
ചൈനയിൽ വൈറലായി മാറിയിരിക്കയാണ് ഒരു 11 വയസുകാരൻ. അവന്റെ സ്നേഹത്തേയും കരുതലിനെയും പുകഴ്ത്തുകയാണ് ആളുകൾ. തനിക്ക് കിട്ടിയ കുഞ്ഞുകുഞ്ഞു തുകകൾ കൂട്ടിവച്ച് അവൻ ചെയ്ത കാര്യമാണ് ആളുകളുടെ അഭിനന്ദനം ഏറ്റുവാങ്ങുന്നത്. പ്രൈമറി സ്കൂൾ വിദ്യാർത്ഥിയായ അവൻ ആറ് മാസത്തേക്ക് തനിക്ക് കിട്ടിയ പോക്കറ്റ് മണി സൂക്ഷിച്ചുവച്ചു. ആ തുകയ്ക്ക് തന്റെ അമ്മയുടെ ജന്മദിനത്തിൽ ഒരു ജോഡി ഷൂസ് വാങ്ങി നൽകി. കടയുടമയുടെയും സോഷ്യൽ മീഡിയയിലൂടെ ദശലക്ഷക്കണക്കിനാളുകളുടെയും ഹൃദയങ്ങളെ സ്പർശിച്ചിരിക്കയാണ് ഈ സംഭവം.
വടക്കൻ ചൈനയിലെ ഹെബെയ് പ്രവിശ്യയിൽ നിന്നുള്ള ഈ 11 വയസുകാരൻ ഒരു ദിവസം ഷൂ വിൽക്കുന്ന ഒരു കടയിലേക്ക് ചെന്നു. അവന്റെ കൈയിൽ ഒരു യുവാൻ നോട്ടുകളുടെ ഒരു വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു. അത് കടയുടമയ്ക്ക് നൽകിക്കൊണ്ട് തന്റെ അമ്മയ്ക്ക് പറ്റിയ ഒരു ഷൂ വേണമെന്ന് അവൻ കടക്കാരനോട് ആവശ്യപ്പെട്ടു. തന്റെ അമ്മയുടെ പിറന്നാളിന് സമ്മാനമായി നൽകാനാണ് ഈ ഷൂവെന്നും അമ്മയുടെ പഴയ ഷൂ കീറിപ്പറിഞ്ഞ് തുടങ്ങി എന്നും കുട്ടി കടയുടമയോട് പറഞ്ഞു. ആകെ 200 യുവാനാണ് കുട്ടി കടയുടമയ്ക്ക് നൽകിയത്. കടയുടമ അവന് ഒരു വെള്ള സ്പോർട്സ് ഷൂ നൽകി. ഒപ്പം നല്ലൊരു തുക ഡിസ്കൗണ്ടും. 100 യുവാനിൽ താഴെ മാത്രമാണ് അവനിൽ നിന്നും കടയുടമ വാങ്ങിയത്.
സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ നെറ്റിസൺസ് അവനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഷാങ് എന്ന കുട്ടിയാണ് അത് എന്ന് പിന്നീട് കണ്ടെത്തി. എല്ലാ ആഴ്ചയും പ്രഭാതഭക്ഷണം വാങ്ങാനായി മുത്തശ്ശി നൽകിയ പണം കൂട്ടിവച്ചാണ് താൻ ഈ തുകയുണ്ടാക്കിയത് എന്ന് ഷാങ് പറയുന്നു. പിന്നീട്, അവന്റെ അമ്മ ആ ഷൂ ധരിച്ചുകൊണ്ടുള്ള ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. തന്റെ മകനോടും കടയുടമയോടുമുള്ള നന്ദിയും സ്നേഹവും അവർ അറിയിച്ചു.