ഓൺലൈൻ ക്ലാസുകളെത്താത്ത ​ഗ്രാമം, കുഞ്ഞുങ്ങൾക്ക് ക്ലാസെടുത്ത് പതിനൊന്നുകാരി

By Web TeamFirst Published Jul 6, 2021, 10:48 AM IST
Highlights

ഇങ്ങനെയൊരു സൗജന്യ ക്ലാസ് നടക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോള്‍ ഗ്രാമത്തിലെ മറ്റ് രക്ഷിതാക്കളും മക്കളെ ദീപികയുടെ ക്ലാസുകളിലേക്കയച്ച് തുടങ്ങി. പെട്ടെന്ന് തന്നെ കുട്ടികളുടെ എണ്ണം കൂടി. 

ഈ കൊവിഡ് മഹാമാരി ലോകത്തെയാകെ നിശ്ചലമാക്കിയിരിക്കുകയാണ്. തൊഴിലില്ലായ്മയും തൊഴിലെടുക്കാനാവാത്തതുമെല്ലാം മനുഷ്യരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നു. വിദ്യാര്‍ത്ഥികളുടെ കാര്യവും മറിച്ചല്ല. വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാതായതോടെ പഠനം അവതാളത്തിലായ നിരവധി കുഞ്ഞുങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. റേഞ്ചില്ലാത്തതും ഫോണില്ലാത്തതുമായ അനേകം കുഞ്ഞുങ്ങളാണ് വിദ്യാഭ്യാസത്തിന് പുറത്ത് നില്‍ക്കുന്നത്. 

ഖുത്നിയിലെ ചന്ദപാറ ഗ്രാമത്തിലുള്ള 7 -ാം ക്ലാസ് വിദ്യാർത്ഥിനി ദീപിക മിൻസ്, തന്റെ ഗ്രാമത്തിലെ ചെറിയ കുട്ടികളെ പഠിപ്പിക്കുന്ന ചുമതല ഏറ്റെടുത്തിരിക്കുകയാണ്. ലോക്ക്ഡൗണ്‍ കാലം ഈ കുട്ടികളുടെ പഠനത്തിന് തടസം സൃഷ്ടിക്കരുത്, അവര്‍ പിന്നോട്ടായിപ്പോകരുത് എന്ന് കരുതിയാണ് ദീപിക തന്നേക്കാള്‍ ചെറിയ ക്ലാസില്‍ പഠിക്കുന്ന കുട്ടികളെ സഹായിക്കുന്നത്. 

ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് എഴുതുന്നത് ഗ്രാമസഭയില്‍ നിന്നുള്ള പ്രോത്സാഹനത്തെ തുടര്‍ന്ന് മുതിര്‍ന്ന കുട്ടികള്‍ക്ക് കൂടി ക്ലാസെടുക്കാന്‍ ദീപിക ആലോചിക്കുന്നു എന്നാണ്. വയസിന്‍റെ അടിസ്ഥാനത്തില്‍ വിവിധ ബാച്ചുകളായി തരം തിരിച്ചാണ് കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്നത്. നിലവില്‍ 100 കുട്ടികള്‍ക്ക് ദീപിക ക്ലാസുകളെടുക്കുന്നുണ്ട്. ഇംഗ്ലീഷിലും കണക്കിലുമാണ് താഴെ ക്ലാസിലുള്ള കുട്ടികള്‍ക്ക് ദീപിക ക്ലാസ് എടുക്കുന്നത്. ഒപ്പം തന്നെ ഗ്രാമത്തിലെ മറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ എടുക്കുന്ന സ്വന്തം ക്ലാസുകളിലും അവള്‍ പങ്കെടുക്കുന്നു. 

'എന്റെ വീടിനു ചുറ്റും കുട്ടികൾ കളിക്കുന്നത് കാണുമ്പോഴെല്ലാം ഞാനോര്‍ക്കും, ഞാന്‍ തന്നെ സ്കൂളില്‍ പഠിപ്പിച്ച കാര്യങ്ങള്‍ മറന്നു തുടങ്ങി. അപ്പോള്‍ മറ്റ് ചെറിയ കുട്ടികൾ ഒരു വർഷമോ അതിൽ കൂടുതലോ ആയി സ്‌കൂളിൽ പോയിട്ട്. അപ്പോള്‍ അവരുടെ പാഠങ്ങൾ മറന്നു പോകില്ലേ എന്ന്. അതിനാൽ, ഞാൻ അവരോട് ചില ചോദ്യങ്ങൾ ചോദിച്ചു. അവർക്ക് അതിന് ശരിയായി ഉത്തരം നൽകാൻ കഴിഞ്ഞില്ല. പിന്നെ, ഞാൻ രണ്ട് വിദ്യാർത്ഥികളെ പഠിപ്പിക്കാൻ തുടങ്ങി. അതിലൊരാള്‍ സ്കൂളില്‍ ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു. മറ്റൊരാൾ രണ്ടാം ക്ലാസ്സിലും. മുറ്റത്ത് വച്ചാണ് ക്ലാസെടുത്തത്. ഞാന്‍ സ്കൂളില്‍ നേരത്തെ പഠിച്ച കാര്യങ്ങള്‍ അവര്‍ക്കും പറഞ്ഞുകൊടുത്തു.' ദീപിക ടിഎൻ‌ഐഇയോട് പറഞ്ഞു.

ഇങ്ങനെയൊരു സൗജന്യ ക്ലാസ് നടക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോള്‍ ഗ്രാമത്തിലെ മറ്റ് രക്ഷിതാക്കളും മക്കളെ ദീപികയുടെ ക്ലാസുകളിലേക്കയച്ച് തുടങ്ങി. പെട്ടെന്ന് തന്നെ കുട്ടികളുടെ എണ്ണം കൂടി. അപ്പോള്‍ സുഹൃത്തായ തന്നു സ്നേഹ ലാക്രയും അവള്‍ക്കൊപ്പം ക്ലാസുകളെടുക്കാന്‍ സഹായത്തിനെത്തി. ഗ്രാമത്തിലെ ഒരു മരത്തിനടുത്ത് ഗ്രാമസഭ നിര്‍മ്മിച്ച ഒരിടത്തേക്ക് ക്ലാസുകള്‍ മാറ്റി. ദീപിക തുടങ്ങി വച്ച ഈ ക്ലാസ് ഗ്രാമത്തിലെ മറ്റുള്ളവര്‍ക്കും പ്രചോദനമായിരിക്കുകയാണ്. സഹായത്തിന് മറ്റുള്ളവര്‍ കൂടി ഇപ്പോള്‍ അവള്‍ക്കൊപ്പമുണ്ട്. 

'എല്ലാ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്ന മനുഷ്യര്‍ക്കിടയില്‍ എന്‍റെ മകള്‍ പ്രതീക്ഷയുടെ ഒരു കിരണമാകുന്നതില്‍ വളരെയേറെ അഭിമാനമുണ്ട്. വളരെ പിന്നോക്കം നില്‍ക്കുന്ന ഒരു പ്രദേശമാണിത്. ഓണ്‍ലൈന്‍ ക്ലാസുകളൊന്നും പ്രാവര്‍ത്തികമല്ല. ദീപിക തുടങ്ങി വച്ചിരിക്കുന്ന ഈ പ്രവര്‍ത്തനം കൊണ്ട് കുട്ടികള്‍ വീണ്ടും പഠനത്തിലേക്ക് ശ്രദ്ധ തിരിക്കുന്നുണ്ട്' എന്ന് ദീപികയുടെ അച്ഛന്‍ പറയുന്നു.  

click me!