പാകിസ്ഥാനിൽ നിന്നെത്തിയ 11 ഹിന്ദു അഭയാർത്ഥികൾ ജോധ്പൂരിൽ മരിച്ച നിലയിൽ, ആത്മഹത്യയോ കൊലപാതകമോ?

Published : Aug 10, 2020, 12:22 PM ISTUpdated : Aug 10, 2020, 12:26 PM IST
പാകിസ്ഥാനിൽ നിന്നെത്തിയ 11  ഹിന്ദു അഭയാർത്ഥികൾ ജോധ്പൂരിൽ മരിച്ച നിലയിൽ,  ആത്മഹത്യയോ കൊലപാതകമോ?

Synopsis

ഇത് ആത്മഹത്യക്ക് പകരം കുടുംബത്തിലെ വൈരം കരണമുണ്ടായ കൂട്ടക്കൊല പോലും ആകാമെന്ന് പൊലീസ് പറയുന്നുണ്ട്. 

രാജസ്ഥാനിലെ ജോധ്പുർ ജില്ലയിൽ, പാകിസ്ഥാനിൽ നിന്ന് അഭയാർഥികളായി എത്തിച്ചേർന്ന് 2015 മുതൽ ദേച്ചു പൊലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ത ഗ്രാമത്തിൽ  കഴിഞ്ഞു പോന്നിരുന്ന ഒരു ഹിന്ദു കുടുംബത്തിലെ പതിനൊന്നു പേരെ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു . ഒരു കൃഷിയിടത്തിനു നടുവിൽ കൂരകെട്ടിത്തതാമസിച്ചു പോന്ന ഇവരെ, അതേ കുടിലിനുള്ളിലാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.  നാല് സ്ത്രീകൾ, അഞ്ചു കുട്ടികൾ, രണ്ടു പുരുഷന്മാർ എന്നിവർ അടങ്ങുന്ന കുടുംബം എങ്ങനെയാണ് ഒന്നിച്ച് അസ്വാഭാവികമായ രീതിയിൽ മരണപ്പെട്ടത്? എല്ലാവരുടെയും ദേഹത്ത് സിറിഞ്ചിന്റെ പാടും ശരീരത്തിൽ വിഷാംശം കലർന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. 

 

 

സംഭവ സ്ഥലത്തുനിന്ന് പൊലീസ് ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കുടുംബനാഥനായ ബോഡുറാമിന്റെ നഴ്‌സിംഗ് പരിശീലനം സിദ്ധിച്ചിട്ടുള്ള മകൾ ലക്ഷ്മി കുടുംബത്തിലെ മറ്റെല്ലാവർക്കും വിഷം കുത്തിവെച്ചുനൽകുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വെളിപ്പെട്ടിട്ടുള്ളത്. ഉത്കണ്ഠക്ക് കഴിക്കുന്ന Alprazolam എന്ന ഉറക്കഗുളികയുടെ ഒഴിഞ്ഞ സ്ട്രിപ്പുകളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിരുന്നു. അത്താഴം കഴിച്ച ശേഷം എല്ലാവർക്കും ആദ്യം ലക്ഷ്മി ഉറക്കഗുളിക നൽകി എന്നും, പിന്നീട് അവർക്ക് വിഷം കുത്തിവെച്ചു എന്നുമാണ് ഇപ്പോൾ കരുതപ്പെടുന്നത്. കുടുംബത്തിലെ മൂന്നു സ്ത്രീകൾക്കും, രണ്ടു പുരുഷന്മാർക്കും, അഞ്ചു കുട്ടികൾക്കും അവരുടെ കയ്യിൽ ആണ് സിറിഞ്ചിന്റെ പാടെങ്കിൽ, ലക്ഷ്മിക്ക് മാത്രം അത് കാലിലാണ്. ഇത് പൊലീസിന് പല സംശയങ്ങളും ഉണ്ടാക്കിയ ഒരു നിരീക്ഷണമാണ്. ഇത് ആത്മഹത്യക്ക് പകരം കുടുംബത്തിലെ വൈരം കരണമുണ്ടായ കൂട്ടക്കൊല പോലും ആകാമെന്ന് പൊലീസ് പറയുന്നുണ്ട്. അന്വേഷണം പുരോഗമിച്ചു വരുന്നതേയുള്ളൂ. 

കൃഷിയിടം ലീസിനെടുത്ത് അവിടെ കൃഷി ചെയ്തുകൊണ്ടിരുന്ന അവർ വിളവെടുപ്പ് വരെ അവിടെത്തന്നെ താമസിക്കാൻ തീരുമാനിച്ചതാണ് കുടിലുകെട്ടിയത്. ബോഡുറാമിന്റെ കുടുംബത്തിലെ ഒരാൾ, കേവൽ രാം മാത്രം മരിക്കാതെ രക്ഷപ്പെട്ടിട്ടുണ്ട്. ഇയാൾക്കും വിഷബാധ ഏറ്റിരുന്നു എങ്കിലും, അയാൾ മരിച്ചിട്ടില്ല. രാത്രി ഭക്ഷണം കഴിച്ച ശേഷം കുടിലിൽ കിടക്കാതെ, വിളകൾ കാലി തിന്നാതിരിക്കാൻ രാത്രി കാവലിന് പോയിരുന്നതിനാൽ കേവൽ റാമിന് മാത്രം ഇഞ്ചക്ഷൻ ഏറ്റിട്ടില്ല. അതാണ് അയാൾ രക്ഷപെടാൻ കാരണം. തിരിച്ചുവന്നപ്പോഴാണ് താൻ കുടുംബത്തിലെ എല്ലാവരും മരണപ്പെട്ട നിലയിൽ കണ്ടത് എന്ന് കേവൽ രാം പറയുന്നു. 

പാകിസ്ഥാനിലെ ഹിന്ദു ഗോത്രമായ ഭീൽ വിഭാഗത്തിൽ പെട്ടവരാണ് ഇവർ. കേവൽ റാമും സഹോദരനും പ്രദേശത്തെ ഒരേ കുടുംബത്തിൽ നിന്ന് അടുത്തിടെ വിവാഹം കഴിച്ചിരുന്നു എന്ന് വ്യക്തമായി. ബോഡുറാമിന്റെ നാലുപെണ്മക്കളിൽ ഒരാൾ, മുപ്പത്തെട്ടുകാരിയായ ലക്ഷ്മി പാകിസ്ഥാനിൽ വെച്ചുതന്നെ നഴ്‌സിംഗ് പരിശീലനം പൂർത്തിയായതാണ്. നാലു പെൺമക്കളിൽ രണ്ടു പേരെ ആൺമക്കൾ വിവാഹം കഴിച്ച കുടുംബത്തിലേക്ക് മാറ്റക്കല്യാണവും കഴിച്ചിരുന്നു. ഇവർ ആർക്കും തന്നെ ഇന്നുവരെ ഇന്ത്യൻ പൗരത്വം കിട്ടിയിട്ടില്ല എങ്കിലും എല്ലാവർക്കും ആധാർ കാർഡുകൾ ഉണ്ടായിരുന്നു എന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കുടുംബത്തിൽ നിരവധി വഴക്കുകൾ നടന്നിരുന്നു. അതിന്റെ പേരിൽ കേവൽ റാമിന്റെ ഒരു സഹോദരൻ തിരികെ പാകിസ്ഥാനിലേക്ക് പോവുകയുമുണ്ടായി. തന്റെ ഭാര്യവീട്ടുകാരാണ് ഈ മരണങ്ങൾക്ക് പിന്നിലെന്നും, അതേപ്പറ്റി അന്വേഷണം വേണമെന്നും കേവൽ രാം അവശ്യപ്പെട്ടു കഴിഞ്ഞു. 

ആത്മഹത്യ, കൊലപാതകം, കടക്കെണി, ദുർമന്ത്രവാദം തുടങ്ങിയ പല ആംഗിളുകളും പരിശോധിച്ചുകൊണ്ടുള്ള വിശദമായ പൊലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞതായി ജോധ്പുർ പൊലീസ് പറഞ്ഞു. പതിനൊന്നു മൃതദേഹങ്ങളുടെയും പോസ്റ്റ് മോർട്ടം നടത്താനും അതുവഴി കേസിന് എന്തെങ്കിലും തുമ്പുണ്ടാക്കാനുമുള്ള ശ്രമങ്ങൾ നടന്നുവരുന്നു. 
 

PREV
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!