
ചൈനയില്‍ ക്വിഖിഹാർ നഗരത്തിൽ സ്കൂള്‍ ജിംനേഷ്യത്തിന്‍റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്ന് വീണ് 11 പേര്‍ മരിച്ചു. മേല്‍ക്കൂരയില്‍ അനധികൃതമായി സാധനങ്ങള്‍ കുത്തി നിറച്ചതാണ് മേല്‍ക്കൂര തകരാന്‍ കാരണമെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ടെലഗ്രാഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. വടക്കുകിഴക്കൻ ചൈനയിലെ ഹീലോംഗ്‍ജിയാംഗ് (Heilongjiang) പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ക്വിഹാറിലെ ലോംഗ്ഷ ജില്ലയിലെ 34-ാം നമ്പർ മിഡിൽ സ്കൂളില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അപകടം. ഈ സമയം സ്കൂളിലെ വനിതാ വോളിബോള്‍ ടീം പരിശീലനം നടത്തുകയായിരുന്നെന്ന് പ്രദേശവാസികളിലൊരാള്‍ ചൈനാ യൂത്ത് ഡെയ്‍ലിയോട് പറഞ്ഞു.
വിദ്യാര്‍ത്ഥിനികള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നഗരത്തിന് പുറത്ത് മറ്റൊരു മത്സരം കഴിഞ്ഞ് സ്കൂളിലേക്ക് എത്തിയതേ ഉണ്ടായിരുന്നൊള്ളൂ. മരിച്ച കുട്ടികള്‍ പ്രായപൂര്‍ത്തിയായവരാണോയെന്ന് വ്യക്തമല്ല. ടീമിന്‍റെ പരിശീലകനും അപകടത്തില്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടം നടക്കുമ്പോള്‍ ജിംനേഷ്യത്തില്‍ 19 പേരുണ്ടായിരുന്നു. നാല് പേര്‍ രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 'സര്‍ക്കാര്‍ മാതാപിതാക്കളെ പിന്തുടരാന്‍ സര്‍ക്കാര്‍ പോലീസിനെ അയക്കുന്നു. എന്നാല്‍ തങ്ങളുടെ കുട്ടികള്‍ക്ക് എന്ത് പറ്റിയെന്ന് ചോദിച്ചാല്‍ അവര്‍ക്ക് മറുപടിയില്ല' ഒരു പിതാവ് സാമൂഹിക മാധ്യമങ്ങളിലെ വീഡിയോയില്‍ രോഷം കൊണ്ടു. അദ്ദേഹത്തിന്‍റെ 16 വയസുള്ള മകള്‍ സ്കൂള്‍ ബോളിബോള്‍ വനിതാ ടീമിലെ അംഗമാണ്.
'ഇത് നാണക്കേട്'; ബെംഗളൂരുവില്‍ 500 മീറ്റര്‍ ഓട്ടോ യാത്രയ്ക്ക് 100 രൂപ; ചേരി തിരിഞ്ഞ് നെറ്റിസണ്‍സ് !
സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ പൂർണ്ണമായും തകർന്ന മേൽക്കൂര കാണാം. വലിയ ക്രെയിനുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കഴിഞ്ഞ ആഴ്ചയൊടുവില്‍ ഈ മേഖലകളില്‍ അതിതീവ്ര മഴ പെയ്തതായി റിപ്പോര്‍ട്ടുണ്ട്. പിന്നാലെ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും കനത്ത നാശനഷ്ടങ്ങൾക്കും കാരണമായി. ജിംനേഷ്യത്തിനോട് ചേർന്നുള്ള കെട്ടിടത്തിന്‍റെ നിർമ്മാണത്തിനിടെ, തൊഴിലാളികൾ ജിംനേഷ്യത്തിന്‍റെ മേൽക്കൂരയിൽ ജലാംശം കൂടുതലുള്ളതും വെള്ളം ആഗിരണം ചെയ്യാൻ കഴിയുന്നതുമായ പെർലൈറ്റ് എന്ന ധാതു നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്നെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. മഴ പെയ്തപ്പോള്‍ പെർലൈറ്റ് വെള്ളം നിറഞ്ഞ് കുതിർന്ന് ഭാരം കൂടുകയും മേൽക്കൂര തകരുകയും ചെയ്താണ് അപകടത്തിന് കാരണമെന്നാണ് പ്രഥമിക വിലയിരുത്തല്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക