഷ്മി വീട് നടത്താനായി അസുഖവും വച്ച് പച്ചക്കറി വിൽക്കാൻ പോകുമായിരുന്നു. എങ്ങാൻ കിടന്ന് പോയാൽ വീട് പട്ടിണിയാകുമെന്ന് ലക്ഷ്‍മിയ്ക്ക് അറിയാമായിരുന്നു. എന്നാൽ, കുറച്ച് വർഷങ്ങൾക്ക് മുൻപ് അവളുടെ ഈ കഷ്ടപ്പാടുകൾ ശ്രദ്ധയിൽ പെട്ട എൻജിഒ ഹെൽപ്പ് ഏജ് ഇന്ത്യ അവരെ സഹായിക്കാനായി മുന്നോട്ട് വന്നു. പ്രായമായ സ്ത്രീകൾക്ക് വേണ്ടിയുള്ള അവരുടെ ESHG എന്ന പദ്ധതിയുടെ കീഴിൽ ലക്ഷ്മിയ്ക്കും ഒരു മെച്ചപ്പെട്ട ജീവിതം അവർ വാഗ്ദാനം ചെയ്തു.  

ലക്ഷ്മിയുടെ വീട്ടിൽ ഇപ്പോൾ അത്യാവശ്യം ഫർണിച്ചറുകളും ഒരു ടെലിവിഷൻ സെറ്റും ഉണ്ട്. എട്ട് വർഷം മുമ്പ് എൻ‌ജി‌ഒ അവരുടെ മകന് ഒരു ചായക്കട തുടങ്ങാൻ 40,000 രൂപ വായ്പയായി നൽകി. അതോടെ അവരുടെ സ്ഥിതി മെച്ചപ്പെടാൻ തുടങ്ങി. ഇന്ന് മകൻ ഗൗറിന് 64 വയസ്സുണ്ട്. തന്റെ അമ്മയെ കുറിച്ച് ഓർക്കുമ്പോൾ അവന് അഭിമാനം മാത്രമാണ് ഉള്ളത്. "അമ്മ എന്നെ മാത്രമല്ല, എന്റെ കുട്ടികളെയും പോറ്റി. എന്റെ മകളുടെ വിവാഹത്തിന് ആവശ്യമായ പണം അമ്മയാണ് നൽകിയത്. ഞങ്ങൾക്ക് ഒരു വീട് ഉണ്ടാക്കി, കടങ്ങളും തീർത്തു" ഗൗർ പറഞ്ഞു. ഗൗറിന്റെ മക്കളും ആവശ്യങ്ങൾ പറഞ്ഞ് സമീപിക്കുന്നത് ലക്ഷ്മിയെ തന്നെയാണ്. "മിക്ക കേസിലും, മകനാണ് വൃദ്ധയായ അമ്മയെ നോക്കുന്നത്. എന്നാൽ, എന്റെ അമ്മ ഒരിക്കലും എന്നെ ആശ്രയിച്ചിരുന്നില്ല. എന്റെ അമ്മ, ഒരു ഉരുക്കു വനിതയാണ്" ഗൗർ കൂട്ടിച്ചേർത്തു. ഇത്രയൊക്കെ കുടുംബത്തെ നോക്കിയില്ലേ, ഇനി അതൊക്കെ മതിയാക്കി വിശ്രമജീവിതം നയിച്ചുകൂടെ എന്ന ചോദ്യത്തിന് സമയമായിട്ടില്ലെന്നാണ് ലക്ഷ്മിയുടെ മറുപടി.  

(ചിത്രം പ്രതീകാത്മകം)

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ